ന്യൂദല്‍ഹി:സിദ്ദിഖ് കാപ്പനെ വെള്ളപൂശാന്‍ പടച്ചു വിടുന്ന കള്ളക്കഥകള്‍ മാത്രമാണ് മൂന്നു മാധ്യമ പ്രവര്‍ത്തകരാണ് സിദ്ദിഖ് കാപ്പനെ കുടുക്കിയതെന്നാണ് പ്രചരണം. ഓര്‍ഗനൈസര്‍ അസോഷ്യേറ്റ് എഡിറ്റര്‍ ശ്രീദത്തന്, മലയാള മനോരമ പട്ന ലേഖകന്‍ വി.വി.ബിനു, 24 ന്യൂസ് ഡല്‍ഹി ലേഖകന്‍ ബല്‍റാം നെടുങ്ങാടി എന്നിവര്‍ സിദ്ദിഖ് കാപ്പനെ കുടുക്കിയെന്നാണ് ആരോപണം.
സിദ്ദിഖ് കാപ്പന്റെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ചും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതു സംബന്ധിച്ചും ചില രേഖകള്‍ ഇവരില്‍ നിന്നു യുപി പൊലീസ് ശേഖരിച്ചുവെന്നതിനപ്പുറം കുറ്റപത്രത്തിലെ ആരോപണങ്ങള്‍ക്ക് ഈ രേഖകള്‍ അടിസ്ഥാനമാക്കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
സിദ്ദിഖ് കാപ്പന് കെയുഡബ്ല്യൂജെ സെക്രട്ടറി എന്ന നിലയില്‍ സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പു നടത്തിയതിന്റെ രേഖകളാണ് വി.വി.ബിനുവില്‍ നിന്ന് യുപി പൊലീസിനു ലഭിച്ചത്. കേരള സര്‍ക്കാര്‍ പിആര്‍ഡി വകുപ്പില്‍ നിന്നും വിജിലന്‍സില്‍ നിന്നും ലഭിച്ച ചില വിവരാവകാശ രേഖകളാണ് വി.വി.ബിനു യുപി പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ കൈമാറിയത്.
കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കെയുഡബ്ല്യൂജെ ഡല്‍ഹി ഘടകം നല്‍കേണ്ട സംഭാവനയ്ക്കായി ബാങ്ക് അക്കൗണ്ടിലേക്കു സ്വീകരിച്ച തുക സര്‍ക്കാരിനു കൈമാറിയില്ലെന്നു കണ്ടതിനെ തുടര്‍ന്നു ഫെഡറല്‍ ബാങ്കിന്റെ ശാഖയ്ക്ക് ബല്‍റാം നല്കിയ പരാതിയാണ് ഒരു രേഖ. ഹത്രാസില്‍ സിദ്ദിഖ് കാപ്പനും സംഘവും പിടിയിലാകുന്നതിന് ഏഴു മാസം മുന്‍പായിരുന്ന ബല്‍റാം ഈ പരാതി ബാങ്ക് മാനേജര്‍ക്കു നല്‍കിയത്.
ഇന്‍ഡസ് സ്ക്രോള്‍ ഓണ്‍ലൈന്‍ എഡിറ്റര്‍ കൂടിയായ ശ്രീദത്തന് സിഎഎ വിരുദ്ധ പ്രക്ഷോഭ കാലത്ത് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ചില വാര്‍ത്തകളെ കുറിച്ചുള്ള രേഖകളാണ് യുപി പൊലീസിനു കൈമാറിയത്. ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ വെടിയേറ്റു മരിച്ചുവെന്നത് ഉള്‍പ്പെടെ ചില വ്യാജ വാര്‍ത്തകള്‍ സിദ്ദിഖ് കാപ്പന് പ്രചരിപ്പിച്ചുവെന്നതാണ് 2020 മാര്‍ച്ചില്‍ ഇന്‍ഡസ് സ്ക്രോളില്‍ വന്ന വാര്‍ത്ത. ആറു മാസത്തിനു ശേഷമാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റു ചെയ്തത്.
സിദ്ദിഖ് കാപ്പന്റെ ലാപ്ടോപില്‍ നിന്നാണ് ഈ രേഖകളില്‍ ഭൂരിഭാഗവും യുപി പൊലീസിനു ലഭിച്ചത്. ഈ രേഖകളുടെ നിജസ്ഥിതി അറിയാന്‍ യുപി പൊലീസ് മാധ്യമ പ്രവര്‍ത്തകരോട് അന്വേഷിക്കുകയും ചില അധിക രേഖകള്‍ ശേഖരിക്കുകയും ചെയ്തു.
യുപി പൊലീസ് നടത്തിയ വിപുലമായ അന്വേഷണത്തില്‍ ലഭിച്ച രേഖകളായി കേസ് ഡയറിയില്‍ ഈ രേഖകള്‍ ഉള്‍ക്കൊള്ളിച്ചെങ്കിലും കുറ്റപത്രത്തിലെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമാക്കിയിട്ടില്ല. കാപ്പന് കേസിലെ സാക്ഷിപ്പട്ടികയിലുള്ള 50 പേരില്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ ആരുമില്ല. അതായത് സിദ്ദിഖ് കാപ്പന് എതിരായ യുഎപിഎ കേസില്‍ ഈ രേഖകളൊന്നും ആധാരമാക്കിയിട്ടില്ലെന്നു സാരം.
യുഎപിഎ കേസില്‍ ഗുരുതരമായ കുറ്റാരോപണങ്ങള്‍ നേരിടുന്ന സിദ്ദിഖ് കാപ്പനെ കെയുഡബ്ല്യൂജെ സര്‍ക്കാര്‍ ഫണ്ട്, ബാങ്ക് തിരിമറി രേഖകളുടെ പേരിലാണ് യുപി പൊലീസ് കുറ്റം ചുമത്തിയതെന്ന ഉളുപ്പില്ലാത്ത പ്രചരണം നടത്താന്‍ സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യാണു മുന്നില്‍ നില്‍ക്കുന്നത്. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടുമായുള്ള അന്തര്‍ധാര അത്ര ശക്തമാണ് എന്നതിന്റെ നേര്‍തെളിവുകൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: