ഇന്നവേഷനായി ഒരു സമവാക്യമോ മന്ത്രക്കോലോ ഒന്നുമില്ലെന്നാണ് ശ്രീറാം അയ്യരുടെ ഫിലോസഫി. ഇന്ത്യയുടെ ഇകൊമേഴ്സ് ഭീമനായ ഫഌപ്കാര്‍ട്ടിന്റെ ഇന്നവേഷന്‍ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ശ്രീറാം അയ്യരാണ്. കമ്പനിയുടെ എന്‍ജിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്റാണ് ശ്രീറാം. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഇകൊമേഴ്സ് രംഗത്തിന്റെ ഭാവിയെക്കുറിച്ചും ഇന്നവേഷനെ കുറിച്ചും സംരംഭകത്വത്തെ കുറിച്ചുമെല്ലാം ബിസിനസ് വോയ്സ് മാസികയ്ക്ക് നല്കിയ എക്സ്ക്ലൂസിവ് അഭിമുഖത്തില്‍ സംസാരിക്കുന്നു ശ്രീറാം അയ്യര്‍. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍….
ആദ്യം ഒരു ടെക്നോക്രാറ്റ്. അത് കഴിഞ്ഞ് സംരംഭകന്, പിന്നീട് ഫഌപ്കാര്‍ട്ടില്‍ വൈസ് പ്രസിഡന്റ്. ഈ യാത്രയെകുറിച്ച് ഒന്ന് പറയാമോ?
ഞാന്‍ വളരെ ഭാഗ്യവാനാണെന്നാണ് വിശ്വാസം. എന്നാല്‍ ഈ ഭാഗ്യം വെറുതെ വരില്ലെന്നും ഞാന്‍ കരുതുന്നു. കഠിനാധ്വാനവും അവസരങ്ങളും സമാഗമിക്കുമ്പോഴാണ് ഭാഗ്യം വരുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സെമികണ്ടക്റ്റര്‍ (അര്‍ദ്ധ ചാലകങ്ങള്‍) മേഖലയിലായിരുന്നു എന്റെ തുടക്കം. ലോകത്തിലെ ആദ്യ ലോ പവേര്‍ഡ് വൈഫൈ ചിപ്പ് വികസിപ്പിച്ച സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. 2000ത്തിന്റെ തുടക്കത്തില്‍ ലാപ്പ്ടോപ്പുകളിലും മറ്റും വൈഫൈ ചിപ്പുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ന് നമ്മള് ഉപയോഗിക്കുന്ന പോലെയായിരുന്നില്ല അന്നത്തെ സംവിധാനം.
അതിനാല്‍ ഞങ്ങള്‍ വികസിപ്പിച്ച വൈഫൈ ചിപ്പുകള്‍ ടെക്നോളജി മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചു. 2005ല്‍ ലോകത്ത് ആദ്യമായി 4ജി സാങ്കേതികവിദ്യ വിന്യസിച്ചപ്പോള്‍ അതിന്റെ ഭാഗമാകാനും എനിക്ക് സാധിച്ചു. പിന്നീടാണ് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത്. അഞ്ച് വര്‍ഷത്തോളം നീണ്ടു സ്റ്റാര്‍ട്ടപ്പ് ജീവിതം. യുടിവി ബ്ലൂംബര്‍ഗിന്റെ ദ പിച്ച് പരിപാടിയില്‍ രാജ്യത്തെ 10 ഭാവി സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായും അത് മാറി. ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ മിന്ദ്രയിലും ആപ്പ് അധിഷ്ഠിത ടാക്സി ബുക്കിംഗ് പ്ലാറ്റ്ഫോമായ ഓലയിലും ഇന്നവേഷന്‍ മേധാവിയായി പ്രവര്‍ത്തിക്കാനും സാധിച്ചു. നിലവില്‍ ഫഌപ്കാര്‍ട്ടിന്റെ എന്‍ജിനീയറിംഗ് ആപ്പ് എക്സ്പീരിയന്‍സസ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റാണ്.
ടെക്നോളജിയുടെ കാര്യത്തില്‍ കാലത്തിന് മുമ്പേ ചിന്തിച്ച വ്യക്തിയാണ് താങ്കള്‍. വിദ്യാര്‍ത്ഥികള്‍ക്കും സംരംഭകര്‍ക്കുമെല്ലാം നിര്‍ബന്ധമായും വേണ്ട ഗുണമാണത്. വളര്‍ന്നുവരുന്ന സംരംഭകരില്‍ എങ്ങനെ ഈ കഴിവ് വികസിപ്പിക്കാം?
കാലത്തിന് മുമ്പേ ചിന്തിക്കുകയെന്നത് മറ്റൊന്നുമല്ല, ഇന്നവേഷന്‍ തന്നെയാണ്. സംരംഭകര്ക്കാണെങ്കിലും വളരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികള്ക്കാണെങ്കിലുമെല്ലാം ഏറ്റവും വേണ്ട ഗുണങ്ങളിലൊന്നാണത്. ഇന്നവേഷനെന്നത് ദുര്മന്ത്രവാദമൊന്നുമല്ല. ജനിക്കുമ്പോള്‍ പൊട്ടിവീഴുന്നതുമല്ല. ഇന്നവേഷന്‍ വളര്‍ത്തിയെടുക്കാം. ഇന്നവേഷന്‍ വളര്‍ത്തിയെടുക്കാവുന്ന പരിതസ്ഥിതിയും വികസിപ്പിച്ചെടുക്കാവുന്നതാണ്. ബഹുമുഖ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും പഠിക്കാന്‍ ശ്രമിക്കുകയുമാണ് ഇതിന് വേണ്ടത്. അവര്‍ കരിയര്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ മാത്രം ഊന്നല്‍ നല്കുകയല്ല ചെയ്യേണ്ടത്. ബന്ധമൊന്നുമില്ലെങ്കില്‍ കൂടിയും ഒരു വിഷയത്തില്‍ ശ്രദ്ധയൂന്നി മറ്റ് വിഷയങ്ങളിലും അവഗാഹം നേടാന്‍ ശ്രമിക്കണം. തോമസ് ആല്‍വാ എഡിസണ് റെയ്ല് റോഡുകളാണ് വയറുകളും കപ്പാസിറ്ററുകളുമുള്ള മോഡേണ്‍ സര്‍ക്യൂട്ടുകള്‍ക്ക് പ്രചോദനമായിത്തീര്‍ന്നത്.
പിന്നീടത് അത്യാധുനിക ടെക്നോളജിയായി മാറി. സ്റ്റീവ് ജോബ്സ് പോലും പറയാറുണ്ട് താന്‍ കൈയെഴുത്ത് ശാസ്ത്രം പഠിച്ചിട്ടുണ്ടെന്ന്, അതാണ് തന്നെ ഫോണ്ടുകള്‍ വികസിപ്പിക്കാന്‍ പിന്നീട് സഹായിച്ചതെന്ന്. കൈയെഴുത്ത് ശാസ്ത്ര ക്ലാസുകള്‍ താന്‍ ഒരിക്കലും മിസ് ആക്കാറില്ലായിരുന്നുവെന്നാണ് സ്റ്റീവ് ഒരിക്കല്‍ പറഞ്ഞത്. പേഴ്സണല്‍ കംപ്യൂട്ടറുകളില്‍ ഇന്നുള്ള അതിമനോഹരമായ ടിപ്പോഗ്രഫി അതിന്റെ ഫലമാണെന്നാണ് സ്റ്റീവ് ജോബ്സ് അവകാശപ്പെട്ടിട്ടുള്ളത്. മാക് കംപ്യൂട്ടര്‍ എന്ന ഇന്നവേഷനിലും ആപ്പിളെന്ന ട്രില്യണ്‍ ഡോളര്‍ കമ്പനിയുടെ വളര്‍ച്ചയിലുമെല്ലാം ഇത്തരം കാര്യങ്ങളും പങ്കുവഹിച്ചിട്ടുണ്ട്.
ഞാനൊരു സയന്‍സ് സ്റ്റുഡന്റല്ലേ, പിന്നെന്തിനാണ് ഫോണ്ടുകളെ കുറിച്ച് പഠിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ഒരിക്കലും ചിന്തിക്കരുത്. അത് ശരിയായ രീതിയില്ല. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുക. അക്കാഡമിക്സും തൊഴിലും അങ്ങനെ ബന്ധമില്ലാത്ത സാഹചര്യം ഇന്ന് സര്‍വസാധാരണമായി കാണാം. മെക്കാനിക്കല്‍ എന്‍ജിനീയറാകും ചിലപ്പോള്‍ മികച്ച സിനിമാറ്റോഗ്രഫറായി മാറുക. സിനിമയും എന്‍ജിനീയറിംഗും തമ്മില്‍ ബന്ധമുണ്ടോ?
ഇകൊമേഴ്സ് മേഖലയിലാണ് താങ്കള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡാനന്തരം ഈ രംഗത്തിന്റെ ഭാവി എങ്ങനെയാണ് നോക്കിക്കാണുന്നത്?
ലോകം ഒരിക്കലും പ്രതീക്ഷിക്കാതെ വന്നെത്തിയതാണ് കോവിഡ് മഹാമാരി. ഇതിനായി തയാറെടുപ്പുകള്‍ നടത്താനൊന്നും ഒരിക്കലും സാധിക്കില്ല. സമ്പദ് വ്യവസ്ഥകളെ തകിടം മറിച്ചു അത്, വ്യവസായങ്ങളുടെ തകര്‍ച്ചയ്ക്ക് വഴിവെച്ചു. അതേസമയം ഓണ്‍ലൈന്‍ ടീച്ചിംഗ് പോലുള്ള പുതിയ അവസരങ്ങള്‍ തുറന്നിടുകയും ചെയ്തു. സൂം, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീം പോലുള്ള സംവിധാനങ്ങള്‍ കോവിഡിന് മുമ്പ് അത്ര ജനകീയമായിരുന്നില്ല, എന്നാല്‍ കോവിഡാനന്തരം ഇവയെല്ലാം സാധാരണമായി മാറി. സൂമിന്റെ മൂല്യത്തില്‍ പല മടങ്ങ് വര്‍ധനയാണുണ്ടായത്. ഓല, ഉബര്‍, ബൗണ്‍സ് പോലുള്ള സംരംഭങ്ങള്‍ ട്രാവല്‍ വ്യവസായത്തെ അടിമുടി മാറ്റി.
അതുപോലെ തന്നെ കോവിഡ് കാലത്ത് ഏറ്റവും നേട്ടം കൊയ്ത് മേഖലകളിലൊന്നാണ് ഇകൊമേഴ്സ്. വൈറസ് ഭീതി കാരണം ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിച്ച സാഹചര്യത്തില്‍ ഇകൊമേഴ്സ് ആപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുക കൂടിയായിരുന്നു ചെയ്തത്. മാറിയ സാഹചര്യം ഈ വ്യവസായത്തിന്റെ അടിസ്ഥാനം ശക്തിപ്പെടുത്തി. ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവനും ഇകൊമേഴ്സ്, ഭക്ഷ്യവിതരണ, ഗ്രോസറി വിതരണ ആപ്പുകളുടെ കാര്യത്തില്‍ മൗലികമായ ഒരു മാറ്റം തന്നെ സംഭവിച്ചു. നോട്ട് അസാധുവാക്കല്‍ സമയത്ത് പേടിഎം പോലുള്ള ഡിജിറ്റല്‍ പേമെന്റ് ആപ്പുകള്‍ ജനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ മഹാമാരിക്കാലത്താണ് ഈ മേഖലയില്‍ ജനങ്ങളുടെ വാങ്ങല്‍ ശീലങ്ങളെ സ്വാധീനിക്കുന്ന തരത്തില്‍ അടിസ്ഥാനപരമായൊരു മാറ്റം സംഭവിച്ചത്.
തമിഴ്നാട്ടിലാണല്ലോ താങ്കളുടെ വേരുകള്‍. അവിടത്തെ വിദ്യാര്‍ത്ഥികളുടെ തൊഴില്‍പരമായ ആഗ്രഹങ്ങളില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? സംരംഭകത്വവികാരം യുവതലമുറയില്‍ കൂടിവരുന്നുണ്ടോ?
തീര്‍ച്ചയായും, വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ മനോഭാവം കൂടിവരുന്നുണ്ട്. ഒരു കമ്പനിയില്‍ 30, 40 വര്‍ഷം ജോലി ചെയ്ത് റിട്ടയര്‍ ആകുന്ന പ്രവണതയില്‍ നിന്നെല്ലാം പലരും മാറിച്ചിന്തിക്കാന്‍ തുടങ്ങി. ഇന്ന് ഇന്ത്യയില്‍ നിരവധി മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പണ്ട് മല്‍സരം കടുത്തതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫഌപ്കാര്‍ട്ട് പോലുള്ള സംരംഭങ്ങള്‍ ആമസോണ്‍ പോലുള്ള ഭീമന്മാര്ക്കെതിരെ വിജയിക്കുന്നതാണ് കാണുന്നത്. ഓലയും ഉബറും തമ്മിലുള്ള മല്‍സരത്തില്‍ കൃത്യമായ നമ്പറുകള്‍ എന്റെ കൈയിലില്ല. ഇന്ത്യക്കാര്‍ വലിയ സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ത്തിക്കൊണ്ടുവരുന്നത് യുവതലമുറയ്ക്കും ആവേശം പകരുന്നു.
വളരെ സാവധാനമാണെങ്കില്‍ കൂടിയും വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ പേര് സംരംഭകത്വത്തിലേക്ക് തിരിയുകയാണ്. കോളെജില്‍ നിന്ന് നേരിട്ട് കമ്പനി തുടങ്ങാന്‍ ധൈര്യപ്പെടുന്ന കുട്ടികളെ പിന്തുണയ്ക്കാന്‍ യുഎസില്‍ വൈ കോമ്പിനേറ്റര് പോലുള്ള പ്രസ്ഥാനങ്ങളും പീറ്റര്‍ തീല്‍ പോലുള്ള വ്യക്തികളും സജീവമായി രംഗത്തുണ്ട്. സംരംഭകത്വത്തിലേക്ക് എടുത്ത് ചാടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 100,000 ഡോളറോളം ലഭിക്കുന്ന സാഹചര്യമുണ്ട്. കോളെജ് വിദ്യാഭ്യാസം കഴിഞ്ഞാല്‍ സംരംഭം തുടങ്ങാന്‍ പ്രോല്‍സാഹിപ്പിക്കുന്ന പ്രവണത ഇപ്പോള്‍ ഇന്ത്യയിലും ശക്തിപ്പെട്ടുവരികയാണ്.
ഇന്ത്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളില്‍ പോയി പഠിക്കുന്നവരുടെയും അവിടങ്ങളിലെ വലിയ കമ്പനികളില്‍ ജോലി ചെയ്യാന്‍ താല്പ്പര്യപ്പെടുന്നവരുടെയും എണ്ണം കൂടി വരികയാണ്. ഇന്ത്യയിലേക്ക് ഇത്തരമൊരു ഒഴുക്ക് എപ്പോള്‍ പ്രതീക്ഷിക്കാം?
അതിന് തീര്‍ച്ചയായും സാധ്യതകളുണ്ട്. ഇപ്പോഴല്ല. ആ തലത്തിലേക്ക് പയ്യെ വികസിച്ചുകൊണ്ടിരിക്കുകയാണ് നമ്മള്. നിങ്ങള്‍ സിലിക്കണ്‍ വാലിയില്‍ പോയി നോക്കുക. മനസിളക്കുന്ന ഇന്നവേഷനുകള്‍ കാണാം. ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ വമ്പന്മാരെ കാണാം. എല്ലാവരും വലിയ വിഷനോടെയാണ് ചിന്തിക്കുന്നത്. ചുറ്റുമുള്ള ജനങ്ങളും അത്തരത്തിലാകും ചിന്തിക്കുക. ഇന്ത്യയും അത്തരമൊരു പരിതസ്ഥിതിയിലേക്ക് സഞ്ചരിക്കുകയാണ്. നിലവില്‍ നമുക്ക് 26ലധികം യൂണികോണുകളുണ്ട് (ബില്യണ്‍ ഡോളര്‍ സ്റ്റാര്‍ട്ടപ്പുകള്‍). നമ്മള് ആ അവസ്ഥയിലെത്തുന്ന സാഹചര്യത്തില്‍ ഒരു റിവേഴ്സ് ബ്രെയിന്‍ ഡ്രെയിന്‍ സംഭവിക്കും.
നമ്മുടെ വിദ്യാഭ്യാസരംഗത്തെ സാഹചര്യങ്ങള്‍ എത്രമാത്രം സംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ്?
നിലവിലെ സംവിധാനങ്ങളോട് ചേര്‍ന്ന് നില്ക്കുന്നതല്ല എന്റെ അഭിപ്രായം. അതേസമയം ഒരു വ്യവസായം എന്ന നിലയില്‍ ഏറ്റവും പതുക്കെ മാറ്റം സംഭവിക്കുന്നത് വിദ്യാഭ്യാസത്തിലാണെന്നും മനസിലാക്കണം. ഓരോ മേഖലയും മാറ്റം നടപ്പില്‍ വരുത്തുന്നതിനായി കൂടുതല്‍ സമയമെടുക്കുന്നു. ലോകത്തില്‍ ഏറ്റവും പതിയെ മാറ്റം സംഭവിക്കുന്നത് അക്കാഡമിക് മേഖലയിലാണ്. സ്ഥാപനങ്ങളും ജനങ്ങളും മാറാന്‍ തയാറാകണം. എങ്കിലേ നിലനില്ക്കാന് സാധിക്കൂ.
കോളെജില്‍ നിന്ന് പുറത്തിറങ്ങി സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്ന യുവാക്കള്‍ക്കായി എന്ത് സന്ദേശമാണ് നല്‍കാനുള്ളത്?
മഹത്തായ സമയമാണിത്. ഒരു കാലമുണ്ടായിരുന്നു, വളരെ കുറച്ച് പേര് മാത്രം സമ്പന്നരാകുന്ന കാലം. സാമ്പത്തികപരമായി മുന്നില്‍ നില്ക്കുന്ന കുടുംബങ്ങളിലുള്ളവര്‍ക്കും പരമ്പരാഗതമായി വ്യവസായരംഗത്തുള്ളവര്‍ക്കും രാജകുടുംബ പാരമ്പര്യമുള്ളവര്‍ക്കും രാഷ്ട്രീയക്കാരുടെ മക്കള്‍ക്കും അവരുടെ സ്വാധീനവലയത്തില്‍ പെട്ടവര്‍ക്കും മാത്രം മൂലധനം ലഭ്യമായിരുന്ന കാലം. ബാക്കിയുള്ളവര്‍, കിട്ടുന്ന പണത്തില്‍ നിന്ന് കഷ്ടിച്ച് നീക്കിയിരുപ്പ് നടത്തി റിട്ടയര്‍മെന്റിന് കാത്തിരിക്കുന്ന സമയം. എന്നാല്‍ ഇന്ന് കാലം മാറി.
വലിയ കുടുംബ, ബിസിനസ് പശ്ചാത്തലമൊന്നുമില്ലാത്ത ഇലോണ്‍ മസ്ക്കും മാര്‍ക്ക് സക്കര്‍ബര്‍ഗും ജെഫ് ബെസോസുമെല്ലാം അതിസമ്പന്നരാകുന്ന കാലമാണിത്. അതിഗംഭീരമായ കാലമാണിത്. യുവാക്കള്‍ അത് തിരിച്ചറിഞ്ഞ് വേണം പ്രവര്‍ത്തിക്കാന്‍. ഇത്തരമൊരു കാലഘട്ടത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി ജോലിചെയ്യുക, അല്ലെങ്കില്‍ സ്വന്തമായി സ്റ്റാര്‍ട്ടപ്പ് തുടങ്ങുക, എന്നിട്ട് മുന്നേറുക. ഇതാണ് എനിക്ക് പറയാനുള്ളത്.
അടുത്തിടെ എസ്ആര്‍എം യൂണിവേഴ്സിറ്റിയുടെ വര്‍ക്ക്ടോപ്പ് 2.0 പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായല്ലോ. എങ്ങനെയായിരുന്നു അനുഭവം?
ഇതുപോലുള്ള പരിപാടികള്‍ കൂടുതല്‍ നടത്തണമെന്നാണ് എന്റെ അഭിപ്രായം. വിദ്യാര്‍ത്ഥികളെ അവരുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കാന്‍ ഇത് സഹായിക്കും. മാത്രമല്ല ഒരുപാട് പ്രായോഗിക അറിവ് നേടാനും ഇത്തരം പരിപാടികള്‍ വഴിയൊരുക്കും. വിദ്യാര്‍ത്ഥി സമൂഹത്തിന് അനിവാര്യമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: