പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടറിയായി ചിറ്റൂര്‍ ഏരിയ കമ്മിറ്റി മുന്‍ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ഇ.എന്‍. സുരേഷ് ബാബുവിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്നുദിവസമായി പിരായിരി ഹൈടെക് കല്യാണമണ്ഡപത്തില്‍ നടന്ന സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
പാര്‍ട്ടി സംഘാടനാ ചട്ടപ്രകാരം മൂന്ന് ടേം പൂര്‍ത്തിയാക്കിയാണ് സി.കെ. രാജേന്ദ്രന് ഒഴിഞ്ഞത്. പി.കെ. ശശി വിഭാഗം മുന്‍ എംഎല്‍എ വി.കെ. ചന്ദ്രന്റെയും സി.കെ.ആര്. വിഭാഗം ഇ.എന്‍. സുരേഷ്ബാബുവിന്റെയും പേരാണ് നിര്‍ദേശിച്ചത്.
സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്കിടയില്‍ പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്നെങ്കിലും അവ സമവായത്തിലെത്തിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയനുതന്നെ ഇടപെടേണ്ടിവന്നു. ശനിയാഴ്ച രാത്രി മുഖ്യമന്ത്രി ജില്ലയിലെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തുകയും തെരഞ്ഞെടുപ്പ് ഒഴിവാക്കി സെക്രട്ടറിയെ സമവായത്തിലൂടെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇന്നലെ രാവിലെ ജില്ല കമ്മിറ്റിയും സെക്രട്ടറിയേറ്റും യോഗം ചേരുകയും സുരേഷ്ബാബുവിന്റെയും പേര് അംഗീകരിക്കുകയുമായിരുന്നു.
അതേസമയം, പുതുശ്ശേരി ഏരിയാ കമ്മിറ്റിയില്‍ ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനത്തില്‍ തോറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, കുഴല്‍മന്ദം ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എംഎല്‍എയുമായ കെ. ശാന്തകുമാരി, കണ്ണമ്പ്ര പാപ്കോസ് സ്ഥലമിടപാടില്‍ അഴിമതി നടത്തിയെന്ന് ആരോപിക്കപ്പെട്ട സ്ഥാനഭൃഷ്ടനായ സി.കെ. ചാമുണ്ണി എന്നിവര്‍ ഉള്‍പ്പെടെ 44 അംഗ ജില്ലാ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട എ. പ്രഭാകരനുപുറമെ കണ്ണമ്പ്ര ഭൂമിയിടപാടില്‍ കുറ്റാരോപിതനായ നിലവിലെ സെക്രട്ടറിയേറ്റംഗം സി.കെ. ചാമുണ്ണിയും ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 14 ജില്ലാ കമ്മിറ്റിയംഗങ്ങള്‍ ഒഴിവായി.
പി.പി. സുമോദ്, ഡിവൈഎഫ്ഐ നേതാവ് റിയാസുദ്ദീന്‍, കെ. നന്ദകുമാര്‍, എസ്. അജയ്കുമാര്‍, ടി.എം. ശശി, കെ.എസ്. സലീഖ, കെ.എന്‍. ഉണ്ണികൃഷ്ണന് തുടങ്ങി 14 പുതുമുഖങ്ങളാണ് കമ്മിറ്റിയില്‍ ഇടംനേടിയത്. അതേ സമയം പഴയ 14 പേരെ ഒഴിവാക്കുകയും ചെയ്തു. പുതുമുഖങ്ങള്‍ക്ക് പുറമെ നാല് വനിതാ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എസ്. കൃഷ്ണദാസ്, സി.ആര്. സജീവ്, കെ. കൃഷ്ണന്‍കുട്ടി, മുന്‍ എംഎല്‍എ ടി.കെ. നൗഷാദ്, കെ.സി. റിയാസുദ്ദീന്‍, കെ. പ്രേമന്, ആര്. ശിവപ്രകാശ്, കെ. നന്ദകുമാര്‍, വി. പൊന്നുകുട്ടുന്, പി.പി. സുമോദ് എംഎല്‍എ, എ. അനിതാനന്ദന്‍, കെ.എന്‍. സുകുമാരന്‍ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി കടന്നുവന്നവര്‍.
11 അംഗ ജില്ലാ സെക്രട്ടറിയേറ്റിനേയും യോഗം തെരഞ്ഞെടുത്തു. മുന്‍ ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്, ഇ.എന്‍. സുരേഷ്ബാബു, എംഎല്‍എമാരായ എ. പ്രഭാകരന്, പി. മമ്മിക്കുട്ടി, മുന്‍ എംഎല്‍എമാരായ കെ.എസ്. സലീഖ, വി. ചെന്താമരാക്ഷന്, വി.കെ. ചന്ദ്രന്, പി.കെ. ശശി, കെ.എന്‍. ഉണ്ണികൃഷ്ണന്, മുന്‍ എംപി എസ്. അജയകുമാര്‍, ടി.എം. ശശി എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍.
നിലവിലുണ്ടായിരുന്ന മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍, വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് എന്നിവര്‍ ഒഴിഞ്ഞു. സിപിഎമ്മിന്റെ പോഷകസംഘടനകള്‍ക്ക് കാര്യമായ പ്രാതിനിധ്യം ഉണ്ടായില്ലെന്ന പരാതിയുണ്ട്. സെക്രട്ടറിയേറ്റില്‍ സിഐടിയു മുന്‍ ജില്ലാ സെക്രട്ടറി എ. പ്രഭാകരന് മാത്രമാണുള്ളത്.
തുടര്‍ന്ന കോട്ടമൈതാനിയില്‍ നടന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മതാധിഷ്ഠിത രാജ്യമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇതിന് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ അടിസ്ഥാനമെന്ന കാര്യം ഇവര്‍ മറക്കുന്നു. ബിജെപിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുവാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നതാണ് നിര്‍ഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്, നേതാക്കളായ എം.കെ. ബാലന്, ഇ.പി. ജയരാജന്, കെ. രാധാകൃഷ്ണന്, കെ.കെ. ഷൈലജ, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: