കൊല്ലം: കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന് ഒടുവില്‍ താലൂക്ക് ആസ്ഥാനത്ത് ഓഫീസ് തുടങ്ങി. ശാസ്താംകോട്ട പഴയ കോടതി ജംഗ്ഷനില്‍ മുന്‍പ് സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഓഫീസ് തുടങ്ങുന്നത്. 20 വര്‍ഷത്തിലധികമായി എംഎല്‍യായി തുടരുന്ന കോവൂര്‍ കുഞ്ഞുമോന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് കോവൂരുള്ള അദ്ദേഹത്തിന്റെ വസതിയില്‍ തന്നെ ആയിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഇത് തോപ്പില്‍മുക്കിലേക്ക് മാറ്റിയിരുന്നു.
തോപ്പില്‍ മുക്ക്, കുന്നത്തൂര്‍ മണ്ഡലത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ ചവറ നിയോജക മണ്ഡലത്തോട് ചേര്‍ന്ന സ്ഥലമാണ്. അതിനാല്‍ കുന്നത്തൂര്‍ മണ്ഡലത്തിന്റെ വടക്ക്- കിഴക്കന്‍ മേഖലകളില്‍ നിന്ന് എംഎല്‍എ ഓഫീസില്‍ എത്തേണ്ടവര്‍ക്ക് കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു. മണ്ഡലം പുനര്‍നിര്‍ണ്ണയം നടന്നപ്പോള്‍ കിഴക്കേകല്ലട, പവിത്രേശ്വരം, മണ്‍ട്രോതുരുത്ത് തുടങ്ങിയ പഞ്ചായത്തുകളും കുന്നത്തൂര്‍ മണ്ഡലത്തോടൊപ്പം ചേര്‍ത്തിരുന്നു. ഇതോടെ എംഎല്‍എ ഓഫീസ് താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിലേക്കോ മണ്ഡലത്തിലെ മറ്റൊരു പ്രധാന കേന്ദ്രമായ ഭരണിക്കാവിലേക്കോ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കുന്നത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കോവൂര്‍ കുഞ്ഞുമോനെ തീരുമാനിച്ചപ്പോള്‍ തന്നെ ഓഫീസ് മാറ്റവും മുന്നണിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഫീസ് മാറ്റാം എന്ന് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഓഫീസ് മാറ്റം പിന്നെയും വൈകി. സിപിഎം സമ്മേളനങ്ങളിലും വിഷയം വന്‍ചര്‍ച്ചയായി. അവസാനം സിപിഎം നേതാക്കള്‍ അന്ത്യശാസനം നല്‍കിയതോടെയാണ് ശാസ്താംകോട്ടയില്‍ ഓഫീസ് യാഥാര്‍ഥ്യമായത്. ഇന്നലെ രാവിലെ 9.30ന് കെ.സോമപ്രസാദ് എംപിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: