രാജഭരണത്തില്‍ നിന്ന് ജനായത്തഭരണത്തിലേക്ക് മാറാന്‍ തിരുവിതാംകൂര്‍ സ്വതന്ത്രമായി നില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന കാലം. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള ദൗത്യം ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് 1947 ജൂലൈയില്‍ ഏല്‍പ്പിച്ചത് അഡ്വ. കെ. അയ്യപ്പന്‍പിള്ളയെയായിരുന്നു. പട്ടവും സഹപ്രവര്‍ത്തകരും അന്ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് പൂജപ്പുര ജയിലിലായിരുന്നു. അമ്മാവനായ അഡ്വ. ആര്. ഗോപാലപിള്ളയ്ക്കൊപ്പം ജയിലില്‍ എത്തിയ അയ്യപ്പന്‍പിള്ളയോട് പട്ടം തുറന്നടിച്ചു, ഇനി ഇന്ത്യന്‍ യൂണിയനില്‍ ചേരുക തന്നെ വേണം. തിരുവിതാംകൂറിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണ്.
ഇക്കാര്യം സഹപ്രവര്‍ത്തകരോട് പറയരുതെന്ന് അയ്യപ്പന്‍പിള്ള അഭ്യര്‍ഥിച്ചപ്പോള്‍ പി.എസ്. നടരാജപിള്ളയോടുമാത്രം പറയുമെന്ന് പട്ടം കൂട്ടിച്ചേര്‍ത്തു. അയ്യപ്പന്‍പിള്ള കൊട്ടാരത്തിലേക്ക് വിവരം കൈമാറി. ശ്രീചിത്തിര തിരുനാള്‍ കമ്പി സന്ദേശത്തിലൂടെ 1947 ജൂലൈ 28ന് തിരുവിതാംകൂര്‍ ലയനതീരുമാനം ദല്‍ഹിയെ അറിയിച്ചു. ഒപ്പുവച്ച കത്ത് വൈസ്രോയി മൗണ്ട്ബാറ്റന് പ്രഭുവിന്
അയയ്ക്കുകയും ചെയ്തു. അന്നുരാത്രിയിലാണ് സിപിക്ക് വെട്ടേറ്റത്. സിപി സ്ഥാനമൊഴിഞ്ഞ് 1947 ആഗസ്റ്റ് 19 ന് ഊട്ടിയിലേക്ക് പോയി. അയ്യപ്പന്‍പിള്ളയെ ശ്രീചിത്തിര തിരുനാള്‍ വീണ്ടുമൊരു ദൗത്യം ഏല്‍പ്പിച്ചു. അധികാര കൈമാറ്റത്തിനുമുന്‍പ് ഒഫിഷ്യേറ്റിങ്ങ് ദിവാനായി ജി. പരമേശ്വരന്‍പിള്ള, പി.ജി. ഉണ്ണിത്താന് എന്നിവരില്‍ ആരെ വേണമെന്ന് പട്ടത്തിന്റെ അഭിപ്രായമറിയാന്‍ ആയിരുന്നു നിര്‍ദ്ദേശം. പി.എസ്. നടരാജപിള്ളയുമായി ആലോചിച്ച് ഉണ്ണിത്താന്റെ പേര് പട്ടം നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇടക്കാല മന്ത്രിസഭാ രൂപീകരണത്തിലും പട്ടത്തിന്റെ അഭിപ്രായമറിയാന്‍ അയ്യപ്പന്‍പിള്ളയ്ക്ക് കൊട്ടാരത്തില്‍ നിന്നും വിളിയെത്തി. നിയമസഭാ അസംബ്ലി മണ്ഡലങ്ങള്‍ നിര്‍ണയിക്കാന്‍ റിഫോംസ് കമ്മിഷന് രൂപീകരിച്ചപ്പോഴും ശുപാര്‍ശകള്‍ നല്കാന് പി.എസ്. നടരാജപിള്ള, കളത്തില്‍ വേലായുധന് നായര്‍ എന്നിവര്‍ക്കൊപ്പം അയ്യപ്പന് പിള്ളയേയും പട്ടം ചുമതലപ്പെടുത്തി. 1948 മാര്‍ച്ച് 24ന് പട്ടംതാണുപിള്ള പ്രധാനമന്ത്രിയായും ടി.എം.വര്‍ഗീസ്, സി. കേശവന് എന്നിവര്‍ മന്ത്രിമാരായും ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭിന്നത രൂക്ഷമായി നിയമസഭയില്‍ വിശ്വാസ പ്രമേയത്തിന് നോട്ടീസ് വന്നപ്പോള്‍ അധികാരം നിലനിര്‍ത്താന്‍ വിലകുറഞ്ഞ നീക്കങ്ങള്‍ക്കു പോകാതെ രാജി നല്കാന് ഉപദേശിച്ചതും അയ്യപ്പന് പിള്ളയായിരുന്നു.
1948 ല്‍ തിരുവിതാംകൂറില്‍ ആദ്യ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിച്ചത് അയ്യപ്പന് പിള്ളയെ. അയ്യപ്പന്‍പിള്ള തിരുവനന്തപുരം നഗരസഭയിലും വാര്‍ഡ് കൗണ്‍സിലറായി. അറിയപ്പെടുന്ന അഭിഭാഷകനും ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ അദ്ദേഹം പിന്നീട് ബിജെപിക്കായി രംഗത്തിറങ്ങുകയായിരുന്നു. അതും മതിയാക്കി അദ്ദേഹം മടങ്ങി. ആരോടും വിദ്വേഷമില്ലാതെ, പരിഭവമില്ലാതെ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: