മൂന്നാര്‍: അവധിക്കൊപ്പം അതിശൈത്യം കൂടി ആരംഭിച്ചതോടെ മൂന്നാറില്‍ കുളിര് തേടി എത്തുന്നത് ആയിരങ്ങള്‍. മൂന്ന് ദിവസത്തിനിടെ വരയാടുകളുടെ കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍ മാത്രം എത്തിയത് 11,000 പേര്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ റെക്കോര്‍ഡ് എണ്ണം സഞ്ചാരികള്‍ ഞായറാഴ്ച പാര്‍ക്കിലെത്തി. ഞായറാഴ്ച 3900 പേരെത്തിയപ്പോള്‍ ക്രിസ്മസ് ദിനത്തില്‍ 3800 പേരാണെത്തിയത്. തിങ്കളാഴ്ച ഇത് 3300 ആയിരുന്നു.
ജനുവരി ആദ്യവാരം വരെ ഈ തിരക്ക് നീളുമെന്നും ദിനവും ശരാശരി 3000ന് മുകളില്‍ സഞ്ചാരികളെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഇരവികുളം ദേശീയോദ്യാനത്തിന്റെ ചുമതലയുള്ള വൈല്‍ഡ് ലൈഫ് വാര്ഡന് ജോബ് ജെ. നേര്യംപറമ്പില്‍ പറഞ്ഞു. 2880 പേര്‍ക്കാണ് രാജമലയിലെ പാര്‍ക്കില്‍ ദിവസം പ്രവേശനമെങ്കിലും തിരക്കേറിയതോടെ ക്രിസ്മസ് ദിനത്തിലും ഞായറാഴ്ചയും കൂടുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുകയായിരുന്നു. തിരക്കേറിയതോടെ രണ്ട് ദിവസവും ഇടക്ക് ടിക്കറ്റ് വിതരണം നിര്‍ത്തിവയ്ക്കേണ്ടിയും വന്നു.
മുമ്പ് നീലക്കുറിഞ്ഞി സീസണില്‍ ദിവസം 6000 പേര്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് ഭീഷണി നിലനില്ക്കുന്നതും വാഹന സൗകര്യങ്ങളുടെ കുറവും മൂലം പിന്നീട് ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുകയായിരുന്നു. രാജമലയില്‍ നിന്ന് വനംവകുപ്പിന്റെ ബസ്സുകളിലാണ് ഇടമലക്കുടി റോഡിന് സമീപം സ്ഥിതി ചെയ്യുന്ന പാര്‍ക്കിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കുന്നത്. ഇവിടെ ഒരു കി.മീറ്ററോളം ദൂരം സഞ്ചാരികള്‍ക്ക് നടന്ന് കാഴ്ചകള്‍ കാണാനാകും.
മൂന്നാറില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ അകലെ മറയൂര്‍ റോഡിലാണ് പാര്‍ക്കിലേക്കുള്ള പ്രവേശന കവാടവും ടിക്കറ്റ് കൗണ്ടറുമുള്ളത്. അതേസമയം മൂന്നാറില്‍ താപനില പൂജ്യത്തിലേക്ക് അടുക്കുകയാണ്. വെള്ളിയാഴ്ച സീസണിലെ കുറഞ്ഞ താപനിലയായ രണ്ട് ഡിഗ്രി ചെണ്ടുവരയിലും സെവന്മലയിലും രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: