തിരുവനന്തപുരം: ഹിന്ദുവംശഹത്യയെ സ്വാതന്ത്ര്യസമരമായും കൊടുംക്രിമിനലുകളെയും കൊലപാതകികളെയും ദേശസ്നേഹികളായും ചിത്രീകരിക്കുന്ന പ്രവണത ഏറിവരികയാണെന്ന് രാഷ്ട്രീയസ്വയംസേവക സംഘം മുതിര്‍ന്ന പ്രചാരകന് എസ്.സേതുമാധവന് പറഞ്ഞു. കോട്ടയ്ക്കകം ലെവി ഹാളില്‍ നടന്ന ഹിന്ദുപ്രതിരോധ ദിനാചരണവും അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രം വികലമായി അവതരിപ്പിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള ബോധം സമൂഹത്തിന് പകര്ന്നുനല്കാന് കഴിയണം. സത്യസന്ധമായ ചരിത്രം പുറത്തുവരാതിരിക്കാന്‍ ഭരണകൂടവും മതതീവ്രവാദികളും ശ്രമിക്കുന്നു. പരാജയത്തിന്റെയും അപമാനത്തിന്റെയും ചരിത്രമല്ല ഹിന്ദുവിന്റേതെന്നും തിരിച്ചടികളും പ്രതിരോധവുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പഴശിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാരെയും തിരുവിതാംകൂര്‍ സൈന്യം ടിപ്പുവിനെയും സ്വാമി സത്യാനന്ദസരസ്വതിയുടെ നേതൃത്വത്തില്‍ ശംഖുമുഖം ആറാട്ടുകടവിലെ അനധികൃത നിര്‍മ്മാണം നീക്കിയതിനെയും സേതുമാധവന് അനുസ്മരിച്ചു.
മതവെറിമൂത്ത് തിരുവിതാംകൂറിനെ കീഴടക്കുമെന്നും ശ്രീപദ്മനാഭന്റെ കൊടിമരത്തില്‍ തന്റെ കുതിരകളെകെട്ടുമെന്നും വീമ്പിളക്കിയ ടിപ്പുസുല്‍ത്താനെ വെട്ടിവീഴ്ത്തിയ ഒന്നാം നെടുങ്കോട്ട യുദ്ധവിജയദിനമാണ് ഹിന്ദുപ്രതിരോധദിനമായി ആചരിച്ചത്. തിരുവിതാംകൂറിനെ ആക്രമിക്കാനെത്തുമ്പോള്‍ നെടുങ്കോട്ടയില്വച്ച് ഡിസംബര്‍ 29 ന് വൈക്കം പത്മനാഭപിള്ളയുടെ നേതൃത്വത്തിലുള്ള 20 അംഗ ചാവേറുകള്‍ ടിപ്പുവിനെ വെട്ടിപരിക്കേല്പ്പിക്കകുകയായിരുന്നു. ഈ ദിനമാണ് ഹിന്ദുമഹാസമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണത്തിനും തെരഞ്ഞെടുത്തത്.
ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. എം.ഗോപാല്‍ അധ്യക്ഷത വഹിച്ചു. നെടുങ്കോട്ടയിലെ സ്വാഭിമാനദിനം എന്ന ഡോക്യുമെന്ററിയുടെ സ്വിച്ച്ഓണ്‍ കര്‍മ്മം തിരുവിതാംകൂര്‍ രാജകുടുംബാംഗ ആദിത്യവര്‍മ്മ നിര്‍വഹിച്ചു. ബിജെപി സംസ്ഥാന വക്താവ് വാചസ്പദി, കലാകൗമുദി കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വടയാര്‍ സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹിന്ദുമഹാസമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി 501 അംഗങ്ങളുള്ള സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: