കൊല്ലം: ചരിത്രത്തെ വളച്ചൊടിച്ച് മുസ്ലീം വികാരം ആളിക്കത്തിച്ച് എംഇഎസ് വേദിയില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി. സ്വതന്ത്ര്യാനന്തരം പാകിസ്ഥാന് ഇസ്ലാമിക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടതുപോലെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഭാരതം ഒരു ഹിന്ദുത്വരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നുള്ള അതിശക്തമായ നിലപാടാണ് ആര്‍എസ്എസ്, ഹിന്ദുമഹാസഭ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സ്വീകരിച്ചതെന്ന് പ്രേമചന്ദ്രന് പറഞ്ഞു. നെഹ്റുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിച്ചിരുന്നതുകൊണ്ട് മാത്രമാണ് ഇന്ത്യ മതേതര ജനാധിപത്യ രാജ്യമായി രൂപപ്പെട്ടത്.
രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന ആശങ്ക ഇപ്പോള്‍ നിലനില്ക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട പ്രായത്തെ സംബന്ധിച്ച് സ്ത്രീസമത്വത്തിന്റെ പേരില്‍ ലക്ഷ്യം വയ്ക്കുന്നത് ഒരു പ്രത്യേകവിഭാഗത്തെയാണെന്നും പ്രേമചന്ദ്രന് ആരോപിച്ചു. നെഹ്റു ഏതെങ്കിലും മതവിഭാഗത്തിന് പിന്‍പറ്റുന്ന ആളായിരുന്നില്ലെങ്കിലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പരിപാലിക്കുന്ന കീഴ്വഴക്കം അദ്ദേഹം സൃഷ്ടിച്ചെടുത്തു.
രാജ്യത്തിന്റെ മതേതര ഘടനയെ മാറ്റാനാണ് പോകുന്നത്. ബോധപൂര്‍വം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്നും സാസ്കാരിക അധിനിവേശത്തിന്റെ ഭാഗമാണിതെന്നും പറഞ്ഞാണ് പ്രേമചന്ദ്രന് സദസ്സില്‍ ആശങ്ക ജനിപ്പിക്കാന്‍ ശ്രമിച്ചത്. എംഇഎസ് ജില്ലാ കമ്മറ്റി സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്വതന്ത്ര ഇന്ത്യയും നെഹ്റു കാലഘട്ടവും എന്ന പരിപാടിയിലായിരുന്നു എംപിയുടെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: