ന്യൂദല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ സര്‍വ്വനാശം വിതയ്‌ക്കുന്ന പദ്ധതിയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും റെയില്‍വെ ബോര്‍ഡ് പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനുമായ പി.കെ. കൃഷ്ണദാസ്. പരിസ്ഥിതി നാശം മാത്രമല്ല, പിറക്കാനിരിക്കുന്ന കുട്ടികള്‍ക്ക് കൂടി സില്‍വര്‍ ലൈന്‍ വന്‍സാമ്പത്തിക ബാധ്യതയാകും. പദ്ധതികൊണ്ട് താല്‍ക്കാലികമായെങ്കിലും ഗുണമുണ്ടാവുക സിപിഎമ്മിന് മാത്രമാണ്. ആയിരം കോടി രൂപയെങ്കിലും പദ്ധതി നടപ്പാക്കുന്നതിലൂടെ കമ്മീഷനായി സിപിഎമ്മിന് ലഭിക്കുമെന്നും അദ്ദേഹം ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കേന്ദ്രറെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതിനെക്കാള്‍ വലിയ ആശങ്കയാണ് കേന്ദ്രമന്ത്രിക്കുള്ളത്. പരിസ്ഥിതി നാശത്തിനുപുറമെ സാമ്പത്തിക ബാധ്യതയുള്‍പ്പെടെയുള്ള കാര്യങ്ങളിലെ ആശങ്കയും മന്ത്രി പങ്കുവെച്ചു.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് അനുയോജ്യമായ മൂന്നാമതൊരു ബദലിനെകുറിച്ച് കേരളം ആലോചിക്കണം.നിലവിലെ റെയില്‍വെ ലൈനിനൊപ്പം മൂന്നാമതൊരു ലൈന്‍ ഏര്‍പ്പെടുത്തി ഏറ്റവും കുറഞ്ഞ ചെലവില്‍ നടപ്പാക്കാവുന്ന ഗോള്‍ഡന്‍ ലൈന്‍ പദ്ധതി. ഈ പദ്ധതിയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കേരളം കേന്ദ്രത്തിന് സമര്‍പ്പിക്കണം. സില്‍വര്‍ ലൈനിനുവേണ്ടി ചെലവഴിക്കാനിരിക്കുന്നതിന്റെ പത്തിലൊന്ന് ശതമാനം തുകപോലും ഇതിനുവേണ്ടിവരില്ല.
പാരിസ്ഥിതികാഘാത പഠനമോ സാമൂഹികാഘാതപഠനമോ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് ഇതുവരെ നടത്തിയിട്ടില്ല. പദ്ധതിയുടെ ഡിപിആര്‍ സംസ്ഥാന സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചിരിക്കുകയാണ്. ജനങ്ങളെ ഭയക്കുന്നതുകൊണ്ടാണിത്. സര്‍വ്വകക്ഷിയോഗം വിളിക്കാനോ പദ്ധതി കാരണം കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രതിനിധികളുമായി സംസാരിക്കാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന വിശദീകരണങ്ങളും ചര്‍ച്ചകളും പ്രഹസനം മാത്രമാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പദ്ധതിക്കുവേണ്ടി കുടിയിറക്കപ്പെടുന്നവരോടുള്ള ക്രൂരമായ വഞ്ചനയാണ്. കേരളത്തിന് അനുയോജ്യമല്ലാത്ത പദ്ധതിയില്‍ നിന്ന് സംസ്ഥാനം പിന്മാറണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.
വി.ഡി. സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ് പിണറായിക്കുകീഴില്‍ ഉപമുഖ്യമന്ത്രിയാകുന്നതാണ് നല്ലതെന്ന് കൃഷ്ണദാസ് പറഞ്ഞു. മുഖ്യമന്ത്രിയും സര്‍ക്കാരും സിപിഎമ്മും ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഒപ്പം ചേരുകയാണ് സതീശനെന്നും കൃഷ്ണദാസ് പറഞ്ഞു.ന്യൂനപക്ഷമോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. ജോജോ ജോസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: