ചണ്ഡീഗഢ്: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ലെന്ന പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുടെ അവകാശവാദത്തെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. മോദിയുടെ അകമ്പടിവാഹനം 20 മിനിറ്റ് നേരം ഫിറോസ്പൂരിലെ ഫ്ളൈ ഓവറില്‍ കുടുങ്ങിയപ്പോള്‍ പ്രധാനമന്ത്രി പാകിസ്ഥാനില്‍ നിന്നും വെടിയുതിര്‍ക്കാവുന്ന റേഞ്ചിനുള്ളിലായിരുന്നുവെന്ന് മനീഷ് തിവാരി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സുരക്ഷയെ മറ്റൊരാളുടെ സുരക്ഷയുമായി താരതമ്യം ചെയ്യാനാവില്ലെന്നും മനീഷ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രധാനമന്ത്രിയുടെ അകമ്പടി വാഹനം തടസ്സപ്പെട്ടപ്പോള്‍, പ്രധാനമന്ത്രി ഇന്തോ-പാക് അതിര്‍ത്തിയില്‍ നിന്നും കേവലം 10 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു. പൊതുവേ അതിര്‍ത്തിയില്‍ പാകിസ്ഥാന് ദീര്‍ഘദൂരശേഷിയുള്ള പീരങ്കികള്‍ വിന്യസിക്കാറുണ്ട്. ഇവയുടെ റേഞ്ച് 35-36 കിലോമീറ്റര്‍ വരെയാണ്.,’ – പ്രധാനമന്ത്രി മോദി പാകിസ്ഥാനില്‍ നിന്നുള്ള പീരങ്കികളുടെ ഫയറിംഗ് റേഞ്ചിനുള്ളിലായിരുന്നുവെന്ന സൂചന നല്കി മനീഷ് തിവാരി അഭിപ്രായപ്പെട്ടു.
‘അതിര്‍ത്തിയില്‍ നമ്മുടെ തോക്കുകളും വിന്യസിച്ചിട്ടുണ്ട്. പീരങ്കിയുടെ റേഞ്ച് 35-36 കിലോമീറ്ററോ അതിലധികമോ ആണ്. അതുകൊണ്ട് രാജ്യത്തെ പ്രധാനമന്ത്രിയെ മറ്റുള്ളവരുടെ സുരക്ഷയുമായി താരതമ്യം ചെയ്യുന്നത് എന്റെ മനസാക്ഷിയ്ക്ക് ഉചിതമായി തോന്നുന്നില്ല,’ മനീഷ് തിവാരി പറഞ്ഞു.
ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയില്ലായിരുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി അഭിപ്രായം പറഞ്ഞതിന് ഏതാനും മണിക്കുറുകള്‍ക്കകമാണ് അത് തള്ളി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ അഭിപ്രായപ്രകടനം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: