മലയാള സിനിമാരംഗത്തെ വടവൃക്ഷമാണ് കെ.എസ്. സേതുമാധവന്റെ വേര്‍പാടോടെ ഓര്‍മയായിരിക്കുന്നത്. ബാലാരിഷ്ടതകള്‍ പിന്നിട്ട് യൗവ്വനത്തിലേക്ക് കടന്ന മലയാള സിനിമയ്ക്ക് വസന്തകാലം സമ്മാനിച്ചത് ഈ സംവിധായകനായിരുന്നു. ആറ് പതിറ്റാണ്ടു കാലത്തിനിടെ അറുപതോളം സിനിമകള്‍. സവിശേഷതകള്‍ ഏറെയാണ് ആ പ്രതിഭാശാലിക്ക്. മലയാള സിനിമയില്‍ പലതിന്റെയും തുടക്കക്കാരനായിരുന്നു സേതുമാധവന്. മികച്ച സാഹിത്യകൃതികളില്‍നിന്ന് കാമ്പുളള തിരക്കഥകള്‍ സൃഷ്ടിച്ച് സിനിമകളൊരുക്കിയതാണ് ഇതിലൊന്ന്. മുട്ടത്തുവര്‍ക്കിയുടെ ചെറുകഥയെ ആധാരമാക്കി നിര്‍മിച്ച ആദ്യ സിനിമയായ ജ്ഞാനസുന്ദരി തന്നെ ഇക്കാര്യത്തില്‍ മഹത്തായ തുടക്കമായിരുന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍, ഓടയില്‍നിന്ന്, ഓപ്പോള്, ചട്ടക്കാരി, അരനാഴികനേരം, പണിതീരാത്ത വീട്, കന്യാകുമാരി, സ്ഥാനാര്‍ത്ഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന, വേനല്‍ക്കിനാവുകള്‍ എന്നിവ ഇതില്‍പ്പെടുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിന് തോപ്പില്‍ ഭാസിയെക്കൊണ്ട് തിരക്കഥയെഴുതിച്ച് അതേ പേരില്‍ സിനിമയാക്കിയപ്പോള്‍ സേതുമാധവന് എന്ന സംവിധായകന്റെ ക്രാഫ്റ്റ് തെളിഞ്ഞുകണ്ടു. ഓരോ ഫ്രെയിമിലും സംവിധാന കലയുടെ മായാജാലമാണ് ഈ ചിത്രത്തിലൂടെ കണ്ടത്. വന്‍ സാമ്പത്തികവിജയം നേടിയ യക്ഷി സിനിമയെ ഗൗരവമായെടുക്കുന്നവര്‍ക്ക് ഇന്നും ഒരു പാഠപുസ്തകമാണ്.
എണ്ണംപറഞ്ഞ സിനിമകളിലൂടെ മലയാളിയുടെ ചലച്ചിത്രാനുഭവങ്ങളെ സമ്പന്നമാക്കിയ സേതുമാധവന് ഈ രംഗത്ത് നേടിയത് മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത സ്ഥാനമാണ്. മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം നടന്ന് അതിനെ കരുപ്പിടിപ്പിച്ചയാള്‍ എന്നുപോലും പറയാം. ഈടുറ്റ കഥാപാത്രങ്ങള്‍ നല്കി സത്യന് എന്ന നടനെ പ്രേക്ഷകമനസ്സില്‍ കുടിയിരുത്തിയയാള്‍, സുന്ദരകളേബരനായ പ്രേംനസീറിനെക്കൊണ്ട് വില്ലന്‍ വേഷങ്ങള്‍ ചെയ്യിച്ചയാള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ മമ്മൂട്ടി എന്ന നടന്റെ മുഖത്ത് ആദ്യമായി ക്യാമറ വച്ചയാള്‍, പില്ക്കാലത്ത് സകലകലാവല്ലഭനായി വളര്‍ന്ന കമല്‍ഹാസനെ ‘കണ്ണും കരളി’ലൂടെ ബാലതാരമായും കന്യാകുമാരി എന്ന ചിത്രത്തിലൂടെ നായകനായും അവതരിപ്പിച്ചയാള്‍, ഓടയില്‍നിന്ന് എന്ന ചിത്രത്തിലൂടെ സുരേഷ്ഗോപിയെ ബാലതാരമായി പരിചയപ്പെടുത്തിയയാള്‍. ഇതൊക്കെ സേതുമാധവന് എന്ന ചലച്ചിത്രകാരനിലൂടെ സംഭവിച്ചതാണ്. സംഗീതവുമായി തനിക്ക് വലിയ ബന്ധമൊന്നുമില്ല എന്നു പറയുമായിരുന്ന സേതുമാധവന്റെ സിനിമകളാണ് മലയാളി മരിച്ചാലും മറക്കാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ചത്. വയലാര്‍-ദേവരാജന്‍ ടീമിലൂടെ പല സുവര്‍ണഗീതങ്ങളും പിറന്നത് സേതുമാധവന്റെ സിനിമകളിലാണ്. സിനിമയില്‍ ആെരക്കൊണ്ട് എന്തു ചെയ്യിക്കണമെന്ന് കൃത്യമായി അറിയാവുന്ന ഈ സംവിധായകന് മുടിചൂടാമന്നനായിരുന്ന സാക്ഷാല്‍ എംജിആറിനെപ്പോലും വരച്ച വരയില്‍ നിര്‍ത്തുമായിരുന്നു. അത്രയ്ക്കായിരുന്നു ആത്മാര്‍ത്ഥതയും ആത്മവിശ്വാസവും.
സകല തിന്മകളുടെയും വിളനിലമായി കരുതപ്പെടുന്ന സിനിമയുടെ മേഖലയില്‍ വിശുദ്ധമായിരുന്നു സേതുമാധവന്റെ വ്യക്തിത്വം. കലാകാരന്മാര്ക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതെന്നു പലരും ധരിച്ചുവച്ചിട്ടുള്ള ലഹരികളില്‍നിന്ന് എക്കാലത്തും അകന്നുനിന്നു. സിനിമാരംഗത്ത് സഹജമായ ഗോസിപ്പുകള്‍ക്ക് നിന്നുകൊടുത്തില്ല. ഒരിക്കലും വിവാദങ്ങള്‍ക്ക് പിന്നാലെ പോയില്ല. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള സേതുമാധവനെ തേടി സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നിരവധിയെത്തി. തനിക്ക് കിട്ടാത്ത പുരസ്കാരങ്ങളുടെ പേരില്‍ ആരോടും പരിഭവിച്ചില്ല. ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങള്‍ പുറത്തുവന്ന് സിനിമാരംഗത്ത് സജീവമായിരുന്നപ്പോഴും, പ്രായാധിക്യം മൂലം വിട്ടുനിന്നപ്പോഴും ഈ സംവിധായകന്റെ മനസ്സു നിറയെ സിനിമയായിരുന്നു. മലയാള സിനിമയ്ക്ക് നവോന്മേഷം പകരുക മാത്രമല്ല സേതുമാധവന് ചെയ്തത്. സിനിമയുടെ ചരിത്രത്തില്‍ ഒരു നവോത്ഥാനം സൃഷ്ടിക്കുകയുമായിരുന്നു. വിവിധ മേഖലകളില്‍ അതുല്യമായ സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ജന്മഭൂമി നല്കുന്ന ലെജന്‍ഡ് ഓഫ് കേരള പുരസ്കാരം 2019ല്‍ സമര്‍പ്പിച്ചത് സേതുമാധവനാണ്. തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഈ കുലപതിയെ ആദരിക്കുകയുണ്ടായി. ഏതു മേഖലയിലും മഹത്തായ സംഭാവനകള്‍ നല്കുന്നവര് ഇതിഹാസനായകന്മാരായി വാഴ്ത്തപ്പെടുന്നു. സിനിമയുടെ മേഖലയില്‍ സേതുമാധവന് ഒരു ഇതിഹാസമായിരുന്നു. ഞങ്ങളുടെ ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: