ഒറ്റപ്പാലം: പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂര്‍ സംസ്കൃതി 2022 വര്‍ഷത്തില്‍ 2022 ഇലഞ്ഞി തൈകള്‍ നടുന്ന ‘ഇലഞ്ഞിപ്പൂമണം’ പദ്ധതിക്ക് തുടക്കം കുറിച്ചു. പാലപ്പുറം ലക്ഷ്മി നാരായണ വിദ്യാനികേതന്‍ കാമ്പസില്‍ സിനിമാതാരം ഉണ്ണി മുകുന്ദന് ആദ്യ ഇലഞ്ഞി തൈ നട്ട് പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്കൃതി 2013ല്‍ തുടക്കം കുറിച്ച ആല്മരത്തണല് പദ്ധതിയും തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളിലും മാവ്, പ്ലാവ്, വേപ്പ്, ഞാവല്‍ തൈകള്‍ നട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 2021 അശോക തൈകളാണ് നട്ടത്.
പരിസ്ഥിതി പ്രവര്‍ത്തന രംഗത്ത് വ്യത്യസ്തമായ ആശയങ്ങളുമായി ഒട്ടനവധി പ്രായോഗിക കര്‍മപദ്ധതികള്‍ നടപ്പിലാക്കി വരുന്ന സംസ്കൃതി, പ്ലാസ്റ്റിക്, മാലിന്യവിമുക്ത ശബരിമല എന്ന ലക്ഷ്യവുമായി ഐജി: പി. വിജയന് തുടക്കം കുറിച്ച പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ജന്മനക്ഷത്ര വൃക്ഷതൈ നടീല്‍ യജ്ഞത്തിനും തുടക്കം കുറിച്ചു. പുണ്യം പൂങ്കാവനം പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.എസ്. ജിതേഷ് ഉണ്ണി മുകുന്ദന് അദ്ദേഹത്തിന്റെ ജന്മനക്ഷത്ര വൃക്ഷമായ പ്ലാശിതൈ നല്കി ഉദ്ഘാടനം ചെയ്തു.
ലക്ഷ്മി നാരായണ ഗ്രൂപ്പ് ഓഫ് എജുക്കേഷന്‍ ഇന്സ്റ്റിറ്റിയൂഷന് ചെയര്മാന് കെ. രാമകൃഷണനും, മാനേജര്‍ കെ.ആര്. സന്ദീപ് നാരായണനും അവരുടെ ജന്മനക്ഷത്ര വൃക്ഷങ്ങള്‍ ഉണ്ണി മുകുന്ദന് വിതരണം ചെയ്തു. സംസ്കൃതി പ്രവര്‍ത്തകരായ യു.സി. വാസുദേവന്‍, രാജേഷ് അടക്കാപുത്തൂര്‍, കെ.ടി. ജയദേവന്, കെ. രാജന്, പുണ്യം പൂങ്കാവനം പ്രവര്‍ത്തകരായ പ്രസാദ് കരിമ്പുഴ, എ. ശിവദാസന്‍, എം.പി.പ്രകാശ് ബാബു പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: