ലണ്ടന്‍: ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നെങ്കിലും പുതിയ നിയന്ത്രണങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തില്ലെന്ന് യുകെയിലെ ആരോഗ്യ മന്ത്രി സാജിദ് ജാവിദ്. യുകെയില്‍ റെക്കോഡ് പേര്‍ക്കാണ് ദിവസവും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിന ബാധിതര്‍ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. വ്യാപനം രൂക്ഷമാണെങ്കിലും അവസാന വഴിയായി മാത്രമേ കടുത്ത നിയന്ത്രണങ്ങളെ കാണുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
2021 ജനുവരിയില്‍ കടന്നുപോയ സാഹചര്യം ഇന്നില്ല. മരണനിരക്ക് താഴ്ന്ന് നില്ക്കുന്നു. ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനം മാത്രമാണ് മരണനിരക്ക്. കൊവിഡ് വാക്സിനുകളുടെ പ്രതിഫലനമാണിത്. നിയന്ത്രണങ്ങള്‍ കടുപ്പിക്കില്ലെന്നും പൗരന്മാര് കൊവിഡിനിടയിലൂടെ ജീവിക്കാന്‍ ശ്രമിക്കണമെന്നും സാജിദ് ജാവിദ് പറഞ്ഞു. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉടലെടുക്കുന്ന പശ്ചാത്തലത്തില്‍ വൈറസിനിടയിലൂടെ ജീവിക്കുക മാത്രമാണ് വഴി. സാധാരണ ജീവിതം ക്രമേണ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. യുകെയില്‍ ഇന്നലെ 1,90,000 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഒമിക്രോണ്‍ വ്യാപനം കൂടുതലുള്ള ഫ്രാന്‍സിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയാണ്. വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് കൊവിഡ് പോസിറ്റീവായാല്‍ ഏഴ് ദിവസം മാത്രം ക്വാറന്റൈന് മതിയാകും. നേരത്തെ പത്ത് ദിവസമായിരുന്നു ക്വാറന്റൈന്. അഞ്ച് ദിവസമാകുമ്പോള്‍ നെഗറ്റീവായാല്‍ ഏഴ് ദിവസം എന്നത് കുറയ്ക്കാമെന്നും ഫ്രാന്‍സ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവര്‍ വാക്സിന് മുഴുവന്‍ ഡോസും സ്വീരിച്ചാല് ക്വാറന്റൈന് ഒഴിവാക്കാമെന്നും അധികൃതര്‍ അറിയിച്ചു. വാക്സിനേഷന് കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. യുകെ കഴിഞ്ഞാല്‍ കൂടുതല്‍ ഒമിക്രോണ്‍ രോഗികളുള്ളത് ഫ്രാന്‍സിലാണ്. ഇന്നലെ ഒന്നര ലക്ഷത്തിലധികം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: