തിരുവനന്തപുരം: ഭീകരതയ്ക്കും ഭീകരര്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാരിനും താക്കീതായി സംസ്ഥാനമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍. ആയിരക്കണക്കിന് ആളുകളാണ് ഓരോ പ്രദേശത്തും അണിനിരന്നത്. രണ്‍ജീത് ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും നന്ദുകൃഷ്ണയുടെയും ബിജുവിന്റെയുമടക്കമുള്ള ബലിദാനങ്ങളിലെ ജനവികാരം കൂടിയായി പ്രകടനങ്ങള്‍.
പോലീസിന്റെയും തീവ്രവാദ സംഘടനകളുടെയും ഇടതുമാധ്യമങ്ങളുടെയും കുപ്രചാരണങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് സ്ത്രീകളടക്കമുള്ള ജനങ്ങള്‍ കൂട്ടത്തോടെ ഭീകരതയ്ക്കെതിരേ അണിനിരന്നു. ഭീകര സംഘടനകളുടെ കേന്ദ്രങ്ങളെന്ന് പോലീസ് മുദ്ര ചാര്‍ത്തിക്കൊടുത്ത ഇടങ്ങളിലും കാവിക്കൊടിയേന്തി പ്രകടനങ്ങള്‍ നടന്നു.
സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ തുടരുന്ന ഭീകരാക്രമണങ്ങളോടുള്ള ജനങ്ങളുടെ അസഹനീയതയുടെ സ്വാഭാവിക പ്രതികരണത്തിനാണ് ഇന്നലെ കേരളത്തിലെ നഗര, ഗ്രാമകേന്ദ്രങ്ങള്‍ സാക്ഷ്യം വഹിച്ചത്.
സംസ്ഥാനത്ത് വിദേശ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മതഭീകര സംഘടനകള്‍ കലാപത്തിന് ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് വ്യാപകമായ ജനകീയ പ്രതികരണങ്ങള്‍ ഉയര്‍ന്നത്. സംസ്ഥാനത്താകെ 250 കേന്ദ്രങ്ങളിലായിരുന്നു പ്രകടനങ്ങള്‍.
സംസ്ഥാന വ്യാപകമായി പതിനായിരങ്ങള്‍ അണിനിരന്ന പ്രതിഷേധ പ്രകടനങ്ങള്‍ മതഭീകരതയ്ക്കെതിരായ ജനങ്ങളുടെ ശക്തമായ താക്കീതാണെന്നും ജനരോഷം സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു. ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ തീവ്രവാദ സംഘടനകളുടെ അനുവാദം വേണമെന്നാണ് സര്‍ക്കാര്‍ പോലും കരുതുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വ്യക്തമായിട്ടും ഭീകര സംഘടനകള്‍ക്കെതിരേ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ഐഎസ്, അല്‍ ഖ്വയിദ തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന രീതികളും മുദ്രാവാക്യങ്ങളുമാണ് പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ സ്വീകരിക്കുന്നത്. രാജ്യത്തിനു വേണ്ടി നിലകൊള്ളുന്നവരെ ഇല്ലാതാക്കാനുള്ള മത ഭീകരവാദികളുടെ ശ്രമങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. തീവ്രവാദത്തെ പ്രീണിപ്പിച്ചും ദേശസ്നേഹികളെ പീഡിപ്പിച്ചും ഭരണം നിലനിര്‍ത്താമെന്നാണ് ഇടതുസര്‍ക്കാര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: