തരിയോട്: തരിയോട് ഗ്രാമ പഞ്ചായത്തിലെ സ്വകാര്യ റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ ഇടപെടല്‍. നിയമവിരുദ്ധമായ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പശ്ചിമഘട്ട സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടല്‍.
ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉള്‍പ്പടെയുള്ള എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ദ സമിതി നിര്‍മ്മാണത്തിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനാണ് ഹൈക്കോടതി ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്നു നില കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതിയുടെ മറവിലാണ് ഇവിടെ നാലു നില കെട്ടിടം നിര്‍മ്മിച്ചത്. പിന്നീട് ഇത് ക്രമവല്‍ക്കരിക്കാന്‍ താഴത്തെ നില മണ്ണിട്ടു മൂടി. നിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടം, ജില്ലാ ദുരന്ത നിവാരണന അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നു വിദഗ്ദ സമിതി കണ്ടെത്തിയിട്ടുണ്ട്. നിലവിലെ നിര്‍മ്മാണം പഞ്ചായത്തില്‍ നിന്നും നേടിയ പെര്‍മിറ്റില്‍ നിന്നും തികച്ചും വിഭിന്നമാണ്. കേരള പഞ്ചായത്ത് ബില്‍ഡിങ് നിയമപ്രകാരം, ജില്ലാ ടൗണ്‍ പ്ലാനറുടെ അംഗീകാരമുള്ള രൂപരേഖയിലാണ് നിര്‍മ്മാണം നടത്തേണ്ടത്. റിസോര്‍ട്ടിന് വേണ്ടി അത്തരമൊരു അംഗീകാരം ടൗണ്‍ പ്ലാനര്‍ നല്‍കിയിട്ടില്ല.
മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ ഒന്നരമീറ്റര്‍ ആഴത്തില്‍ നിന്നും മണ്ണ് നീക്കം ചെയ്ത് കെട്ടിടനിര്‍മ്മാണം നടത്തുകയും, പിന്നീട്, കെട്ടിടത്തിന്റെ ഉയരം കുറച്ച് കാണിക്കാനായി ഏറ്റവും താഴത്തെ നില മണ്ണിട്ട് മൂടാനായി വലിയ അളവില്‍ മണ്ണ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി നിയമ ലംഘനങ്ങള്‍ വിദഗ്ദ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരള റിയല്‍ എസ്റ്റേറ്റ് നിയമ പ്രകാരം ഇത്തരം പദ്ധതികള്‍ക്ക് കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ റജിസ്ട്രേഷന് നിര്‍ബന്ധമാണ്. എന്നാല്‍ ഈ റിസോര്‍ട്ടിന്റെ ഒരു പദ്ധതിയും അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച പരാതിയിയില്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയും കെന്‍സ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിരവധി പരാതികള്‍ നല്‍കിയിട്ടും തരിയോട് ഗ്രാമ പഞ്ചായത്തും പടിഞ്ഞാറത്തറ പോലീസും കമ്പനി ഉടമകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഹര്‍ജിയില്‍ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: