തിരുവനന്തപുരം: മുട്ടത്തറ പരുത്തിക്കുഴി പ്രദേശങ്ങളിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിക്കുന്നതായി വിവരം. വടിവാള്‍, വെട്ടുകത്തി തുടങ്ങി നാടന്‍തോക്ക് വരെ സംഭരിക്കുന്നെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രദേശത്ത് അക്രമം നടത്താനുള്ള ലക്ഷ്യത്തിലാണ് ആയുധം ശേഖരിക്കുന്നതെന്നും പറയുന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ എസ്ഡിപിഐക്കാരന്റെ സഹോദരന്റെ വീട്ടില്‍ നിന്ന് നഗരസഭ ജീവനക്കാര്‍ ആയുധം കണ്ടെത്തിയത് ആയുധങ്ങള്‍ ശേഖരിക്കുന്നുവെന്ന വിവരത്തെ ബലപ്പെടുത്തുന്നു.
പരുത്തിക്കുഴി സിഎസ്ഐ പള്ളിക്ക് സമീപത്തെ എസ്ഡിപിഐക്കാരന്റെ ജ്യേഷ്ഠന് ഉബൈദിന്റെ വീട്ടില്‍ നിന്നാണ് ആയുധം കണ്ടെത്തിയത്. ഡെങ്കി പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ള ശുചീകരണത്തിനാണ് നഗരസഭ ജീവനക്കാര്‍ എത്തിയത്. ശുചീകരണത്തിനിടെ വീടിന് പുറത്തുവച്ചിരുന്ന ഉപയോഗശൂന്യമായ ഫ്രിഡ്ജ് തുറന്നപ്പോഴാണ് ആയുധം ഒളിപ്പിച്ചതുകണ്ടത്. നാലു വാളുകളും ഒരു കത്തിയുമാണ് ഫ്രിഡ്ജിനുള്ളില് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു വാള് പുതിയതും രണ്ടെണ്ണം പഴയതുമാണ്. ആയുധം കണ്ടയുടനെ നഗരസഭ ജിവനക്കാര്‍ ആയുധങ്ങളുടെ ചിത്രം മൊബെലില്‍ പകര്‍ത്തി നാട്ടുകാരില്‍ ചിലര്‍ വഴി പൂന്തുറ പോലീസില്‍ വിവരം നല്കി. തുടര്‍ന്ന് പരിശോധനയ്ക്കായി പോലീസ് എത്തിയെങ്കിലും ആയുധം കണ്ടെത്താനായില്ല. പോലീസില്‍ വിവരം നല്‍കിയതിലുളള കാലതാമസമാണ് ആയുധം കണ്ടെടുക്കുന്നതിന് പോലീസിന് തടസ്സമായത്.
നഗരസഭ ജീവനക്കാര്‍ അവരുടെ ജോലി പൂര്‍ത്തിയാക്കിയ ശേഷമാണ് വിവരം നാട്ടുകാരെ ധരിപ്പിക്കുന്നത്. തുടര്‍ന്നാണ് നാട്ടുകാര്‍ പോലീസിന് വിവരം കൈമാറിയത്. ഇതിനിടയില്‍ ഫ്രിഡ്ജിനുള്ളില് നിന്നും ആയുധങ്ങള്‍ അപ്രത്യക്ഷമാവുകയായിരുന്നു. മറ്റൊരു ഒളിത്താവളത്തിലേക്ക് മാറ്റിയതാകാമെന്ന് കരുതുന്നു. ആയുധങ്ങള്‍ പോലീസിന് കണ്ടെത്താന്‍ കഴിയാത്തതോടെ മനഃപൂര്‍വം ആയുധങ്ങള്‍ കൊണ്ടുവന്ന് വച്ച് ഫോട്ടോയെടുത്ത് കുടുക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തിയതെന്ന് ആരോപിച്ച് ഉബൈദ് പോലീസിനോട് തട്ടിക്കയറി. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ടതോടെ ഉബൈദിന്റെ വാദം പൊളിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഉബൈദിനെ മുന്‍കരുതലെന്ന നിലയില്‍ കസ്റ്റഡിയിലെടുത്ത് കേസ് എടുത്ത ശേഷം ആയുധം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. മൂന്നുമാസം മുമ്പ് ബീമാപള്ളി പുത്തന്‍പാലത്ത് നിന്നുമാണ് ഉബൈദും കുടുംബവും ഇവിടെ എത്തിയത്. ഉബൈദിന്റെ അനുജന് എസ്ഡിപിഐക്കാരനാണ്. പ്രദേശത്ത് അക്രമം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഉബൈദിന്റെ സഹോദരന് വഴി ആയുധം സൂക്ഷിച്ചിരുന്നതെന്നാണ് ആരോപണം. മാത്രമല്ല ആയുധം കണ്ടെത്തിയ വീട് ആര്‍എസ്എസ് ശാഖാ നടത്തുന്നതിന്റെ സമീപത്താണ്. ശാഖ നടക്കുന്ന സമയത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടാണ് ആയുധം പെട്ടെന്ന് എടുക്കാവുന്ന വിധത്തില്‍ വീടിന് പുറത്ത് ഒളിപ്പിച്ചിരുന്നതെന്നും പറയുന്നു. നേരത്തേ ബീമാപള്ളി ചുറ്റപ്പെട്ട പരുത്തിക്കുഴി, പുത്തന്‍പള്ളി, പള്ളിത്തെരുവ് തുടങ്ങിയിടങ്ങളില്‍ എസ്ഡിപിഐക്കാരുടെ വീടുകളില്‍വരെ ആയുധ ശേഖരണം നടക്കുന്നെന്ന ആരോപണം ഉയര്‍ന്നെങ്കിലും ഇതു സംബന്ധിച്ച് അന്വേഷണം ഉണ്ടായില്ല. ഇത്തരത്തില്‍ ഒളിപ്പിച്ചുവച്ചിരുന്ന ആയുധങ്ങള്‍ നഗരസഭ ജീവനക്കാര്‍ കണ്ടതോടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താനാണ് പോലീസ് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: