ന്യൂദല്‍ഹി : യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആദായ നികുതി വകുപ്പ് നടത്തിയ തെരച്ചിലില്‍ 150 കോടിയോളം പിടിച്ചെടുത്തു. കാണ്‍പൂരിലെ സുഗന്ധ വ്യാപാരിയായ പീയുഷ് ജെയിനിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് പണം കണ്ടെത്തിയത്. സംസ്ഥാനത്തെ എസ്പി നേതാക്കളുടെ അടുത്ത ആളാണ് ഇയാളെന്നാണ് കണ്ടെത്തല്‍.
ജെയിനിന്റെ സ്ഥാപനങ്ങളിലെ അലമാരികളില്‍ നോട്ടുകള്‍ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് എണ്ണുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ സ്ഥാപനങ്ങളില്‍ വ്യാഴാഴ്ച തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. കണ്ടെടുത്ത പണത്തില്‍ ഇനിയും ഒരുപാട് എണ്ണിത്തീര്‍ക്കാനുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജെയിനിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഗുജറാത്ത് ഓഫീസുകളിലും സമാന രീതിയില്‍ തെരച്ചില്‍ നടക്കുന്നുണ്ട്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ജിഎസ്ടി ഉദ്യോഗസ്ഥര്‍ ആദ്യം ജെയിനിന്റെ സ്ഥാപനങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ കണക്കില്‍ പെടാത്ത കോടിക്കണക്കിന് തുക ഇവര്‍ കണ്ടെത്തിയതോടെ ആദായ നികുതി വകുപ്പിനേയും വിവരം അറിയിക്കുകയായിരുന്നു. ഇല്ലാത്ത കമ്പനികളുടെ പേരില്‍ വ്യാജ ഇന്‍വോയിസ് ഉണ്ടാക്കി ഇടപാടുകള്‍ രേഖപ്പെടുത്തി കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ നിലവില്‍ കേസെടുത്തിരിക്കുന്നത്.
സമാജ് വാദി പാര്‍ട്ടി നേതാക്കുളുടെ അടുത്ത അനുയായി ആണ് ജെയിന്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാര്‍ട്ടിക്കായി സമാജ്വാദി അത്തറും പിയുഷ് ജെയിന് കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയിരുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള ഫണ്ട് ആണോയിതെന്നും സംശയം ഉയരുന്നുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: