തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയായ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ തീരാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത, ജനസമക്ഷം സില്‍വര്‍ലൈന്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച ആവശ്യമുയര്‍ന്നത്. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാറും ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമാണ് ഇക്കാര്യം മുന്നോട്ടുവച്ചത്.
സില്‍വര്‍ ലൈനിന്റെ ഭാഗമായി നഷ്ടപരിഹാരം നല്‍കുന്നതിന് സമയ ക്ലിപ്തത വേണമെന്നും മുന്‍കൂര്‍ ഗ്യാരണ്ടി നല്കി ആശങ്ക പരിഹരിക്കണമെന്നും മലങ്കര കത്തോലിക്കാസഭ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കാത്തോലിക്കാ ബാവ അഭിപ്രായപ്പെട്ടു. മസ്ജിദുകളും ഖബര്‍സ്ഥാനുകളും സംരക്ഷിക്കണമെന്നും പദ്ധതിയുടെ ഭാഗമായി വനം നശിപ്പിച്ചുകൊണ്ട് ടൗണ്‍ഷിപ്പുകള്‍ പണിയുമെന്നതില്‍ ആശങ്കയുണ്ടെന്നും പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി അഭിപ്രായപ്പെട്ടു. വാടകകെട്ടിടങ്ങളില്‍ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും ജോലിനഷ്ടപ്പെടുന്നവര്ക്കും സഹായം വേണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രന് അറിയിച്ചത്.
ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയല് മാര്‍ ഗ്രിഗോറിയോസ്, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, തിരുവനന്തപുരം മെഡി. കോളേജ് ആര്‍എംഒ ഡോ. മോഹന്‍ റോയ്, സായിഗ്രാമം എക്സിക്യൂട്ടീവ് ഡയക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍, ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ. സി.വി. പ്രശാന്ത്, നര്‍ത്തകി ഡോ. നീന പ്രസാദ് തുടങ്ങിയവരും സംസാരിച്ചു. സംശയങ്ങള്‍ ഉന്നയിച്ചവര്‍ക്ക് കെ റെയില്‍ എംഡി വി. അജിത് കുമാര്‍ മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: