വാസ്കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ ജംഷഡ്പൂര്‍ എഫ്സി പിടിച്ചുകെട്ടി. ഇരു ടീമുകളും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം നിന്നു (1-1) . ബ്ലാസ്റ്റേഴ്സിനായി മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ജംഷഡ്പൂരിനായി ഗ്രേഗ് സ്റ്റുവര്‍ട്ടുമാണ് ഗോളുകള്‍ നേടിയത്.
ഈ സമനിലയോടെ ബ്ലാസ്റ്റേഴ്സിനും ജംഷ്ഡ്പൂരിനും എട്ട് മത്സരങ്ങളില്‍ 13 പോയിന്റ് വീതമായി . എന്നാല്‍ ഗോള്‍ ശരാശരിയില്‍ ബ്ലസ്റ്റേഴ്സിനെ പിന്തള്ളി ജംഷഡ്പൂര്‍ രണ്ടാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തും. കഴിഞ്ഞ മത്സരങ്ങളില്‍ മുംബൈ സിറ്റി എഫ്സിയേയും ചെന്നൈയിന് എഫ്സിയേയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് ഇന്നലെ തുടക്കം മുതല്‍ തകര്‍ത്തുകളിച്ചത്. എന്നാല്‍ മത്സരഗതിക്കെതിരെ ജംഷഡ്പൂര്‍ ഗോള്‍ നേടി മുന്നിലെത്തി. പതിനാലാം മിനിറ്റില്‍ ഫ്രീ കിക്കിലൂടെ ഗ്രേഗ് സ്റ്റുവര്‍ട്ടാണ് സ്കോര്‍ ചെയ്തത്. ജംഷഡ്പൂരിന്റെ ബോറിസ് സിങ്ങിനെ ബ്ലാസ്റ്റേഴ്സ് താരം ഹര്‍മന്‍ജ്യോത് ഖബ്ര ഫൗള്‍ ചെയ്തതിനാണ് റഫറി ജംഷഡ്പൂരിന് അനുകൂലമായി ഫ്രീകിക്ക് അനുവദിച്ചത്. സ്റ്റുവര്‍ട്ടിന്റെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ഗോളിയെ കബളിപ്പിച്ച് വലയില്‍ കയറി. 1-0. ഗോള്‍ വീണതോടെ പോരാട്ടം മുറുക്കിയ ബ്ലാസ്റ്റേഴ്സ് 27-ാം മിനിറ്റില്‍ ഗോള്‍ മടക്കി. മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് ഗോള്‍ അടിച്ചത്. ബോക്സിന് മധ്യത്തില്‍ നിന്ന് സഹല്‍ തൊടുത്തുവിട്ട ഷോട്ട് ഗോള്‍വര കടന്നുപോയി.
ഇടവേളയ്ക്ക് ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1) നിന്നു. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് മികച്ച പോരാട്ടം തന്നെ കാഴ്ചവച്ചു. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ അടിക്കാനുള്ള നീക്കങ്ങള്‍ ജംഷഡ്പൂര്‍ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: