കൊച്ചി: പോലീസ് കരുതലെന്ന നിലയില്‍ ശേഖരിച്ച ഉന്നത ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വ്യക്തി വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്കിയ പോലീസുകാരനെ സസ്പെന്റ് ചെയ്തു. കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനസ് പി.കെ.യാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്. കറുപ്പസ്വാമി സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ജനുവരി 5ന് തീവ്രവാദത്തിനെതിരെ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാള്‍ പോലീസ് ഇന്റലിജന്‍സ് ജോലിയിലൂടെ ശേഖരിച്ച ക്രൈം കേസുകളില്‍ ഉള്‍പ്പെട്ടവരടക്കം നിരവധി പേരുടെ വിവരങ്ങള്‍ സുഹൃത്തായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കൈമാറിയതായി എസ്പി സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാന്‍ ശിപാര്‍ശ നല്‍കിയതായും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. ഇയാളുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനയുണ്ടാകും.
നേരത്തെ 16ന് ആണ് തൊടുപുഴ ഡിവൈഎസ്പി കെ. സദന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എസ്പിക്ക് കൈമാറിയത്. എന്നാല്‍ ഇത് കൃത്യമായി മുകളിലേക്ക് എത്താതെ ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് തടഞ്ഞുവച്ചു. പിന്നീട് എസ്പി വിവരം അറിഞ്ഞ് 22ന് അനസിനെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു.
ഡിസംബര്‍ 3ന് തൊടുപുഴ മങ്ങാട്ടുകവലയില്‍വെച്ച് കെഎസ്ആര്‍ടിസി കണ്ടക്ടറെ പ്രവാചക വിരുദ്ധ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തെന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നു. മക്കളുടെ മുന്നില്‍വെച്ചാണ് ബസില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി ആക്രമിച്ചത്. ഈ കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായകമായ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നത് കണ്ടെത്തിയത്.
കേസില്‍ ആകെ നാല് പേരാണ് പിടിയിലായത്. ഇതില്‍ വണ്ണപ്പുറം പ്ലാമൂട്ടില്‍ ഷാനവാസും അനസും 11 വര്‍ഷമായി സുഹൃത്തുക്കളാണ്. ഈ ബന്ധം ഉപയോഗിച്ചാണ് പോലീസിന്റെ മാത്രമായ ഔദ്യോഗിക വിവരങ്ങള്‍ പ്രതിക്ക് കൈമാറിയത്. പോലീസ് ഉദ്യോഗസ്ഥന് തന്റെ ഔദ്യോഗിക ഡൊമൈന്‍ ഐഡി ഉപയോഗിച്ച് ചോര്‍ത്തി ഇയാളുടെ തന്നെ ഫോണില്‍ നിന്നും പ്രവര്ത്തകന് അയച്ചുകൊടുക്കുകയായിരുന്നു. പ്രതികളിലൊരാളുടെ ഫോണില്‍ നിന്ന് പോലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചതോടെ ഉദ്യോഗസ്ഥരും ഞെട്ടി. റിമാന്‍ഡില്‍ പോയ 4 പ്രതികള്‍ പിന്നീട് ജാമ്യത്തിലിറങ്ങി. ഇതില്‍ ഫോണില്‍ വിവരങ്ങള്‍ കണ്ടയാളെ 22ന് വൈകിട്ട് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇതറിഞ്ഞ് നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് രാത്രി വൈകിയും സ്റ്റേഷന് മുന്നില്‍ തമ്പടിച്ചത്. ഇതോടെയാണ് വിവരം പുറത്താകുന്നത്.
പോലീസ് പോപ്പുലര്‍ ഫ്രണ്ട് ബന്ധം തെളിവ് സഹിതം പുറത്ത് വന്നതോടെ ആലപ്പുഴയിലെ രണ്‍ജീത് വധം അടക്കമുള്ള കേസുകളിലും ഇത്തരം ഇടപെടല്‍ സംശയിക്കപ്പെടുകയാണ്. ബിജെപി ഏറെക്കാലമായി ഇത്തരം ബന്ധമുള്ളതായി ആരോപമുയര്ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: