തിരുവനന്തപുരം: സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച മുഖ്യമന്ത്രി വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും പാക്കേജില്‍ വ്യാശ്വാസമര്പ്പിക്കാതെ പൊതുജനം. പദ്ധതി മൂലമുണ്ടാവുന്ന കടക്കെണിയെക്കുറിച്ചും പദ്ധതിവഴി നേടാനാവുന്ന വരുമാനത്തെക്കുറിച്ചും ഒരക്ഷരം സര്‍ക്കാര്‍ മിണ്ടിയില്ലെന്നത് ശ്രദ്ധേയം. കേരളത്തിന്റെ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥിതിയെയും തകര്‍ത്തെറിയുന്ന പദ്ധതിക്കെതിരായ എതിര്‍പ്പിനെ പുനരധിവാസ പ്രശ്നത്തിലേക്കു ലഘൂകരിക്കാനാണ് മുഖ്യമന്ത്രി പ്രസംഗത്തിലുടനീളം ശ്രമിച്ചത്.
ഭവനവും തൊഴിലും നഷ്ടപ്പെടുന്നവര്‍ക്ക് മോഹന വാഗ്ദാനങ്ങളാണ് പാക്കേജില്‍ പറയുന്നത്. എന്നാല്‍ മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയ പല പദ്ധതികള്‍ക്കും വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തവര്‍ നിരവധി പേരാണ്. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും മുന്‍കാല അനുഭവം മുന്നില്‍ നില്‍ക്കുകയാണ്.
വല്ലാര്‍പാടം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് ഇനിയും കിടപ്പാടം ലഭിച്ചിട്ടില്ല. ചെങ്ങറയിലും അരിപ്പയിലും അന്തിയുറങ്ങാന്‍ ഒരു തുണ്ടു ഭൂമിക്കുവേണ്ടി രാപ്പകല്‍ സമരം നടത്തുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ചെയ്തിട്ടും അവരുടെ പ്രശ്നം പരിഹരിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചിട്ടില്ല. പ്രളയ ദുരിതാശ്വാസ ഫണ്ടുപോലും സര്‍ക്കാരിന് ഇതുവരെ കൊടുത്തു തീര്‍ക്കാനായിട്ടില്ല.
വീടും കിടപ്പാടവും നഷ്ടപ്പെടുന്നവര്‍ക്ക് ലൈഫ് മാതൃകയില്‍ വീടുനല്‍കും എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം എത്രകണ്ട് ജനം വിശ്വസിക്കുമെന്നതിലും ആശങ്കയുണ്ട്. വീടിനുവേണ്ടി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്കി തദ്ദേശ സ്ഥാപനങ്ങള്‍ കയറിയിറങ്ങിയിട്ടും പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും വീതം വയ്ക്കുന്ന പ്രവണതയാണ് സംസ്ഥാനത്തുള്ളത്. ലക്ഷക്കണക്കിന് ഭവന രഹിതരാണ് ഇപ്പോഴും പട്ടികയില്‍ ഉള്‍പ്പെടാതെ പുറത്തുനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: