പാലക്കാട്: നെല്ലറയുടെ നാടിന്റെ അഭിമാനം, കൃഷിയെ അടുത്തറിഞ്ഞ് പാടങ്ങളിലിറങ്ങി പണിയെടുക്കുന്ന ഒരുവീട്ടമ്മ. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്കുന്ന കര്‍ഷകശ്രീ പുരസ്കാര ജേതാവായ എലപ്പുള്ളി മാരുതിഗാര്ഡനിലെ പി. ഭുവനേശ്വരി അമ്മക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട് ഈ മണ്ണില്‍. വെറും നാലേക്കര്‍ തരിശുഭൂമിയില്‍ ആരംഭിച്ച കൃഷി ഇന്ന് 24 ഏക്കര്‍ കൃഷിഭൂമിയായി മാറ്റിയതില്‍ നിന്നുതന്നെ അവരുടെ കഠിനാധ്വാനവും മണ്ണിനോടുള്ള സ്നേഹവും മനസിലാവും.
മണ്ണാര്‍ക്കാട് എടത്തുനാട്ടുകരയില്‍ ഒരു പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ ജനിച്ച ഭുവനേശ്വരി അമ്മക്ക് ചെറുപ്പംമുതലേ കൃഷിയോട് ഒരു ആരാധനയും വാസനയുമുണ്ടായിരുന്നു. അതുതന്നെയാണ് അവരെ കൃഷി വഴി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതും. പശുവളര്‍ത്തലില്‍ നിന്നാണ് തുടക്കം. ഇപ്പൊള്‍ പത്തേക്കറില്‍ നെല്‍കൃഷിയും ബാക്കിസ്ഥലത്ത് പച്ചക്കറിയും, മാവും, കവുങ്ങുമെല്ലാം കൃഷി ചെയ്യുന്നു. വെള്ളമില്ലാതെ മരുഭൂമിപോലെ കിടന്ന ഈ മണ്ണിനെ വിളച്ചില് ഭൂമിയാക്കി താന്‍ മാറ്റിയെന്ന് പറയുമ്പോള്‍ ആ അധ്വാനവും പ്രൗഢിയും അവരുടെ മുഖത്ത് കാണാം.
ജൈവപച്ചക്കറികളാണ് ഇവര്‍ കൃഷിചെയ്യുന്നത്. അത് ഇവരുടെ കൃഷിയുടെ മാറ്റുകൂട്ടുന്നു. ”ജീവിതശൈലീ രോഗങ്ങള്‍ വരുന്നത് തെറ്റായ ഭക്ഷണരീതി കാരണമാണ്. വിഷം വാങ്ങുക, പാകംചെയ്യുക, കഴിക്കുക ഇതാണ് ഇന്ന് വീടുകളിലും ഹോട്ടലുകളിലും നടക്കുന്നത്.” അവര്‍ പറയുന്നു.
എല്ലാറ്റിനും കൂട്ടായി കൈപിടിച്ച് എല്ലാ സഹായവും ചെയ്യുന്നത് തന്റെ കുടുംബമാണ്. അവരുടെ പിന്തുണയും പ്രചോദനവുമാണ് എന്നെ ഇതുവരെ എത്തിച്ചതും. ഭര്‍ത്താവ് റിട്ട. പ്രധാനാധ്യാപകന് വെങ്കിടാചലപതിയും മക്കളായ സജിത്ത്, സബിത്ത്, സബിത, അനി മരുമക്കളായ രശ്മി, ലിറ്റേഷ്യ, മാധവദാസ് ആണ് തന്റെ ശക്തിയും താങ്ങുമെന്ന് അവര്‍ പറയുന്നു.
”പത്താം ക്ലാസ് വരെ പഠിച്ച താന്‍ ഇന്ന് ഒരുപാട് കുട്ടികള്‍ക്ക് ജൈവകൃഷിയെക്കുറിച്ച് ക്ലാസെടുക്കുന്നു. അതെന്റെ വലിയ നേട്ടമായി കാണുന്നു.” കിട്ടുന്നതില്‍ പാതിയും ദാനം ചെയ്യുന്ന ഭുവനേശ്വരി അമ്മ നാട്ടുകാര്ക്ക്അന്നദേവിയാണ്. കൊവിഡുകാലത്ത് ദിവസവും പൊതിച്ചോറ് നല്‍കിയും, തളര്‍ന്നുകിടക്കുന്ന രോഗികളെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തിരുന്നു അവര്‍. ഇപ്പോഴും അത് തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: