തിരുവനന്തപുരം: ഭര്‍ത്താവിന്റെ അക്കൗണ്ടിലിട്ട പണം മാറിപ്പോയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും കൈക്കൊണ്ടില്ലെന്നാരോപിച്ച് മണക്കാട് സ്വദേശിനി മുംതാസ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി. കേരള ഗ്രാമീണ്‍ ബാങ്കില്‍ ഭര്‍ത്താവ് സഫറുള്ളയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച 1,98,000 രൂപ അക്കൗണ്ട് നമ്പര്‍ മാറി മറ്റൊരു സഫറുള്ളയുടെ അക്കൗണ്ടിലാണ് എത്തിയത്.
തന്റെ അക്കൗണ്ടിലുള്ള പണം മറ്റൊരാളുടെ അക്കൗണ്ടിലേക്കു പോകുകയും അയാള്‍ ആ തുക ചെലവഴിക്കുകയും ചയ്ത സംഭവത്തില്‍ ഒന്നര മാസം മുമ്പ് ഫോര്‍ട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാകേഷിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ നാളിതുവരെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ പ്രതിയെ പിടികൂടുകയോ ചെയ്തിട്ടില്ലെന്നു കാണിച്ചാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുന്നത്. എസ്ഐ രാകേഷ് തന്നോട് തട്ടിക്കയറുകയും മോശം പരാമര്‍ശങ്ങള്‍ നടത്തിയതായും പരാതിയില്‍ പറയുന്നു.
ആഗസ്ത് 17ന് ആണ് മുംതാസ് കേരള ഗ്രാമീണ്‍ ബാങ്ക് മണക്കാട് ശാഖയില്‍ 1,98,000 രൂപ തന്റെ ഭര്‍ത്താവ് സഫറുള്ള എ.എമ്മിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കാനായി ചെല്ലുന്നത്. എന്നാല്‍ അക്കൗണ്ട് മാറിപ്പോയതിനാല്‍ ബീമാപ്പള്ളി സ്വദേശിയുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം ബാങ്കിലെത്തി പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് അക്കൗണ്ട് മാറിപ്പോയ വിവരം അറിയുന്നത്. തുടര്‍ന്ന് നവംബറില്‍ ബാങ്ക് മാനേജര്‍ക്കും ഫോര്‍ട്ട് എസിപിക്കും പരാതി നല്‍കുകയായിരുന്നു.
40 ദിവസം കഴിഞ്ഞിട്ടും പണം ലഭിച്ച ആളെപ്പോലും വിളിച്ചുവരുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. വിളിച്ചിട്ട് അയാള്‍ സ്റ്റേഷനിലേക്ക് വരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ അയാള്‍ ഒളിവിലാണെന്നും പറ്റുമെങ്കില്‍ കണ്ടെത്തിക്കൊടുക്കുവാനും ഫോര്‍ട്ട് സിഐ ആവശ്യപ്പെട്ടുവെന്നും മുംതാസ് പറയുന്നു.
പണം ലഭിച്ച ആള് ഓട്ടോ ഡ്രൈവറാണ്. ഇയാള്‍ ഓട്ടോ ഓടിക്കുന്നുണ്ടെന്നും വാട്സാപ്പ് സ്റ്റാറ്റസ് സഹിതം ഇട്ടിട്ടും അയാളെ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നില്ലെന്നും മുംതാസ് പറയുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കിയിട്ടു ദിവസം അഞ്ച് കഴിഞ്ഞു. എന്നിട്ടും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: