തുറവൂര്‍ : ഇരട്ടക്കൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ പോലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതായി അവകാശപ്പെടുമ്പോള്‍ ഗുണ്ടാ ആക്രമണങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി മൂന്നംഗസംഘം ബിജെപി പ്രവര്‍ത്തകനെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോടംതുരുത്ത് പഞ്ചായത്ത് 104 -ാം നമ്പര്‍ ബൂത്ത് കമ്മിറ്റി അംഗം എഴുപുന്നതെക്ക് പാലക്കാത്തവീട്ടില് അജേഷ് ചന്ദ്രനാ(39)ണ് കൈക്ക് ഗുരുതരപരിക്കേറ്റ് എറണാകുളത്തെ സ്പെഷലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്നത്.
വല്ലേത്തോട്ടിലായിരുന്നു സംഭവം. കടയില്‍പ്പോയി മടങ്ങുംവഴി വീടിനുസമീപത്തെ കലുങ്കില്വച്ച് ‘വാവക്കുട്ടന്’ എന്നുവിളിക്കുന്ന പ്രവീണും മറ്റുരണ്ടുപേരും ചേര്‍ന്ന് അജേഷിനെ മര്‍ദിക്കുകയും ഇടതുകൈയില്‍ വടിവാളുകൊണ്ട് വെട്ടുകയുമായിരുന്നു.
അജേഷിന്റെ നിലവിളികേട്ട് നാട്ടുകാരെത്തിയപ്പോള്‍ ആയുധമുപേക്ഷിച്ച് പ്രതികള്‍ ഓടിരക്ഷപ്പെട്ടു. ചേര്‍ത്തല ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് അജേഷിനെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിവരമറിഞ്ഞ് കുത്തിയതോട് പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.
വെട്ടാനുപയോഗിച്ചെന്നു സംശയിക്കുന്ന വടിവാള്‍, സംഭവസ്ഥലത്തുനിന്നു പോലീസ് കണ്ടെടുത്തു. ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രധാനപ്രതിയായ വാവക്കുട്ടന്റെ പേരില്‍ കുത്തിയതോട് സ്റ്റേഷനില്‍ നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ബി.ജെ.പി. കോടംതുരുത്ത് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് ടി.ആര്. പ്രമോദ് അധ്യക്ഷത വഹിച്ചു. ജനറന്‍ സെക്രട്ടറി അരുണ്‍ജിത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: