കാലടി : ബിഎ പരീക്ഷയ്ക്ക് പാസ്സാകാതെ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയ എട്ട് വിദ്യാര്‍ത്ഥികളെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കി. പരീക്ഷ പാസാകാത്തവര്‍ക്ക് പ്രവേശനം നല്‍കിയത് വിവാദം ആയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രവേശനം റദ്ദാക്കിയത്.
ബിഎ കോഴ്സ് പൂര്‍ത്തിയാക്കി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എംഎയ്ക്ക് താത്കാലികമായി പ്രവേശനം നല്‍കുകയായിരുന്നു. തുടര്‍ന്ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമ്പോള്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയാണ് കാലടി സര്‍വ്വകലാശാല ഈ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയത്.
എന്നാല്‍ ചട്ട വിരുദ്ധമായി പ്രവേശം നല്‍കിയത് വിവാദമായതോടെ ഇതിനെതിരെ അന്വേഷണവും നടത്തി. സെപ്തംബറില്‍ ആരംഭിച്ച എം.എ. ക്ലാസുകളില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ സര്‍വകലാശാല അനുവദിച്ചതാണ് വിവാദമായത്. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയത് നിയമ വിരുദ്ധമാണെന്ന് അന്വേഷം സംഘവും കണ്ടെത്തിയിട്ടുണ്ട്.
ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സര്‍വകലാശാലയുടെ നിലപാട്. കോവിഡ് സാഹചര്യത്തില്‍ പ്രവേശന നടപടികള്‍ക്ക് കാലതാമസം നേരിട്ടതിനാലാണ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിന് ഡിസംബര്‍ 31വരെ സമയം ദീര്‍ഘിപ്പിച്ചുനല്‍കിയത്. പിജി പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്ന സമയത്ത് ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കപ്പെടാത്തതിനാല് ഒന്നു മുതല്‍ അഞ്ച് സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ പാസാകുകയും ആറാം സെമസ്റ്റര്‍ ഫലം കാത്തിരിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടാതിരിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും സര്‍വകലാശാല മറുപടി നല്കി.
അതേസമയം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുവന്നാല്‍ കരാര്‍ അധ്യാപക തസ്തികകള്‍ കുറയുകയും കരാര്‍ അധ്യാപകരുടെ ജോലി നഷ്ടപ്പെടുകയും ചെയ്യും. ഇടത് അനുകൂലികളായ അധ്യാപകരുടെ ജോലി സംരക്ഷിക്കുന്നതിനായാണ് ഇത്തരത്തില്‍ ബിഎ പാസാകാത്തവര്‍ക്കും എംഎയ്ക്ക് പ്രവേശനം നല്‍കിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ പ്രവേശനം നേടിയവര്‍ എല്ലാം എസ്എഫ്ഐ കാരാണെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: