ഇരിട്ടി: തലശ്ശേരി വളവുപാറ അന്തര്‍സംസ്ഥാന പാതയില്‍ സംസ്ഥാനാതിര്‍ത്തിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കൂട്ടുപുഴ പാലം പുതുവര്‍ഷ ദിനത്തില്‍ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഗതാഗതത്തിന് തുറന്നുകൊടുക്കും. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങില്‍ സണ്ണിജോസഫ് എംഎല്‍എ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് അടക്ക മുള്ള മേഖലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന തലശ്ശേരി – വളവുപാറ 53 കിലോമീറ്റര്‍ പാതയില്‍ പുതുതായി നിര്‍മ്മിക്കുന്ന ഏഴ് വലിയ പാലങ്ങളില്‍ ഒന്നാണ് കൂട്ടുപുഴ പാലം. ബാക്കി അഞ്ചു പാലങ്ങള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുത്ത് കഴിഞ്ഞു. കൂട്ട് പുഴ പാലവും കൂടി തുറന്നുകൊടുക്കുന്നതോടെ ഈ പാതയില്‍ ഇനി ശേഷിക്കുന്നത് എരഞ്ഞോളി പാലം മാത്രമാണ്. ഇതിന്റെയും പ്രവര്‍ത്തി അവസാന ഘട്ടത്തിലാണ്.
കര്‍ണ്ണാടക വനംവകുപ്പധികൃതരുടെ തടസ്സ വാദം മൂലം മൂന്നു വര്‍ഷത്തോളം നിര്‍മ്മാണം നിലച്ച പാലമാണ് ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുന്ന കൂട്ടുപുഴ പാലം. 1928ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കൂട്ടുപുഴ പഴയ പാലം പൈതൃക പട്ടികയില്‍ സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ടാറിങ് തകര്‍ന്ന് അപകടകരമായ രീതിയിലായിരുന്ന പഴയ പാലം പുതിയ പാലത്തിനൊപ്പം ഉപരിതല ടാറിംഗ് നടത്തി ഗതാഗതം സുഗമമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: