നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്തിയിട്ടും ഉപഭോക്താക്കള്‍ വഞ്ചിതരും ചൂഷണവിധേയരുമായിത്തുടരുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു ഉപഭോക്തൃദിനം കൂടി ആചരിക്കാനൊരുങ്ങുന്നത്. 1986 ലാണ് ഇന്ത്യയില്‍ ആദ്യമായി ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്നത്. നിരന്തര ചൂഷണത്തിന് വിധേയരായിക്കൊണ്ടിരുന്ന ഉപഭോക്താക്കളുടെ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷൂറന്‍സ്, ട്രാന്‍സ്പോര്‍ട്ട്, ടെലിഫോണ്‍ സര്‍വീസ്, ഡോക്ടര്‍മാരുടെ സേവനം, വക്കീലന്മാരുടെ സേവനം, ജലവിതരണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫഌറ്റ് നിര്‍മാതാക്കള്‍, ഇന്ത്യന്‍ റയില്‍വേ, ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, പോസ്റ്റല്‍ സര്‍വ്വീസ്, ഗ്യാസ്, പെട്രോളിയം, ഇലക്ട്രിസിറ്റി ബോര്‍ഡ്, കൊറിയര്‍ സര്‍വ്വീസ്, ഓണ്‍ലൈന്‍ ഉത്പന്നങ്ങള്‍, ഐടി മേഖല തുടങ്ങിയ സേവനങ്ങളെല്ലാം ഈ നിയമത്തില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച് 15 ആണ് അന്താരാഷ്ട്ര ഉപഭോക്തൃ ദിനം.
2019 ല്‍ ഉപഭോക്തൃ സംരക്ഷണം പരിഷ്കരിച്ചു. നിയമത്തിന്റെ വ്യാപ്തിയും മേഖലകളും കൂടുതല്‍ വിസ്തൃതമാക്കി. ഉപഭോക്താക്കളില്‍ അവബോധമുണ്ടാക്കി അവരെ ശാക്തീകരിക്കുക എന്നതാണ് നിയമ പരിഷ്കരണ ലക്ഷ്യമായി അന്നത്തെ ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന് പറഞ്ഞത്.
നിയമം നിഷ്കര്‍ഷിക്കുന്നതു പോലെ ഉപഭോക്താവ് എന്ന നിലയില്‍ ജനങ്ങള്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന അവകാശങ്ങളെക്കുറിച്ചും സംരക്ഷണങ്ങളെക്കുറിച്ചും അറിവു നേടി ഉണരണം. കേരളം എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ്ണ ഉപഭോക്തൃ സംസ്ഥാനമായിരിക്കുമ്പോള്‍ പ്രത്യേകിച്ചും. വസ്തുതകള്‍ വിസ്മരിച്ചുള്ള കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് പിന്നാലെ പായുന്നവരില്‍ ഏറെയും വിദ്യാസമ്പന്നരാണ്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഒന്നാന്തരം വിപണന മേഖലയാണ് കേരളം. എല്ലാം വ്യാജമോ കൃത്രിമമോ അല്ലെങ്കിലും ഈ രംഗത്ത് വലിയ ഉപഭോക്തൃ ചൂഷണവും കബളിപ്പിക്കപ്പെടലുമാണുള്ളത്. വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന് ശഠിക്കുന്നവര്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തെ വെല്ലുവിളിക്കയാണ്.
മായം ചേര്‍ക്കലും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അളവുകളിലും തൂക്കങ്ങളിലും കൃത്രിമം, ചരക്കുകളുടെയും സേവനങ്ങളുടെയും ഗുണനിലവാരമില്ലായ്മയും ശിക്ഷാര്‍ഹമാണ്.വാങ്ങുന്ന സാധനങ്ങളുടെ ഗുണമേന്മയെ ആധികാരികമായി ഉറപ്പു വരുത്തുന്ന ഐഎസ്ഐ മാര്‍ക്ക് ഉണ്ടോ എന്നുറപ്പുവരുത്താന്‍ ഉപഭോക്താവിന് അവകാശമുണ്ട്. പായ്ക്ക് ചെയ്ത സാധനങ്ങള്‍ വാങ്ങുമ്പോള്‍ പായ്ക്കറ്റിന് പുറത്ത് ഉത്പന്നത്തിന്റെ പേര്, പായ്ക്ക് ചെയ്ത തീയതി, കാലാവധി കഴിയുന്ന തീയതി, വിലാസം, തൂക്കം, പരമാവധി ചില്ലറ വില്പന വില എന്നിവയെല്ലാം ഉറപ്പു വരുത്തുന്നതോടൊപ്പം അളവ്, തൂക്കം, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവ ശരിയായിട്ടാണോ എന്നതിലും ഉപഭോക്താവിന്റെ ശ്രദ്ധ വേണം. വാങ്ങുന്ന സാധനങ്ങള്‍ക്ക് ബില്ല് വാങ്ങുമ്പോള്‍ ഉപഭോക്താവ് രണ്ട് കാര്യങ്ങള്‍ ഉറപ്പാക്കുന്നു. ഒന്ന് വില്പന നികുതി സര്‍ക്കാരിലേക്ക് എത്തുമെന്നും ഏതെങ്കിലും വിധത്തില്‍ പരാതി ഉന്നയിക്കേണ്ടി വന്നാല്‍ തര്‍ക്കമുന്നയിക്കാനുള്ള ആധികാരികമായ രേഖ കൈവശമുണ്ടെന്നും.
ഉപഭോക്താവിന്റെ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങള്‍ ജില്ലാ-സംസ്ഥാന-ദേശീയ തലത്തിലുണ്ട്. 5 ലക്ഷം രൂപ വരെയുള്ള നഷ്ടപരിഹാര കേസുകള്‍ക്ക് ഫീസ് ആവശ്യമില്ല. കൂടാതെ മധ്യസ്ഥ ചര്‍ച്ചയിലൂടെയുള്ള പരിഹാരവും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പ്രക്രിയയ്ക്ക് അപ്പീലിന് അവസരം ലഭിക്കില്ല. വ്യവസ്ഥകള്‍ ലളിതമാക്കുന്നതിനായി ഇലക്ട്രോണിക്സ് മാധ്യമങ്ങള്‍ വഴിയും പരാതിപ്പെടാം.
വില കൊടുത്തു സാധനങ്ങളും സേവനങ്ങളും വാങ്ങുന്ന ഉപഭോക്താക്കള്‍ അകപ്പെടാവുന്ന നിരന്തര ചൂഷണങ്ങളില്‍ നിന്നും നിയമവിരുദ്ധ വ്യാപാര സമ്പ്രദായങ്ങളിലൂടെ വഞ്ചിതരാകാതിരിക്കാനും ജനങ്ങള്‍ക്കിടയില്‍ അവകാശ സമ്പാദനത്തിന്റെയും നിയമബോധനത്തിന്റെയും പൂത്തിരി വെട്ടമാണ് ഉപഭോക്തൃ സംരക്ഷണ നിയമം. അത് കൂടുതല്‍ പ്രശോഭിതമായിത്തീരട്ടെ. ഉണരൂ ഉപഭോക്താവേ ഉണരൂ…
(കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരള സംസ്ഥാന വൈസ് ചെയര്‍മാനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: