Categories: Varadyam

വിശ്വഭാഷയാവട്ടെ സംസ്‌കൃതം

ഡോ. ലക്ഷ്മി വിജയന്‍ വി.ടി

കര്‍ണ്ണാടക സംസ്‌കൃത യൂണിവേഴ്‌സിറ്റി ഡീനും ആക്ടിങ് വൈസ്ചാന്‍സലറുമായിരുന്നു പ്രൊഫ. ശ്രീനിവാസ വരഖേഡി. അവിടെ നിന്ന് 2017-ല്‍ വരഖേഡി നാഗ്പൂര്‍, കാളിദാസ സംസ്‌കൃത യൂണിവേഴ്‌സിറ്റിയുടെ വിസി ആയി. ഇപ്പോള്‍ ഗഡ്ചിരോലിയിലെ ഗോംഡ്‌വാന യൂണിവേഴ്‌സിറ്റിയുടെ ആക്ടിങ് വിസിഎന്ന അധിക ചുമതലകൂടി നിര്‍വ്വഹിക്കുന്നു. അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനായ അദ്ദേഹം നാക് ടീമിന്റെ ഭാഗമായും പ്രവര്‍ത്തിച്ചുവരുന്നു.

  • സംസ്‌കൃത പഠനത്തിന്റെ ബൗദ്ധിക മേധാവിത്വം ഏറ്റെടുത്തിരുന്ന ഒരു ഭൂതകാലം കേരളത്തിനുണ്ടായിരുന്നു. എന്നാലിന്ന് സംസ്‌കൃതത്തെ അവഗണിക്കുന്നവരാണ് അധികവും. സംസ്‌കൃതം പഠിക്കാനും മനസ്സിലാക്കാനുമാഗ്രഹിക്കുന്നവരോ സംസ്‌കൃതത്തെ സ്‌നേഹിക്കുന്നവരോ കുറവാണ്. എന്താവാം ഈ അവസ്ഥയ്‌ക്കു കാരണമെന്താണ്

ഞാന്‍ ഭാരതത്തിലെ എല്ലാ സംസ്‌കൃത സര്‍വ്വകലാശാലകളിലും പോയിട്ടുണ്ട്. ഏകദേശം എല്ലാ ജനറല്‍ യൂണിവേഴ്‌സിറ്റികളുടെയും സംസ്‌കൃതം ഡിപ്പാര്‍ട്ടുമെന്റുകളും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അതുകൂടാതെ സംസ്‌കൃത ഭാരതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും മറ്റ് സംഘടനകള്‍ വഴിയും പൊതുജന പക്ഷത്തുനിന്ന് സംസ്‌കൃതത്തിന്റെ ഇന്നത്തെ സാഹചര്യത്തെ വിലയിരുത്തിയിട്ടുമുണ്ട്.

ഒരു തരത്തില്‍ നോക്കിയാല്‍ സംസ്‌കൃത സ്ഥാപനങ്ങള്‍ ഒരു ധ്രുവീകരണത്തിന്റെ തലത്തിലേക്കാണ് പോകുന്നത്. ഒരു കാലത്ത് സംസ്‌കൃത പഠനം നിലനിന്നിരുന്നത് ക്ഷേത്രകേന്ദ്രീകൃതമായിട്ടായിരുന്നു. പിന്നീടത് സ്‌കൂള്‍ തലത്തിലേക്കെത്തി. അവിടെനിന്ന് പതുക്കെ സംസ്‌കൃത കോളേജ് എന്ന രീതിയിലേക്ക് മാറി. സംസ്‌കൃത കോളേജുകള്‍ പിന്നീട് മോഡല്‍ സംസ്‌കൃതം ഡിപ്പാര്‍ട്ടുമെന്റുകളായി മാറ്റപ്പെട്ടു. അതോടെ സംസ്‌കൃത കോളേജുകള്‍ ഇല്ലാതാവാന്‍ തുടങ്ങുകയും, സംസ്‌കൃത ഡിപ്പാര്‍ട്ടുമെന്റുകള്‍ സമ്പുഷ്ടമാവുകയും ചെയ്തു. പതുക്കെപ്പതുക്കെ സംസ്‌കൃത വകുപ്പുകള്‍ ക്ഷയിക്കാനാരംഭിച്ചു. അതിനിടെ സംസ്‌കൃത സര്‍വ്വകലാശാലകള്‍ നിര്‍മ്മിക്കപ്പെട്ടു. ആ സംസ്‌കൃത യൂണിവേഴ്‌സിറ്റികളിപ്പോള്‍ സെന്‍ട്രല്‍/സ്റ്റേറ്റ് സംസ്‌കൃത സര്‍വ്വകലാശാലകളായി മാറാന്‍ തുടങ്ങിയിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ സംസ്‌കൃതം വളരെ ചുരുങ്ങിയ ചിലയിടങ്ങളില്‍ മാത്രമായി ഒതുങ്ങി. എന്നാല്‍ ഇതായിരുന്നില്ല ഭാരതത്തില്‍ മുന്‍പുണ്ടായിരുന്ന അവസ്ഥ. സംസ്‌കൃതം വ്യാപിച്ചുകിടക്കുന്നതായിരുന്നു. ഇപ്പോള്‍ സംസ്‌കൃത പഠനം ധ്രുവീകരിക്കപ്പെട്ടു. അതായത് ഇപ്പോള്‍ അത് ഓരം ചേര്‍ക്കപ്പെട്ടു. സ്വാഭാവികമായും സംസ്‌കൃത പ്രേമികള്‍ക്ക് ഇത്തരം കേന്ദ്രങ്ങളെ അനായാസമായി സമീപിക്കാന്‍ സാധിക്കുന്നില്ല.

  • ഓരം ചേര്‍ക്കപ്പെട്ടു എന്ന് പറയുമ്പോള്‍ അത് സംസ്ഥാനത്തെ സംബന്ധിച്ചാണോ അതോ വ്യക്തി കേന്ദ്രീകൃതമെന്നാണോ?

 ഒരിക്കലും വ്യക്തികേന്ദ്രീകൃതമെന്നല്ല. ഓരോ ഭരണകൂടങ്ങള്‍ക്കും അവയുടേതായ വ്യത്യസ്ത മാനങ്ങളുണ്ട്. ഉദാഹരണത്തിന് 20 സംസ്ഥാനങ്ങള്‍ക്ക് ഇന്ന് സംസ്‌കൃത സര്‍വ്വകലാശാലകള്‍ ഉണ്ട്. എന്നാല്‍ ആരംഭിച്ചതിന് ശേഷം ഭരണകൂടം അവയ്‌ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ല. കേരളത്തെ അതിലുള്‍പ്പെടുത്താനാവില്ല. കേരളം ഒരു നല്ല സംസ്ഥാനമാണ്. ഇവിടെ ധാരാളം ഫണ്ടും നല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്കാകട്ടെ വേണ്ടത്ര ധനസഹായം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ അവിടുത്തെ സ്ഥാപനങ്ങള്‍ വികസിക്കുന്നില്ല. ഒരുവശത്ത് സംസ്‌കൃതം ഡിപ്പാര്‍ട്ടുമെന്റുകളും സംസ്‌കൃതം കോളേജുകളും ഇല്ലാതാവുകയും സംസ്‌കൃത സര്‍വ്വകലാശാലകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. അവിടെ ഒരു സംസ്ഥാനത്തിന് ഒരു സ്ഥാപനമെന്ന രീതിയിലേക്ക് മാറ്റപ്പെട്ടു. എന്നാലിന്ന് കേന്ദ്ര സര്‍വ്വകലാശാലകള്‍ വരുന്നു. ഒന്ന് വടക്ക്, ഒന്ന് തെക്ക് അങ്ങനെയങ്ങനെ. കേന്ദ്രഗവണ്‍മെന്റ് അവയ്‌ക്ക് ധാരാളം സഹായങ്ങളും നല്‍കുന്നുണ്ട്; ഒരുപാട് അടിസ്ഥാന സൗകര്യങ്ങളും അനുവദിക്കുന്നു. അതിനാലിനി സംസ്ഥാന സര്‍വ്വകലാശാലകള്‍ അധഃപതിക്കാന്‍ തുടങ്ങും എന്നതാണ് യാഥാര്‍ത്ഥ്യം. കുട്ടികള്‍ കേന്ദ്രസര്‍വകലാശാലകളിലേക്ക് ഒഴുകാനും തുടങ്ങും. ഒരു ഗ്രാമത്തിലെ കോളേജില്‍ പഠിക്കുന്ന ഒരു സാധാരണക്കാരിക്ക് ഒരുപക്ഷേ ദല്‍ഹിയിലേക്കോ തിരുപ്പതിയിലേക്കോ പോവുക എന്നത് ചിന്തിക്കാന്‍ സാധിക്കില്ല. അപ്പോള്‍ സംഭവിക്കുന്നത്, ശരിക്കും സംസ്‌കൃതം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് പഠിക്കാനുള്ള അവസരങ്ങള്‍ നഷ്ടമാകും.

  • ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്‌കൃതത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു.സര്‍വ്വകലാശാലകളുടെ ഈ നവീകരിച്ച സെന്‍ട്രല്‍ സംവിധാനവും നിലവില്‍ വരുന്നു. സംസ്‌കൃതത്തിന് ഗതകാലപ്രൗഢി വീണ്ടെടുക്കാനാവുമെന്ന് കരുതാമോ?

അഞ്ച് വര്‍ഷമായി ഞാനീ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. എച്ച്ആര്‍ഡി മന്ത്രാലയം, മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായിരുന്ന എം. ഗോപാലസ്വാമിയെ ചെയര്‍മാനാക്കി ‘വിഷന്‍ ആന്റ് റോഡ് മാപ്പ് ഫോര്‍ സംസ്‌കൃത് ഡെവലപ്‌മെന്റ്’ എന്ന ഒരു കമ്മിറ്റിക്ക് രൂപം നല്‍കി. ഞാനുള്‍പ്പെടെ നാലുപേരായിരുന്നു അതിലുണ്ടായിരുന്നത്. ങ്ങള്‍ തയ്യാറാക്കിയത് ആക്ഷന്‍ പ്ലാനായിരുന്നു. എന്തൊക്കെ ചെയ്യണം എന്ന് അക്കമിട്ട് നിരത്തിയിട്ടുണ്ട്. അതിലെ ബുള്ളറ്റ് പോയിന്റ്‌സ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ ആരംഭിച്ചിരിക്കുന്നു.

അടുത്ത പത്തുവര്‍ഷം ഈ ആക്ഷന്‍ പ്ലാന്‍ പ്രാവര്‍ത്തികമാക്കിയാല്‍ സംസ്‌കൃതത്തിന് മാത്രമല്ല മറ്റ് പ്രാദേശിക ഭാഷകള്‍ക്കും ശോഭനമായ ഭാവിയുണ്ടാകും. അല്ലാതെ മറ്റൊരു തരത്തിലും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ഭാരതീയതയെ കൊണ്ടുവരാനാകില്ല. ഈ പടവുകള്‍ കയറാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ ഓരോന്നോരോന്നായി ആ ആക്ഷന്‍ പ്ലാനുകളെ പ്രായോഗികമാക്കാന്‍ ആരംഭിച്ചിട്ടുണ്ട്. അതേക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചപ്പോള്‍, എതിര്‍പ്പുകളൊന്നും ഉണ്ടായില്ലെന്നത് നല്ല സൂചകമാണ്. സര്‍ക്കാര്‍ സ്‌കീമുകള്‍ക്കുമാത്രം സംസ്‌കൃതത്തെ പ്രമോട്ടുചെയ്യാനാവില്ല. അതൊരു പിപിപി മോഡലില്‍ ആയിരിക്കണം-പബ്ലിക്, പ്രൈവറ്റ്, പാര്‍ട്ടിസിപ്പേഷന്‍. റോഡുകള്‍ ഉണ്ടാക്കുമ്പോള്‍ സര്‍ക്കാരും സമൂഹവും സ്വകാര്യകമ്പനികളും ഭാഗഭാക്കാവുന്നു. സംസ്‌കൃത വിദ്യാഭ്യാസത്തിന്റെയും പ്രമോഷന്‍ അതുപോലെയാകണം. പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷനോ, പബ്ലിക് പാര്‍ട്ടിസിപ്പേഷനോ മാത്രം ഉപകരിക്കില്ല; ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.

  • കേന്ദ്രീയ വിദ്യാലയങ്ങളില്‍ ആറാം ക്ലാസുമുതല്‍തന്നെ സംസ്‌കൃതം പഠിക്കുന്നു. പക്ഷേ, സിലബസ് ഒട്ടുംതന്നെ യൂസര്‍ഫ്രണ്ട്‌ലി അല്ല. ആദ്യപാഠത്തിലെ ആദ്യ വാക്കുതന്നെ ‘ബലീവര്‍ദഃ’ എന്നാണ്. സിലബസ്സില്‍ ഒരു മാറ്റം വരുത്താന്‍ എന്തെങ്കിലും ചെയ്യാനാകുമോ.

 അത് ഒരു നല്ല നിര്‍ദ്ദേശമാണ്. ഞാന്‍ മാതാ, പിതാ എന്ന വാക്കുകള്‍പോലും നിര്‍ദ്ദേശിക്കില്ല. അതുപോലും ക്ലിഷ്ടമാണെന്നേ ഞാന്‍ പറയൂ. ‘മാതാ-മാതരൗ-മാതരഃ’ അല്ലെങ്കില്‍ ‘പിതാ-പിതരൗ-പിതരഃ’ എന്നത് പഠിക്കാന്‍ ബുദ്ധിമുട്ടാണ്. അകാരാന്തത്തില്‍ ആരംഭിച്ചാല്‍ കൂടുതല്‍ എളുപ്പമാകും. പിതാ എന്നതിന് പകരം ‘ജനകഃ-ജനകൗ-ജനകാഃ’ എന്ന ‘ജനക’ശബ്ദം, ‘ബാല’ശബ്ദം പോലെത്തന്നെയായതിനാല്‍ എളുപ്പത്തില്‍ പഠിക്കാനാകും.

ഇംഗ്ലീഷിന്റെ ഭംഗിയല്ല, യഥാര്‍ത്ഥത്തില്‍ പഠിപ്പിക്കാന്‍ ഉപയോഗിക്കുന്ന രീതികള്‍ ആണ് അവയെ ഹൃദ്യമാക്കുന്നത്. എന്നാല്‍ സംസ്‌കൃതം വളരെ സരളമാണ്. അദ്ധ്യാപകരാണ് അതിനെ ക്ലിഷ്ടമാക്കിയത്. വ്യത്യസ്ത പാഠന രീതികള്‍ ആവശ്യമാണ്. ‘സംസ്‌കൃത ഭാരതി’ പോലുള്ള സംഘടനകള്‍ അതിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കിന്റര്‍ ഗാര്‍ട്ടണ്‍ മുതലുള്ള പാഠനരീതി ആവിഷ്‌കരിച്ചിട്ടുണ്ട്. എപ്പോഴും ഭാഷ പഠിപ്പിക്കേണ്ടത് പാട്ടുകള്‍ വഴിയാണ്. അത് സംഹിതകള്‍ വഴിയാണ് തുടങ്ങേണ്ടത്. വാചകങ്ങള്‍ വഴി. പിന്നെ വാക്കുകള്‍ – ‘പദപാഠം’ പിന്നെയാണ് ‘അക്ഷരപാഠം’, ‘വര്‍ണ്ണമാല’ അങ്ങനെ താഴെത്തട്ടില്‍പ്പോയിത്തുടങ്ങണം പഠനം.

  • സമൂഹത്തിലെ മൂല്യാധിഷ്ഠിത രീതിക്കുവേണ്ടി സംസ്‌കൃതം എന്തെങ്കിലും ചെയ്യുന്നുണ്ടോ?

ഓരോ ഭാഷയ്‌ക്കും അതിന്റേതായ ഉപയോഗമുണ്ട്. ഉദാഹരണത്തിന് ഇംഗ്ലീഷില്ലാതെ ബിസിനസ്സ് ചെയ്യാനാകില്ല. അവര്‍ ലോകം മുഴുവന്‍ ഇംഗ്ലീഷ് വ്യാപിപ്പിച്ചത് വാണിജ്യത്തിലൂടെയും വാണിജ്യം വര്‍ധിപ്പിച്ചതും ഇംഗ്ലീഷിലൂടെയുമാണ്. ‘കസ്റ്റമറെ ഇംപ്രസ്’ ചെയ്യിക്കണമെങ്കില്‍ ഇംഗ്ലീഷ് ഉണ്ടായിരിക്കണം. മലയാളം നിങ്ങളുടെ മാനസിക വികാരങ്ങളെ പ്രകടിപ്പിക്കാനുള്ള ഭാഷയാണ്, മാതൃഭാഷകളുടെ ഉദ്ദേശ്യമേ അതാണ്. ‘ധര്‍മ്മാര്‍ത്ഥം ഇയം ഭാഷാ’ എന്നാണ് പതഞ്ജലി സംസ്‌കൃതത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘ഏകഃ ശബ്ദഃ സുഷ്ടുപ്രയുക്തഃ… അസ്മിന്‍ ലോകേ ധര്‍മ്മഭാക് ഭവതി.’ ധര്‍മ്മപ്രചാരണത്തിനായിട്ടാണ് സംസ്‌കൃതഭാഷ ഉണ്ടായത്. ധര്‍മ്മത്തിന്നായിക്കൊണ്ട് ഉണ്ടായതിനാല്‍ തീര്‍ച്ചയായും സംസ്‌കൃതത്തിന്റെ ഉപയോഗത്തിലൂടെയും ഉച്ചാരണത്തിലൂടെയും കേവലം മനഃപാഠമാക്കുന്നതിലൂടെപ്പോലും അതിലെ മൂല്യബോധം മനസ്സില്‍ കുടിയിരുത്തപ്പെടും.  ഒരു ഉദാഹരണം പറയാം ഒരു വസ്തുവിനെ കാണുന്നതും ദര്‍ശിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. കാണുന്നത് കണ്ണിന്റെ വ്യാപാരമാണ്. എന്നാല്‍ ദര്‍ശിക്കുക എന്നതില്‍ ഒരുപാട് വികാരങ്ങള്‍ അടങ്ങിയിരിക്കുന്നു. ശ്രദ്ധ, ഭക്തി, വികാരം എല്ലാം ചേര്‍ന്നതാണ് ദര്‍ശനം. ദര്‍ശനത്തിന് പകരം വെയ്‌ക്കാവുന്ന വാക്കല്ല ‘കാണല്‍’.

  • എല്ലാ ക്ലാസ്സിലും സംസ്‌കൃതം പഠിപ്പിക്കുക എന്ന പുതിയ രീതി പ്രാബല്യത്തില്‍ വന്നാല്‍ അത് ഭാരതത്തിന് ഒരൈക്യം നല്‍കുന്നതിന് ഉതകുമോ?

നിശ്ചയമായും സംസ്‌കൃതം ഒരു തന്തുവാണ്, എന്നാല്‍ ഞാനൊരിക്കലും സംസ്‌കൃതത്തെ എല്ലാത്തിന്റെയും അമ്മയായിക്കാണണമെന്ന് വാദിക്കില്ല. ആളുകളതിനെ എതിര്‍ക്കും. എന്നാല്‍ അതൊരു നൂലാണ്. അതില്‍ സംസ്‌കാരം ഉണ്ട്, ഭാഷകളുടെ വികാരങ്ങളുണ്ട്; എല്ലാം സംസ്‌കൃതം എന്ന നൂലുവഴി ബന്ധപ്പെട്ടിരിക്കുന്നു. ദുഃഖം എന്ന ഒരു കൊച്ചുവാക്കെടുത്താല്‍ത്തന്നെ അതിന്റെ അര്‍ത്ഥം ഇന്ത്യയിലെല്ലാവര്‍ക്കും മനസ്സിലാവും. ഇതിനെ ഉദാഹരണം എന്നല്ല പ്രതീകം എന്നുതന്നെ പറയാം. അങ്ങനെ നോക്കുമ്പോഴാണ് ഇന്ത്യയിലെ ഓരോ പ്രദേശവും ബന്ധപ്പെട്ടിരിക്കുന്നു എന്ന് നാം തിരിച്ചറിയുന്നത്. കേവലം ഭൂമിശാസ്ത്രപരമായ വരകളല്ല,  സംസ്‌കൃതമാണ് ഇന്ത്യയെ ഒന്നാക്കുന്നത്; കെട്ടുറപ്പോടെ നിലനിര്‍ത്തുന്നത്.

  • സംസ്‌കൃതത്തെ രാഷ്‌ട്രഭാഷയാക്കാനാകുമോ?

സംസ്‌കൃതത്തെ രാഷ്‌ട്രഭാഷയല്ല, വിശ്വഭാഷയാക്കുകയാണ് വേണ്ടത്. രാഷ്‌ട്രഭാഷ എന്നത് സംസ്‌കൃതത്തെ ഇകഴ്‌ത്തലാണ്. അത് വിശ്വഭാഷയായി വിരാജിക്കുകയാണ് വേണ്ടത്. രാഷ്‌ട്രഭാഷയാകാന്‍ ഹിന്ദിതന്നെ പര്യാപ്തമാണ്.

  • നമുക്ക് സംസ്‌കൃതം പഠിപ്പിക്കുന്ന പാരമ്പര്യ രീതികള്‍ ഉണ്ട്. ഒപ്പം ഇന്നത്തെ ആധുനിക രീതിയും ഉണ്ട്. ഇന്നത്തെ തലമുറയ്‌ക്ക് ഏത് രീതിയായിരിക്കും ഉചിതം?

 ”ക്ഷന്തപരീക്ഷാന്യതരഃ ഭജന്തേ” മോശമെന്നതില്ല, പഴമയിലോ പുതുമയിലോ രണ്ടിനും അവയുടെ നന്മയുമുണ്ട്, തിന്മയുമുണ്ട്. നമുക്കുവേണ്ടത് അവയുടെ ഏകീകരണമാണ്. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമ്മിശ്രണം. ഫലഭൂയിഷ്ഠമായ ഭൂമിയില്ലാതെ കൃഷിയിറക്കാനാവില്ല. എന്നാല്‍ ആധുനിക ഉപകരണങ്ങള്‍ കാര്‍ഷികവൃത്തിക്ക് അനിവാര്യവുമാണ്. അപ്പോള്‍ കൃഷിക്ക് രണ്ടും വേണം. ആധുനിക ഉപകരണങ്ങളും വേണം, ഒപ്പംതന്നെ പ്രകൃതിയെപ്പറ്റിയും കാലാവസ്ഥയെപ്പറ്റിയും മനസ്സിലാക്കാനുള്ള നമ്മുടെ പാരമ്പര്യ ജ്ഞാനവും ആവശ്യമാണ്. ഇതില്‍ എതിര്‍പ്പൊന്നുമില്ല. ഞാന്‍ ശക്തമായും വിശ്വസിക്കുന്നു. പാരമ്പര്യ രീതിയില്‍ ആധുനിക ഉപകരണങ്ങളെ ഉള്‍ക്കൊള്ളിക്കുകയാണ് വേണ്ടത്.

  • എന്തുകൊണ്ടാണ് സംസ്‌കൃതം പഠിക്കുകയും എന്നാല്‍ സയന്‍സിന്റെ മേഖലയില്‍ പ്രഗല്‍ഭരുമായവര്‍ ഇത്തരത്തില്‍ ഗ്രന്ഥങ്ങള്‍ എഴുതാത്തത്.

= ചിലര്‍, വളരെ ചുരുക്കമാളുകള്‍ അതിന് ശ്രമിച്ചിട്ടുണ്ട്. അടുത്തിടെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി പബ്ലിക്കേഷന്‍ അത്തരത്തിലൊന്ന് ന്യായത്തില്‍ ഇറക്കി. ‘ലാംഗ്വേജ് ഓഫ് ലോജിക്’ എന്ന ആ പുസ്തകമെഴുതിയത് എന്റെ ഒരു വിദ്യാര്‍ത്ഥിയാണ്. സയന്‍സ് പഠിക്കുന്ന അയാള്‍ എല്ലാ ആധുനിക സാദ്ധ്യതകളും അതില്‍ പറഞ്ഞിട്ടുണ്ട്. ചിലര്‍ ഡയഗ്രങ്ങള്‍ ഉപയോഗിച്ചും മറ്റു ചിലര്‍ ചിത്രരൂപത്തിലും സ്‌കീം പോലെയുമൊക്കെ ചെയ്യപ്പെട്ടിട്ടുണ്ട്. .  

  • സംസ്‌കൃതം ഒരു സവര്‍ണ്ണഭാഷയായി ചിത്രീകരിക്കപ്പെടുന്നതെക്കുറിച്ച് അഭിപ്രായമെന്താണ്?

വിഭാഗീയത ഉണ്ടാക്കിയത് ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായാണ്. ഭാരതത്തിലൊരിക്കലും സംസ്‌കൃതം ഒരു പ്രത്യേക വിഭാഗത്തിന്റെ ഭാഷയായി കരുതപ്പെട്ടിട്ടില്ല. വ്യാസന്‍, വാല്മീകി എന്നിവരൊക്കെ ആരായിരുന്നു? സംസ്‌കൃത നാടകങ്ങളിലെ സംഭാഷണഭാഷ, ലോകഭാഷയും സംസ്‌കൃതവും ചേര്‍ന്ന് സമ്മിശ്രമായ തരത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. നാടകങ്ങളില്‍ സ്ത്രീകള്‍ ‘പ്രാകൃത’-മാണ് സംസാരത്തിന് ഉപയോഗിക്കുന്നത്; സംസ്‌കൃതമല്ല.  

സ്ത്രീകള്‍ക്ക് സംസ്‌കൃതം മനസ്സിലാകില്ലായിരുന്നു എങ്കില്‍ അവരെങ്ങനെയാണ് മറുപടി പറയുന്നത്. സംസ്‌കൃതം എല്ലാവര്‍ക്കും അറിയാം, നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നത് ഇംഗ്ലീഷിലാണ്. സംസ്‌കൃതത്തില്‍ സംസാരിച്ചാലും കുഴപ്പമില്ല. അപ്പോള്‍പ്പിന്നെ എവിടെയാണ് പ്രശ്‌നം? ഓരോരുത്തരും അവര്‍ക്ക് സൗകര്യത്തോടെ ഉപയോഗിക്കാനറിയുന്ന ഭാഷയില്‍ സംസാരിക്കുന്നു. എന്നോട് മലയാളത്തില്‍ സംസാരിച്ചാല്‍ അതെനിക്ക് മനസ്സിലാകും, പക്ഷേ മറുപടി പറയാനാകില്ല. എന്നാല്‍ ഞാന്‍ സംസ്‌കൃതത്തിലോ, ഇംഗ്ലീഷിലോ മറുപടി പറയും. അപ്പോള്‍  നമുക്ക് രണ്ട് ഭാഷകളുപയോഗിച്ച് ആശയവിനിമയം നടത്താം. അവിടെയതിനെ വര്‍ണ്ണഭേദമായി കണക്കാക്കേണ്ടതില്ല; മറിച്ച് സൗകര്യപ്രദമായ രീതിയായി മാത്രം കരുതാം.

  • നാടകങ്ങളില്‍ സ്ത്രീകള്‍ പ്രാകൃതം ഉപയോഗിക്കുന്നു, സംസ്‌കൃതമല്ല.  സ്ത്രീകള്‍ക്ക് ഏറ്റവുമധികം അഭിപ്രായ സ്വാതന്ത്ര്യം  നില്‍കിയിരുന്ന  സന്ദര്‍ഭങ്ങളില്‍പ്പോലും അവരുപയോഗിക്കുന്നത് പ്രാകൃതമാണ്. സ്ത്രീകള്‍ക്ക് രാജസഭയില്‍പ്പോലും നേരിട്ടുപോയി ചോദ്യം ചോദിക്കാമായിരുന്നു എന്നതിന്റെ ഉദാഹരണങ്ങളുമുണ്ട്. എന്നിട്ടും എന്തിന് നടകങ്ങളില്‍ സ്ത്രീയ്‌ക്ക്  പ്രാകൃതം പതിച്ചു നല്‍കി?

അതൊരു നാടകമാണ്. ഒരുപാടുതരത്തില്‍ അതിനെ വ്യാഖ്യാനിക്കാം. എന്നാല്‍ എല്ലാ വ്യാഖ്യാനങ്ങളും കാഴ്ചപ്പാടുകളും സത്യമാകണമെന്നില്ല.  ഞാനിപ്പോള്‍ ഒരു നാടകം ഇംഗ്ലീഷ് ഉള്‍പ്പെടുത്തിക്കൊണ്ട് എഴുതുകയാണെന്നും, അതില്‍ അമേരിക്കയില്‍ പഠിച്ചുവന്ന ഒരു മലയാളിയുണ്ടെന്നും കരുതുക. തിരുവനന്തപുരത്ത് അയാള്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിക്കുന്നു. പെണ്‍കുട്ടി മലയാളത്തിലും അയാള്‍ ഇംഗ്ലീഷിലും സംസാരിക്കുന്ന ഒരു നാടകമാണ് ഞാന്‍ എഴുതിയതെങ്കിലോ?

  • അത് അത്രയും വിശ്വാസജനകമായി തോന്നുന്നില്ല.

കേള്‍ക്കൂ, ഇത്തരം ധാരാളം നാടകങ്ങള്‍ എഴുതപ്പെട്ടു എന്ന് വിചാരിക്കുക. ഒരു മുന്നൂറ്  വര്‍ഷങ്ങള്‍ക്കുശേഷം ഇക്കാര്യത്തെക്കുറിച്ച് വിശകലനം ചെയ്യുമ്പേള്‍ ആളുകള്‍ പറയും ലിംഗവിവേചനം എന്ന്. പലപ്പോഴും  സ്വാഭാവികമായ പല കാര്യങ്ങളും വ്യത്യസ്ത രീതികളില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കാം. വിവേചനം ഉണ്ടായിരുന്നില്ല എന്നല്ല ഞാന്‍ പറയുന്നത്. ഈയൊരു തരത്തില്‍ മാത്രമല്ല നിര്‍വ്വചിക്കപ്പെടേണ്ടത്.  

സംസ്‌കൃതം പ്രാകൃതത്തേക്കാള്‍ മഹത്താണ് എന്നൊരു തോന്നലുള്ളതുകൊണ്ടല്ലേ വിവേചനമുണ്ടെന്ന് വിചാരിക്കുന്നത്? ആ കാലത്ത്, പ്രാകൃതമായിരുന്നു ഏറ്റവും മികച്ചത് എന്നൊരു നിഗമനം വന്നാലോ? അപ്പോള്‍ ഈ പ്രതികരണം മാറും. അവിടുത്തെ പ്രശ്‌നം, വസ്തുതകള്‍ അവലോകനം ചെയ്യാനുപയോഗിക്കുന്ന മാനദണ്ഡങ്ങളുടേതാണ്. ആ ഘടകങ്ങള്‍ ശരിയല്ല. സംസ്‌കൃതം മുകളിലാണ്. അതുകൊണ്ടവ പുരുഷന്മാരില്‍ അവരോധിച്ചിരിക്കുന്നു എന്നും പ്രാകൃതം താഴെത്തട്ടിലാണ് എന്നുമുള്ള  ധാരണകള്‍ ശരിയല്ല. ആരാണ് അങ്ങനെ പറഞ്ഞത്?  

സംസ്‌കൃതം ഏവര്‍ക്കും എന്ന കേരള മാതൃക

  • അപ്പോള്‍ അവ തമ്മില്‍  താരതമ്യം ഇല്ലെന്നാണോ

ഉത്തരം: അതെ, അവ തമ്മില്‍ താരതമ്യപ്പെടുത്തലുകളേ ഇല്ല; പാര്‍ശ്വവല്‍ക്കരണവുമില്ല. ഓരോ ഭാഷയും വ്യത്യസ്തമാണ്. ഓരോന്നിനും അവയുടേതായ മനോഹാരിതയുണ്ട്; ആദരണീയതയുമുണ്ട്. ആ നിലയില്‍ അത്തരത്തിലുള്ള ഒരു വ്യാഖ്യാനത്തിന് പ്രസക്തിയേയില്ല.

  • സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസം പണ്ട് ലഭിച്ചിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ അധികം ലഭ്യമല്ലാത്തത്

 അത് ഒരു സാമൂഹികപ്രശ്‌നമാണ്. അതിനെ കേവലം സംസ്‌കൃതത്തിന്റെ തലത്തിലേക്ക് കൊണ്ടുവരരുത്. എല്ലാ കാലഘട്ടത്തിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഒരുപാട്  സമുദായങ്ങള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടിട്ടുണ്ട്; ധാരാളം മാനുഷികപ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. കാരണം ഇതൊരു സമൂഹമാണ്.  

  • ഏറ്റവും പഴക്കമുള്ള ഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തിലാണ്. എന്നാലവ എഴുതിയത് സ്ത്രീകളല്ല!

 എന്തിനാണ് സംസ്‌കൃതത്തിന്റെ കാര്യത്തില്‍ മാത്രം ഈ ചോദ്യം? ബ്രിട്ടീഷ് ഭരണം വന്നപ്പോള്‍ അത്തരത്തില്‍ സംഭവിച്ചെന്നത് ശരിയാണ്. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഭരിക്കാന്‍ വരുന്നതിനു വളരെ മുന്‍പേ ഇവിടെ രാജ്ഞിമാര്‍ ഉണ്ടായിരുന്നു. ദ്രൗപദി ചോദ്യങ്ങള്‍ ഉന്നയിക്കുന്നില്ലേ? അവര്‍ എല്ലാ വിജ്ഞാനമേഖലയും അഭ്യസിച്ചിരുന്നുവെന്ന് മഹാഭാരതം  പറയുന്നില്ലേ? കൃഷ്ണന്‍  തളര്‍ന്നപ്പോള്‍ സത്യഭാമ വില്ലെടുത്ത് യുദ്ധം ചെയ്യുന്നില്ലേ?

  • തുല്യപദവി

 അതെ, ചോദ്യങ്ങളൊരുപാടുണ്ട്. അത് ഇന്ത്യയെക്കുറിച്ച് മാത്രമാണ് എന്നതാണ് വിഷയം. എന്തുകൊണ്ട് അമേരിക്കയെക്കുറിച്ചോ മറ്റോ ഇങ്ങനെ ചോദിക്കുന്നില്ല?

  • സംസ്‌കൃതം ‘മൃതഭാഷ’യാണെന്ന് പറയപ്പെടുന്നുണ്ടല്ലോ.

 ഭാരതത്തിലെ ഏത് ഭാഷയെടുത്താലും അതിലെ ഒരു പുതിയ വാക്ക് മനസ്സിലാക്കണമെങ്കില്‍ സംസ്‌കൃതം കൂടിയേ തീരൂ. അല്ലാത്തപക്ഷം നിങ്ങള്‍ക്കതിന് സാധിക്കില്ല. ഒരു ഭാഷ ഒരു ജീവന്‍ നല്‍കുകയാണ്. ജീവനെന്നത്  ഉല്‍പാദനം കൂടിയാണ്. ഒരു ജീവന് മാത്രമേ മറ്റൊരു ജീവന്‍ നിര്‍മ്മിക്കാന്‍ സാധിക്കൂ. ഒരു ചെറിയ വസ്തുവിന് മറ്റൊരു വസ്തുവിനെ ഉണ്ടാക്കാനാവില്ല. അങ്ങനെ വരുമ്പോള്‍ സംസ്‌കൃതത്തിന് മാത്രമേ ഉല്‍പാദനക്ഷമതയുള്ളൂ. മറ്റ് ഭാഷകള്‍ക്ക്  ഉണ്ടെങ്കില്‍ത്തന്നെ അത് സംസ്‌കൃതവുമായുള്ള തായ്‌വേര് ബന്ധംകൊണ്ടുമാത്രമാണ്. പിന്നെങ്ങനെയാണ് സംസ്‌കൃതം മൃതഭാഷയാകുന്നത്?  

  • സംസ്‌കൃതത്തെ അഭിവൃദ്ധിപ്പെടുത്താന്‍ അങ്ങയുടെ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്

=ദൈന്യതയില്‍ നിന്ന് പുറത്തുവരിക, ഭരണകൂടത്തെ ആശ്രയിക്കാതിരിക്കുക. ‘ഗവണ്മെന്റ് പണം തരില്ല; അതുകൊണ്ട് എനിക്കിത് ചെയ്യാനാകില്ല’ എന്ന ചിന്തയില്‍ നിന്നും പുറത്തുവരണം. സ്വന്തമായി സമ്പാദിച്ച് നല്ല സംസ്‌കൃത പഠനകേന്ദ്രങ്ങള്‍ ധാരാളമുണ്ടാക്കുക. അങ്ങനെ സംസ്‌കൃതത്തെ വീണ്ടും കരുത്തുള്ളതാക്കാം. ‘ടമിസെൃശ േളീൃ മഹഹ’ മിറ ‘ങമസല ശ േളീൃ മഹഹ’ എന്നാണ്. എല്ലാവരും സംസ്‌കൃത പണ്ഡിതരായി മാറുമെന്നല്ല, സംസ്‌കൃത പ്രേമികളാകണം. അതാണ് ഒന്നാം തലം. രണ്ടാം തലത്തില്‍ സംസ്‌കൃതം ഏവര്‍ക്കും പ്രാപ്യമാവണം. അതിനുതകുന്ന കോഴ്‌സുകള്‍ നിര്‍മ്മിക്കണം. ഉദാഹരണമായി കാളിദാസ യൂണിവേഴ്‌സിറ്റിയില്‍ ‘ടമിസെൃശ േളീൃ ഘമം്യലൃ’െ എന്നൊരു കോഴ്‌സ് നടത്തുന്നുണ്ട്. ‘സംസ്‌കൃതം സംഗീതജ്ഞര്‍ക്ക്’, ‘സംസ്‌കൃതം ആയുര്‍വേദ വൈദ്യന്മാര്‍ക്ക്’ എന്നിങ്ങനെയും കോഴ്‌സുകളുണ്ട്. അവസാനത്തേത് ‘ബീജരക്ഷ’ അതായത് വിത്ത് സംരക്ഷിക്കുക. ശാസ്ത്ര സംരക്ഷണത്തിനായി വിത്ത് സംരക്ഷിക്കുക. അതിന് ആയിരം പണ്ഡിതരെ നിര്‍മ്മിക്കണമെന്നില്ല; നൂറുപേര്‍, ചുരുങ്ങിയത് പത്തുപേരെങ്കിലും.. അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ പഠിപ്പിക്കാനറിയണം. ന്യായം, വ്യാകരണം എന്നിങ്ങനെ.  

  • പുതിയ തലമുറയോട് അങ്ങേക്കെന്താണ് പറയാനുള്ളത്? പ്രത്യേകിച്ചും കേരളീയരായരോട്

യുപി, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ സംസ്‌കൃതം പഠിക്കാന്‍ വരുന്നത്.  ‘ബ്രീഡ് ടെസ്റ്റിങ് ഫിനോമിന’ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ഇവിടെ കേരളത്തിലാണ്. അതുകൊണ്ടുതന്നെകേരളത്തിന് ഏറെ ചെയ്യാനാകും. ‘സംസ്‌കൃതം ഏവര്‍ക്കും’ എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ മാതൃകാവല്‍ക്കരിക്കാം. മറ്റുള്ള സംസ്ഥാനങ്ങളില്‍ പലവിധ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അങ്ങനെ ചെയ്യാനാകില്ല. അതിനു വേണ്ടത് സംസ്‌കൃതം സംഭാഷണത്തിലൂടെ മാത്രമേ വ്യാപിപ്പിക്കാനാവൂ എന്ന തിരിച്ചറിവാണ്. നിര്‍വ്വചനം വെച്ചുനോക്കിയാലും ഭാഷ സംസാരിക്കാനുള്ളതുതന്നെയാണ്. വായ്‌മൊഴി സമ്പ്രദായമായിരുന്നു വരമൊഴിയേക്കാളേറെ നിലനിന്നിരുന്നത്. കേരളത്തിലെ സംസ്‌കൃതം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സംസ്‌കൃതത്തെ മാതൃഭാഷയാക്കണം. അവര്‍ക്കതിനാകും, കാരണം സംസ്‌കൃതത്തോടേറെ അടുത്തുനില്‍ക്കുന്ന മലയാളമാണ് അവരുപയോഗിക്കുന്നത്.  

  • മലയാളം വളരെ ബുദ്ധിമുട്ടുള്ള ഒരു ഭാഷയാണല്ലോ?

 അതേ, അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് വളരെയെളുപ്പത്തില്‍ സംസ്‌കൃതത്തിലേക്ക് ചുവടുവെയ്‌ക്കാനാകും. മലയാളികളെ സംബന്ധിച്ച് അത് വലിയൊരു കാര്യമൊന്നുമല്ല. അതോടൊപ്പം ഇത് ലോകത്തിനുതന്നെ ഒരു മാതൃകയാകും. ‘സംസ്‌കൃതം ഏവര്‍ക്കും’ എന്ന് പ്രഖ്യാപിക്കുന്നിടത്ത് നിന്ന് അതെല്ലാവരാലും ഉള്‍ക്കൊള്ളത്തക്കതാണ് എന്ന് എളുപ്പത്തില്‍ വ്യക്തമാക്കാന്‍ ഇത്തരം ഒരു ‘കേരള മാതൃക’യ്‌ക്കാകും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക