പത്തനംതിട്ട: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനോട് യോജിപ്പാണെന്ന് മിസിസ് ഗ്രാന്‍ഡ് യൂണിവേഴ്സ് ഡോ. ശശിലേഖ നായര്‍. പത്തനംതിട്ട പ്രസ്ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിവാഹപ്രായം ഉയര്‍ത്തുന്നത് പെണ്‍കുട്ടികള്‍ക്ക് നല്ലതാണ്. പെണ്‍കുട്ടികള്‍ സ്വയംപര്യാപ്തതയിലേക്കു നീങ്ങണം. ഐടി സംരംഭക കൂടിയായ ശശിലേഖ ചെറുകോല്‍-കാട്ടൂര്‍ സ്വദേശിനിയാണ്. ഫിലിപ്പീന്‍സിലെ മനിലയില്‍ ഇത്തവണ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെയായിരുന്നു മത്സരം. ചെറുപ്പത്തില്‍ പഠനത്തിലും പിന്നീട് കുടുംബജീവിതത്തിലും ബിസിനസിലും ശ്രദ്ധിച്ചിരുന്ന താന്‍ 2018ലാണ് സൗന്ദര്യമത്സരത്തിലേക്കു കാലെടുത്തുവച്ചതെന്ന് ശശിലേഖ പറഞ്ഞു.
മിസിസ് ഇന്ത്യ കേരള, മിസിസ് ഇന്ത്യ ഏഷ്യ ഇന്റര്‍നാഷണല്‍ മോസ് ചാമിംഗ് 2018 പുരസ്കാരങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. മിസിസ് ക്ലാസിക് ഗ്രാന്‍ഡ് യൂണിവേഴ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മിസിസ് ഗ്രാന്‍ഡ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്. ചെറുപ്പത്തില്‍ തന്നെ ഭരതനാട്യം പഠിച്ചിരുന്നു. ഇത്തവണത്തെ മത്സരത്തിന് സ്റ്റേജ് ഇനമായി ഭരതനാട്യം ചെയ്താണ് അയച്ചുകൊടുത്തത്. ലോകപരിചയവും കാഴ്ചപ്പാടുകളും മത്സരത്തില്‍ ഒരു വിഷയമാണ്. സൗന്ദര്യ മത്സരമോ അഭിനയമോ ഒരു തൊഴിലായി കാണുന്നില്ലെന്നും അവര്‍ പറഞ്ഞു. മൈക്രോ ബയോളജിയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ഹ്യുമാനിറ്റീസില്‍ ഓണററി ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
ഐബിഎം പ്രോജക്ട് എക്സിക്യൂട്ടീവ് ഓമല്ലൂര്‍ സ്വാതി നിലയത്തില്‍ രാജീവ് കുമാര്‍ പിള്ളയാണ് ഭര്‍ത്താവ്. സ്വാതി, ജാഹ്നവി എന്നിവരാണ് മക്കള്‍. പത്തനംതിട്ട നാരങ്ങാനം കാട്ടൂര്‍ വിജയസദനത്തില്‍ റിട്ടയേഡ് സുബേദാര്‍ മേജര്‍ ശശിധരന് നായരുടെയും റിട്ടയേഡ് അധ്യാപിക കെ.വി. വിജയമ്മയുടെയും മകളാണ്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ചുള്ള എക്യുമാട്രിക്സ് ഇന്‍ഫോവേയ്സ് സൊല്യൂഷന് മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ് ഡോ.ശശിലേഖ. മീറ്റ് ദ പ്രസില്‍ പ്രസ്് ക്ലബ് വൈസ് പ്രസിഡന്റ് എസ്. ഗീതാഞ്ജലി അധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: