വടശ്ശേരിക്കര: മകരവിളക്ക് ഉത്സവത്തിനായി നട തുറന്നതോടെ തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തന്മാരുടെ എണ്ണവും വര്‍ദ്ധിച്ചു. പ്രധാന ഇടത്താവളങ്ങളില്‍ ചില സമയങ്ങളില്‍ ഭക്തന്മാരുടെ ബാഹുല്യമുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികള്‍ അയ്യപ്പന്മാരെ ബാധിക്കുന്നുണ്ട്.
ഹോട്ടലുകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തത് വലിയ പരിമിതിയായി തുടരുന്നു. അയ്യപ്പന്മാര്ക്കു നല്കുന്ന ഭക്ഷണത്തിന് കൊളള വില ഈടാക്കുന്നുവെന്ന പരാതിയുമുണ്ട്. സുഗന്ധ ദ്രവ്യങ്ങള്‍ വില്‍ക്കുന്ന താല്‍ക്കാലിക സ്റ്റാളുകളില്‍ വില്‍ക്കുന്ന സാധനങ്ങളുടെ ഗുണനിലവാരത്തില്‍ സംശയമുണ്ട്. മാത്രമല്ല കുരുമുളക് ഏലം ഗ്രാമ്പൂ തുടങ്ങിയ സാധനങ്ങളുടെ വില അന്യ സംസ്ഥാന സ്വാമിമാരില്‍ നിന്ന് കൂടുതല്‍ ഈടാക്കുന്നുവെന്ന സംശയമുണ്ട്. ഇത്തരം താത്കാലിക സ്ഥാപനങ്ങളിലൊന്നും വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല.
രാത്രി കാലങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കേണ്ട അടിയന്തിര അവശ്യ സേവനങ്ങള്‍ ഇടത്താവളങ്ങളിലൊന്നും ലഭ്യമല്ല. രാത്രി കാലത്തു പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാത്തത് നിരവധി തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വടശേരിക്കര പോലുള്ള പ്രധാന ഇടത്താവളങ്ങളില്‍ പോലും രാത്രികാല മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല. അടിയന്തിരാവശ്യത്തിനുള്ള മരുന്നുകളും ഗുളികളും ലഭ്യമാകാതെ അയ്യപ്പന്മാര് ഏറെ ബുദ്ധിമുട്ടുകയാണ്.
റോഡുകളുടെ ശോച്യാവസ്ഥയാണ് മറ്റൊരു പ്രതിസന്ധി. പ്രാധാനപ്പെട്ട സമാന്തര റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. റാന്നിയില്‍ നിന്ന് ജണ്ടായിക്കല്‍ വഴി വടശേരിക്കരക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട പാതകളൊന്നും സഞ്ചാരയോഗ്യമല്ല. അടിക്കടി നേരിടുന്ന വൈദ്യതി തടസ്സമാണ് മറ്റൊരു പ്രതിസന്ധി. അസൗകര്യങ്ങള്‍ എന്തെല്ലാമുണ്ടെങ്കിലും അയ്യപ്പന്മാര് നിര്‍വിഘ്നം തീര്‍ഥാടനം നടത്തുന്നു എന്നത് മാത്രമാണ് ശുഭകരമായ കാര്യം.
മകരവിളക്കിന് ശബരിമല അയ്യപ്പസ്വാമിക്കു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളത്തുനിന്നു പുറപ്പെടാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പന്തളത്ത് അയ്യപ്പഭക്തരുടെ തിരക്കേറുന്നു. സംസ്ഥാനത്തു നിന്നുള്ളവര്‍ക്കു പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു തീര്‍ത്ഥാടകരാണ് ദിവസവും തിരുവാഭരണം ദര്‍ശിക്കാന്‍ എത്തുന്നത്. തീര്‍ത്ഥാടനക്കാലം തുടങ്ങി ആദ്യ ആഴ്ചകളില്‍ പൊതുവെ ഭക്തജനത്തിരക്ക് കുറവായിരുന്നു. മകരവിളക്ക് മഹോത്സവത്തിനായി നടതുറന്നതോടെ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും തിരുവാഭരണ മാളികയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങള്‍ കണ്ടു വണങ്ങാനും
അയ്യപ്പന്മാരുടെ നീണ്ടനിര ദൃശ്യമാണ്. തിരക്കിന് അനുസൃതമായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ദര്‍ശനം നടത്താനും കഴിയുന്നു. തിരുവാഭരണ മാളികയിലെ ദര്‍ശനത്തിനായുള്ള ഭക്തരുടെ നിയന്ത്രണം കുളനട സേവാഭാരതിയുടെ നേതൃത്വത്തിലാണ്. ഇതിനായി എല്ലാ ദിവസത്തേക്കും സന്നദ്ധപ്രവര്‍ത്തകരെ സേവാഭാരതി നിയോഗിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ദര്‍ശന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഭക്തര്‍ക്ക് സാനിറ്റൈസര്‍ അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ തിരുവാഭരണ മാളികയുടെ എല്ലാഭാഗങ്ങളും ആണു വിമുക്തമാക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: