തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് സമ്പൂര്‍ണമായി പരാജയപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. ആഭ്യന്തരവകുപ്പിനെ എസ്ഡിപിഐ പോലുള്ള മതതീവ്രവാദ സംഘടനകള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. പോലീസില്‍ എസ്ഡിപിഐയുടെ സ്ലീപ്പര്‍ സെല്‍ സജീവമാണെന്നും പികെ കൃഷ്ണദാസ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പോലീസ് ഡാറ്റാബെയ്സില്‍ നിന്നും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയത് ഇതുകൊണ്ടാണ്. പോലീസുകാര്‍ക്കിടയില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ വാട്സപ്പ് ഗ്രൂപ്പുകളും സജീവമാണ്.
ആലപ്പുഴയില്‍ കൊല്ലപ്പെട്ട രണ്‍ജിത്ത് ശ്രീനിവാസന്റെ രഹസ്യങ്ങളും പോലീസാണ് എസ്ഡിപിഐക്ക് ചോര്‍ത്തിനല്‍കിയതെന്ന് കരുതേണ്ടിവരുമെന്നും കൃഷ്ണദാസ് പറഞ്ഞു.
കൊല്ലപ്പെടേണ്ടവരുടെ പട്ടിക പോലീസാണ് തയ്യാറാക്കി നല്‍കുന്നതെന്ന് സംശയിക്കുന്നു. ആര്‍എസ്എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ എസ്ഡിപിഐ പറയുന്നത് തന്നെയാണ് പോലീസും പറയുന്നത്. എസ്ഡിപിഐയുടെയും പോലീസിന്റെയും ശബ്ദം ഒന്നാണ്. ഇടതുപക്ഷ ജിഹാദി പോലീസ് അവിശുദ്ധ സഖ്യമാണിതിനു കാരണം. ഇത് സിപിഎം അവരുടെ നയമായി സ്വീകരിച്ചുകഴിഞ്ഞു. എസ്ഡിപിഐയിലെ യഥാര്‍ത്ഥ കൊലയാളികളെ പിടികൂടാന്‍ പോലീസ് തയ്യാറാകുന്നില്ല. മതതീവ്രവാദികളുമായി പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കമെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
ആഭ്യന്തരവകുപ്പ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. തീവ്രവാദ സംഘടനകളും ഗുണ്ടാലഹരിമാഫിയയും അഴിഞ്ഞാടുന്നു. ആഭ്യന്തരവകുപ്പിന്റെ വീഴ്ച മറയ്ക്കാന്‍ ആര്‍എസ്എസിനുമേല്‍ കുറ്റം ആരോപിക്കുകയാണ്. ആര്‍എസ്എസിനെതിരെ പോലീസ് സംസ്ഥാനത്ത് പോലീസ് രാജ് നടപ്പാക്കിയിരിക്കുകയാണ്. ഇത് എസ്ഡിപിഐയെ പ്രീണിപ്പിക്കാനാണ്. ബിജെപി ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: