കുടിപ്പക, കൊള്ള, കൊല, അക്രമ പരമ്പര. കേരളത്തിലെ അനുദിന വാര്‍ത്തകള്‍ ഇതൊക്കെയാണ്. എല്ലാം ശരിയാകും എന്നുറപ്പ് നല്കിയ ഇടതുമുന്നണിയുടെ ഭരണത്തില്‍ ഒന്നും ഉറപ്പില്ലല്ലോ എന്ന ചിന്തയിലാണ് ജനങ്ങള്‍. എന്ന് മരിക്കും, എപ്പോള്‍ കൊല്ലപ്പെടും എന്ന ഭീതിയാണെങ്ങും. കോടതികള്‍ക്ക് പോലും അത് ചോദിക്കേണ്ടിവരുന്നു. കൊടുവാളും കത്തിയും കൈബോംബുമായി അക്രമി സംഘങ്ങള്‍ നാടടക്കി വാഴുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ റസ്സല്‍പുരത്ത് ഗുണ്ടാസംഘം വാഹനങ്ങള്‍ തകര്‍ത്ത് ഭീകര താണ്ഡവമാടി. ശനിയാഴ്ച ഉച്ചയോടെ നാട്ടുകാരെ നടുക്കിയ അക്രമപരമ്പരയാണ് അരങ്ങേറിയത്. ബൈക്കിലെത്തിയ ഇരുവര്‍സംഘമാണ് അക്രമം അഴിച്ചുവിട്ടത്. എരുത്താവൂരില്‍ നിന്നും തുടങ്ങിയ ആക്രമണം റസ്സല്‍പുരം ജംങ്ഷന് വരെയുണ്ടായി. ഒന്‍പത് ലോറികള്‍ക്കും മൂന്ന് കാറുകള്‍ക്കും നാല് ബൈക്കുകള്‍ക്കും നേരെയായായിരുന്നു ആക്രമണം. ഇതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരനായ ജയചന്ദ്രനും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കുമാണ് പരിക്കേറ്റത്.
ചാനല്‍പ്പാലം ജംങ്ഷനില്‍ ദിയ മൊബൈല്‍സ് ജീവനക്കാരിയുടെ മാസ്ട്രോ ബൈക്കിന്റെ ഗ്ലാസുകള്‍ ജീവനക്കാരി നോക്കിനില്‍ക്കെ തകര്‍ത്തു. വെട്ടുകത്തി കയ്യില്‍ കരുതിയിരുന്നതിനാല്‍ ജീവനക്കാര്‍ ആരും തന്നെ പുറത്തിറങ്ങിയില്ല. റസ്സല്‍പുരം പറങ്കിമാംവിള വീട്ടില്‍ പ്രഭയുടെ ബൈക്കാണ് അക്രമികള്‍ തകര്‍ത്തത്. സിമന്റ് ഗോഡൗണില്‍ സിമന്റ് കയറ്റാന്‍ എത്തിയ നാലുലോറികളും അക്രമികളിലൊരാള്‍ തകര്‍ത്തു. വഴിയേപോയ ബൈക്ക് യാത്രക്കാരനെയും വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. നിരവധി യാത്രക്കാരെ ഭീഷണിപ്പെടുത്തിയാണ് അക്രമിസംഘം ചാനല്‍പ്പാലം റസ്സല്‍പുരം റോഡ് വഴി കടന്നുപോയത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴേക്കും ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുന്നതിനിടയില്‍ നരുവാമൂട് സ്വദേശി മിഥുനെ പോലീസ് കസ്റ്റഡിയിലെടുത്തു. മിഥുന് ലഹരി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഇവര്‍ മുമ്പും ഇത്തരത്തില്‍ വാഹനങ്ങള്‍ തകര്‍ത്തവരാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൂട്ടുപ്രതിക്കായി അന്വേഷണം നടക്കുന്നു. ഗുണ്ടാ കഞ്ചാവ് മാഫിയയ്ക്കെതിരെ ശക്തമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാറുണ്ടെങ്കിലും ക്രിമിനലുകളും പോലീസും തമ്മിലുള്ള ചങ്ങാത്തം അന്വേഷണത്തേയും ബാധിക്കുന്നു. ഇത് തിരുവനന്തപുരത്തെ മാത്രം കഥയല്ല. കേരളമാകെ അരക്ഷിതാവസ്ഥയാണ്. കൊല്ലും കൊലവിളിയും സര്‍വ്വത്ര.
പിണറായി വിജയന് സര്‍ക്കാര്‍ വന്നതിനു ശേഷം 2016 മുതല്‍ ഇതുവരെ കേരളത്തില്‍ നടന്നത് 37 രാഷ്ട്രീയ കൊലപാതകങ്ങളെന്നാണ് പോലീസിന്റെ കണക്ക്. ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ നഷ്ടമായത് ബിജെപിക്കും ആര്‍എസ്എസിനുമാണ്. 16 ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് 5 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. എന്നാലും കൊലയാളികളായി സര്‍ക്കാര്‍ ചിത്രീകരിക്കുന്നത് ആര്‍എസ്എസിനെ.
സിപിഎം-ഒന്‍പത്, കോണ്‍ഗ്രസ്-അഞ്ച്, മുസ്ലീം ലീഗ്-അഞ്ച്, എസ്ഡിപിഐ-രണ്ട് എന്നിങ്ങനെ മറ്റു പാര്‍ട്ടി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം ആരാഞ്ഞ് നിയമസഭയില്‍ ചോദ്യം വന്നിരുന്നെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല. പ്രതികള്‍ എസ്ഡിപിഐയില്‍ പെട്ടവരാണെങ്കില്‍ സര്‍ക്കാരിന് മറുപടിയില്ലെന്ന് മാത്രമല്ല, നേരിടുമെന്ന മുന്നറിയിപ്പുപോലുമില്ല.
എല്ലാ സമയത്തും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കും. ഒന്നും നടക്കില്ല. ഒരു സംഭവം കഴിഞ്ഞ് മിഴി തുറക്കുമ്പോള്‍ പുതുതായി മറ്റൊന്നുണ്ടാകും. അപ്പോള്‍ പഴയത് മറക്കും. ഇങ്ങനെയാണോ ദൈവത്തിന്റെ സ്വന്തം നാട്. ഭരണക്കാര്‍ക്ക് ഉത്തരമുണ്ടാകില്ല. ജനങ്ങളെങ്കിലും ഉറക്കെ ചിന്തിക്കേണ്ടേ?.
പ്രതികരിക്കാൻ ഇവിടെ എഴുതുക: