മല്ലപ്പള്ളി: ആനിക്കാട് പുന്നവേലിയ്ക്കടുത്ത് പിടന്നപ്ലാവില്‍ ചായക്കടയില്‍ ഉണ്ടായ സ്ഫോടനത്തിനു പിന്നിലെ ദുരൂഹത തുടരുന്നു. സ്ഫോടനം പാറമടകളില്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കള്‍ മൂലമാണെന്ന് വിദഗ്ദ്ധസംഘം സ്ഥിരീകരിച്ചെങ്കിലും, സ്ഫോടകവസ്തു സംഭവസ്ഥലത്ത് എങ്ങിനെ എത്തിയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. സ്ഫോടനം നടന്നത് കടക്കുള്ളിലാണോ അതോ പുറത്താണോ എന്നതിനും സ്ഥിരീകരണമില്ല.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന കീഴുവായ്പൂര് പോലീസ് പറയുന്നത് അന്വേഷണം തുടരുകയാണെന്നു മാത്രമാണ്. സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ കിണര്‍വെട്ടുകാരനായ സണ്ണി ചാക്കോയുടെ വീട്ടില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തിയതില്‍ ഡിറ്റനേറ്ററുകള്‍ കണ്ടെത്തിയതു മാത്രമാണ് പറയാവുന്ന പുരോഗതി. എന്നാല്‍ സണ്ണി ചാക്കോ പറയുന്നത് വീട്ടില്‍ നിന്നു കണ്ടെടുത്തത് 6 മാസത്തിലധികം പഴക്കമുള്ള വെള്ളത്തില്‍ മുങ്ങി ഉപയോഗശൂന്യമായ ഡിറ്റണേറ്ററുകളാണെന്നും താന്‍ ചായകടയിലേക്ക് പോയപ്പോള്‍ യാതൊരു സ്ഫോടകവസ്തുക്കളും കൊണ്ടു പോയിട്ടില്ലെന്നുമാണ്. തന്നെ മനപ്പൂര്‍വ്വം കേസില്‍പ്പെടുത്താനുള്ള അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നു സംശമുണ്ടെന്നുമാണ് ഇയാള്‍ പറയുന്നത്.
സംഭവത്തെക്കുറിച്ചു പല കോണുകളില്‍ നിന്നും പരസ്പര വിരുദ്ധമായ കഥകളാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ പരുക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബേബിച്ചനില് നിന്നും ഇതുവരെ പോലീസ് മൊഴിയെടുത്തിട്ടില്ലെന്ന് മകന് പറഞ്ഞു. അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: