ബത്തേരി : വയനാടിന് വേണ്ടത് പുതിയ ഡാമുകളല്ല പകരം ബദല്‍ ജല പുനരുജ്ജീവനമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. വൃക്ഷ കവചങ്ങളുടെ ഉന്മൂലനം, രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം, ചതുപ്പുകളുടെയും നെല്‍വയലുകളുടെയും നാശം, അനധികൃത ഖനനം, കുന്നിടിക്കല്‍ തുടങ്ങിയവ തുടരുന്നു.വരള്‍ച്ച, പ്രളയം, കാലാവസ്ഥാ മാറ്റം തുടങ്ങിയ കാരണങ്ങളാലും മണ്ണ് വന്ധ്യമാവുകയും മരുവല്‍ക്കരണം ത്വരിതപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന വയനാട്ടില്‍ പുതിയ ജലപദ്ധതികളല്ല കാര്‍ഷിക സമൃദ്ധി നിലനിര്‍ത്താനുതകുന്ന പുതിയ ബദല്‍ ജലവിഭവ പുനരുജ്ജീവനമാണ് വേണ്ടതെന്ന് സമിതി പറഞ്ഞു.
ജല വിഭവ വകുപ്പ് ഇനി പദ്ധതികള്‍ തയ്യാറാക്കേണ്ടത് ഇതിനു വേണ്ടിയാവണം. തൊണ്ടാര്‍ചൂണ്ടാലിപ്പുഴ പദ്ധതികള്‍ നടപ്പിലാക്കുമെന്ന ജല വിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനം ജനവിരുദ്ധമാണ്. എന്തുവിലകൊടുത്തും തങ്ങളുടെ മണ്ണും വെളളവും സംരക്ഷിക്കുമെന്ന് ഈ പ്രദേശത്തെ ജനങ്ങള്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ടെന്ന വസ്തുത മന്ത്രി മനസ്സിലാക്കണം. കൃഷി വികസനത്തിന് വേണ്ടി അനേകായിരം കോടികള്‍ മുടക്കിയ ജലപദ്ധതികള്‍ ടൂറിസം വികസനത്തിലേക്ക് പരിമിതപ്പെടുത്തേണ്ട ദയനീയ അവസ്ഥയില്‍ നിന്നും സര്‍ക്കാറും സര്‍ക്കാര്‍ വിദഗ്ദരും പാഠമൊന്നും പഠിക്കാത്തത് ഖേദകരമാണ്.
കാവേരി ജലത്തില്‍ കേരളത്തിനുള്ള വിഹിതം ഉപയാഗിക്കുന്നതിനായി വയനാട്ടില്‍ പണിതീര്‍ത്ത രണ്ടു കൂറ്റന്‍ ജല പദ്ധതികളും അനേക കോടികള്‍ ധൂര്‍ത്തടിക്കാനും വയനാട്ടിന്റെ സാമൂഹ്യ പരിസ്ഥിതി സുസ്ഥിരത തകര്‍ക്കുന്നതിനുമല്ലാതെ മറ്റൊന്നിനും സാധിച്ചിട്ടില്ല. അര നൂറ്റാണ്ട് മുന്‍പ് അഞ്ചു കോടി രൂപ അടങ്കലില്‍ തുടങ്ങിയ കാരാപ്പുഴ പദ്ധതിക്കായി അയ്യായിരത്തില്‍പരം ഏക്കര്‍ നെല്‍വയല്‍ വെളളത്തില്‍ മുക്കിക്കളയുകയും ആദിവാസികള്‍ അടക്കം രണ്ടായിരത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും ഇതിനകം അയ്യായിരം കോടി രൂപ ചിലവഴിക്കകയും ചെയ്തിട്ടും ഒരു തുള്ളി വെള്ളം കൃഷിയാവശ്യത്തിന് നല്‍കാതെ ഇപ്പോള്‍ ടൂറിസം നടത്തിക്കൊണ്ടിരിക്കുകയാണ്.
പദ്ധതി തുടങ്ങി അരനൂറ്റാണ്ട് കഴിഞ്ഞ് 129 കിലോമീറ്റര്‍ കനാലില്‍ 25 കിലോമീറ്റര്‍ പൂര്‍ത്തിയായെന്നും 22 കിലോമീറ്റര്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും പറയുന്നത് അപമാനകരമാണ്. ഒരു തുള്ളി ജലവും ഉപയോഗിക്കാത്ത ജലസംഭരണി വിപുലമാക്കുന്നതിനും കനാല്‍ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി പറയുന്നത് ജനങ്ങളെ ഇളിഭ്യരാക്കുകയാണ്. വോട്ടു ചെയ്ത് ജയിപ്പിച്ച ജനം ഇത്രമേല്‍ കടുത്ത ശിക്ഷയും അവഹേളനവും അര്‍ഹിക്കുന്നുണ്ടോ എന്ന് ജനങ്ങള്‍തന്നെ പുനപരിശോധിക്കണം.
ബാണാസുര സാഗര്‍ അണകെട്ട് ഇന്നൊരു ജല ബോംബാണ്. മുപ്പതു ശതമാനം വെള്ളം കൃഷിയാവശ്യത്തിന് നല്‍കാമെന്ന് ഉറപ്പു നല്‍കിയാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ നിന്നും അനുമതിയും വേള്‍ഡ് ബാങ്കില്‍ നിന്ന് വായ്പയും കെഎസ്ഇബി. തരപ്പെടുത്തിയത്. പടിഞ്ഞാറത്തറ, വെള്ളമുണ്ട, പനമരം തുടങ്ങിയ പഞ്ചായത്തുകളിലെ ആയിരക്കക്കണക്കിന് കര്‍ഷകടുംബങ്ങളുടെ പേടിസ്വപ്‌നമാണീ ഡാമിന്ന്. വയനാടിന്റെ ജല ദൗര്‍ലഭ്യത പരിഹരിക്കാന്‍ വേണ്ടത്ര വെള്ളം കാരാപ്പുഴയിലും ബാണാസുര സാഗറിലും ഉണ്ടെന്നിരിക്കെ കര്‍ഷകരെയും ആദിവാസികളെയും കുടിയിറക്കിയും ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുക്കിയും ഊഹാതീത സാമൂഹ്യപരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ചൂണ്ടാലിപ്പുഴ തൊണ്ടാര്‍ പദ്ധതികള്‍ക്കായി ഭരണകൂടം ശ്രമിക്കുന്നത് മറ്റു ലക്ഷ്യങ്ങള്‍ ഉളളതുകൊണ്ടാണ്.
വരള്‍ച്ചയും മരുവല്‍ക്കരണവും പിടിമുറുക്കിക്കൊണ്ടിരിക്കുന്ന മുള്ളന്‍ കൊല്ലി പുല്‍പ്പള്ളി പഞ്ചായത്തിലെ കുടി വെള്ളത്തിനും കൃഷി വെള്ളത്തിനും ബാണാസുര സാഗറിലെയും കാരാപ്പുഴയിലെയും ഉപയോഗിക്കാത്ത വെള്ളം പൈപ്പുലൈനുകള്‍ വഴി സ്വാഭാവിക ഒഴുക്കിലൂടെ ഒരു വര്‍ഷം കൊണ്ട് എത്തിക്കാവുന്നതാണ്.
അതീവദുര്‍ബലമായ പരിസ്ഥിതി സംതുലനം നിലനില്‍ക്കുന്ന പ്രദേശമാണ് വയനാട്. വിവിധ കാരണമാല്‍ കര്‍ഷകരും കാര്‍ഷിക മേഘലയും പ്രതിസന്ധിയിലാണ്. ആദിമ ഗോത്രസമൂഹങ്ങള്‍ അനുദിനം നാശത്ത നേരിടുന്നു. ഇവരുടെയൊക്കെ ഏക ആശ്രയവും വയനാടന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലുമായ കാര്‍ഷിക മേഖലയുടെ ജലപുനരുജ്ജീവനം അത്യാവശ്യമാണ്. വയനാട്ടിലെ ഉപരിതല ജല വിഭവം വിവിധ കാരണങ്ങളാല്‍ നശിച്ചു കഴിഞ്ഞു.മണ്ണിനടിയിലെ ജലപാളികള്‍ രാസകൃഷി, വരള്‍ച്ച, പ്രളയം തുടങ്ങിയവ മൂലം അഞ്ചു ശതമാനമേ ശേഷിക്കുന്നുള്ളൂ. കേരളത്തിന്റെ ജലവിഭവമന്ത്രി സുസ്ഥിര ജല പുനരുജ്ജീവന യജ്ഞത്തിന് നേതൃത്വം നല്‍കണമെന്നാണ് വയനാട്ടുകാര്‍ ആഗ്രഹിക്കുന്നത് . യോഗത്തില്‍ എന്‍. ബാദുഷ അദ്ധ്യക്ഷന്‍. ബാബു മൈലമ്പാടി, പി.എം. സുരരഷ് , തോമസ്സ് അമ്പലവയല്‍ , സണ്ണി മരക്കടവ് , സി.എ. ഗോപാലകൃഷ്ണന്‍ ,എം.ഗംഗാധരന്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: