ഇ.ബി. ലക്ഷ്മിപ്രഭ
കൊച്ചി: പ്രളയവും തുടര്‍ന്നുള്ള കൊവിഡുമെല്ലാം ആദ്യം തകര്‍ത്തെറിഞ്ഞത് വിനോദ സഞ്ചാരമേഖലയെ ആണ്. കൊവിഡിന് ശേഷം രാജ്യം തുറക്കുകയും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ക്രിസ്മസ് സീസണില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയായിരുന്നു മറൈന്‍ഡ്രൈവിലെ വിനോദ സഞ്ചാര ബോട്ടുകള്‍.
മുമ്പ് ക്രിസ്മസ് സീസണില്‍ മറൈന്‍ ഡ്രൈവും പരിസര പ്രദേശങ്ങളും വിനോദ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്നു. ഇന്ന് സ്ഥിതി അതല്ല. യാത്രക്കാരെ വിളിച്ചാല്‍പോലും ബോട്ടില്‍ കായല്‍ കാണാന്‍ തയ്യാറാവുന്നില്ലെന്ന് ബോട്ട് ജീവനക്കാര്‍ പറഞ്ഞു. ബോട്ടിന്റെ നിരക്കുകള്‍ കുറച്ചിട്ടും യാത്രക്കാരില്ല. 60 സഞ്ചാരികള്‍ കയറാവുന്ന ബോട്ടില്‍ 20 ഓളം യാത്രക്കാരെ മാത്രം കയറ്റിയാണ് യാത്ര. നഷ്ടം സഹിച്ചാണ് ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു.
ടൂറിസ്റ്റ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കീഴില്‍ 30 ഓളം ബോട്ടുകളാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. രാവിലെ 8.30 മുതല്‍ വൈകിട്ട് ഏഴുവരെയാണ് ബോട്ടുകളുടെ സര്‍വീസ്. ലോക് ഡൗണിന് ശേഷം ബോട്ടുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചിരുന്നെന്നും ലക്ഷങ്ങള്‍ മുടക്കിയാണ് സര്‍വീസിന് സജ്ജമാക്കിയത്. ഇതിന് വേണ്ടി മുട്ടിയ പണം പോലും തിരിച്ച് പിടിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: