ന്യൂദല്‍ഹി: വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇനി ഭാരതീയ സംഗീതം കേള്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കി വ്യോമയാന മന്ത്രാലയം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് (ഐസിസിആര്‍) നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടല്‍. സമ്പന്നമായ പൈതൃകവും സംസ്‌കാരവും ഉള്ള ഭാരതീയസംഗീതത്തില്‍ ഇന്ത്യക്കാരന് അഭിമാനിക്കാവുന്ന ഒന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യോമയാനമന്ത്രാലയം ഉപദേശരൂപത്തിലുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശം ഐസിസിആര്‍ ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും വ്യോമയാനമന്ത്രാലയത്തെയും അഭിനന്ദിച്ചുകൊണ്ടാണ് ഐസിസിആറിന്റെ ട്വിറ്റര്‍ പോസ്റ്റ്.
കേന്ദ്രസര്‍ക്കാരിന്റെ സ്വയംഭരണാധികാരമുള്ള സംഘടനയാണ് ഐസിസിആര്‍. സാംസ്‌കാരിക നയതന്ത്രമാണ് ഐസിസിആറിന്റെ പ്രധാന ദൗത്യം. നിര്‍ദേശത്തില്‍ വ്യോമയാനമന്ത്രാലയം മറ്റ് രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ പിന്തുടരുന്ന മാതൃകയെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. അവിടെ വിമാനക്കമ്പനികളും വിമാനത്താവളങ്ങളും അതത് രാജ്യങ്ങളിലെ സംഗീതമാണ് കേള്‍പ്പിക്കുന്നത്.
അമേരിക്കന്‍ എയര്‍ലൈന്‍ ജാസാണ് കേള്‍പ്പിക്കുന്നത്. ആസ്‌ത്രേല്യന്‍ എയര്‍ലൈന്‍സാകട്ടെ മൊസാര്‍ട്ടിനെയും ഗള്‍ഫിലെ വിമാനക്കമ്പനികള്‍ അറേബ്യന്‍ സംഗീതവുമാണ് കേള്‍പ്പിക്കുന്നത്. അതേ സമയം ഇന്ത്യയിലെ വിമാനക്കമ്പനികള്‍ അപൂര്‍വ്വമായി മാത്രമേ ഭാരതീയ സംഗീതം വിമാനങ്ങളില്‍ ഉപയോഗിക്കാറുള്ളൂ. ‘ഭാരതീയ സംഗീതത്തിന് സമ്പന്നമായ പൈതൃകവും സംസ്‌കാരവും ഉണ്ട്. ഓരോ ഇന്ത്യക്കാരനും സത്യസന്ധമായി അഭിമാനിക്കാവുന്ന പല കാര്യങ്ങളും ഭാരതീയ സംഗീതത്തിലുണ്ട്.’- വ്യോമയാനമന്ത്രാലയം നല്‍കിയ ഉപദേശസ്വഭാവമുള്ള ഉത്തരവില്‍ പറയുന്നു.
‘ഇന്ത്യയ്‌ക്ക് പരമ്പരാഗത സംഗീതത്തിന്റെ സമ്പന്നമായ വൈവിധ്യമുണ്ട്. ഇന്ത്യയുടെ വൈപുല്യവും വൈവിധ്യവും ഉള്ളതിനാല്‍, ഭാരതീയ സംഗീതത്തിന് ക്ലാസിക്കല്‍ സംഗീതം, നാടന്‍ പാട്ടുകള്‍, ലളിതസംഗീതം, ഉപകരണ സംഗീതം എന്നിവ ഉള്‍പ്പെട്ട വിവിധ രൂപങ്ങളും ശൈലികളുമുണ്ട്. നിരവധി നൂറ്റാണ്ടുകളുടെ ചരിത്രവും ഭാരതത്തിന്റെ വിവിധ ഭൂമിശാസ്ത്രങ്ങളില്‍ വികസിച്ച ശൈലികളുമുണ്ട്. ഇന്ത്യയുടെ സാമൂഹ്യ-മത ജീവിതത്തിന്റെ അവിഭാജ്യഘടകമായാണ് സംഗീതം ഇന്ത്യയില്‍ ആരംഭിച്ചത്. ‘- വ്യോമയാനമന്ത്രാലയം പറയുന്നു.
വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഭാരതീയ സംഗീതം കേള്‍പ്പിക്കണമെന്ന നിര്‍ദേശം ഡിസംബര്‍ 23നാണ് ഐസിസിആര്‍ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന് നല്‍കിയത്. ഭാരതീയ ശാസ്ത്രീയ സംഗീതമോ ഉപകരണ സംഗീതമോ ലളിതസംഗീതമോ കേള്‍പ്പിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരുന്നത്. അനുമാലിക്, റീത ഗാംഗുലി, വസിഫുദ്ദീന്‍ ദാഗര്‍ എന്നിവരും സന്നിഹിതരായിരുന്നു. ഡിസംബര്‍ 28ന് വ്യോമയാനമന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: