ചാത്തന്നൂര്‍: ഗ്രാമ പഞ്ചായത്തിന്റെ പ്രധാന റോഡുകളിലും ഇടവഴികളിലും ചാക്കുകണക്കിനു മാലിന്യം നിറയുന്നു. പാതയോരങ്ങള്‍ കാടു പിടിച്ചു. ഒന്നുമറിയാതെ പഞ്ചായത്ത് ഭരണാധികാരികളും ഉദ്യോഗസ്ഥരും.
റോഡ് വശങ്ങള് കാടുപിടിച്ചതോടെ ജനങ്ങളുടെ കാല്‍നടയാത്ര പോലും ദുസ്സഹമായി. പാതയോരങ്ങളില്‍ മാലിന്യം കുന്നുകൂടി കിടക്കുന്നു. കാടുപിടിച്ചു കിടക്കുന്നിടത്താണ് ആളുകള്‍ക്ക് മാലിന്യം തള്ളുന്നത്. കനാലും തോടുകളും കുളങ്ങളുമടക്കമുള്ള ജലാശയങ്ങളും മാലിന്യങ്ങള്‍ നിറയുന്നു.
കനാലുകളെല്ലാം കാടു പിടിച്ച് കിടക്കുകയാണ്. കനാലുകളുടെ ഇരുവശങ്ങളിലും കുറ്റിക്കാട് നിറഞ്ഞിരിക്കുന്നത് കൊണ്ട് ചപ്പുചവറുകള്‍ മുതല്‍ അറവ് മാലിന്യങ്ങള്‍ വരെ കനാലിലേക്കാണ് നിക്ഷേപിക്കുന്നത്.
ഇതിനു പുറെമ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ചാക്ക് കണക്കിന് നിക്ഷേപിക്കുന്നു. കൂടാതെയാണ് കക്കൂസ് മാലിന്യം ടാങ്കുകളില്‍ കൊണ്ട് വന്ന് ഒഴുക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്ന മാലിന്യ പ്രശ്നം പരിഹരിക്കാന്‍ അധികാരികള്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ചാത്തന്നൂര്‍ പഞ്ചായത്തിലെ പ്രധാന ജല സ്രോതസും ചാത്തന്നൂര്‍ തൊടിന്റെ ഉത്ഭവ സ്ഥാനമായ കാരംകോട് ചിറ മാലിന്യങ്ങള്‍ നിറഞ്ഞ് ഉപയോഗ ശൂന്യമായി. ചാത്തന്നൂര്‍ തോടിന്റ അവസ്ഥയും ദയനീയമാണ്.
മാലിന്യം മൂലം തോട്ടില്‍ കുളിക്കുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട്. പോളച്ചിറ ഏലായിലാണ് തോട് ചെന്നുചേരുന്നത്. തോട്ടില്‍ പായലും ചെളിയും മാലിന്യവും നിറഞ്ഞ് കെട്ടി കിടക്കുന്നത് കൊണ്ട് ജലം തീര്‍ത്തും ഉപയോഗശൂന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: