കോഴിക്കോട്: യുവതികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മുന്‍മന്ത്രി കെ.കെ ശൈലജ. യുവതികളുടെ വിവാഹപ്രായം 18 ആയി തുടരുന്നതാണ് ഉചിതം. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹപ്രായം ഉയര്‍ത്തുകയല്ല വേണ്ടതെന്നും ശൈലജ പറഞ്ഞു.
പ്രായപൂര്‍ത്തി ആകുന്നതോടെ സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാന്‍ പ്രാപ്തിയുള്ളവരാകും. അതിനാല്‍ വിവാഹപ്രായം 21 ആക്കേണ്ടതില്ലെന്നും ശൈലജ കോഴിക്കോട് നടന്ന പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.
രാജ്യത്തെ സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. വിവാഹ ഏകീകരണ ബില്ലില്‍ സത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
വിവാഹ പ്രായം ഉയര്‍ത്തണമെന്ന് ആവശ്യം ഉന്നയിക്കുന്ന ബില്ലിന് മതേതര മുഖമാണെന്ന് അറിയിച്ചുകൊണ്ടാണ് സ്മൃതി ഇറാനി ബില്‍ അവതരിപ്പിച്ചത്. തുല്യതയ്‌ക്കും വേണ്ടിയുള്ളതാണ് ഇത്. എല്ലാ മതങ്ങള്‍ക്കും ഇത് ബാധകം. ബില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
അതേസമയം പ്രതിപക്ഷാംഗങ്ങള്‍ ബില്‍ സഭയില്‍ കീറിയെറിഞ്ഞു. ബില്ലിനെതിരെ പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ ഈ ബില്ലിനെ ആരും അപമാനിക്കരുത്. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് ഈ നിയമം. തുല്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇതെന്നും സ്മൃതി ഇറാനി മറുപടി നല്‍കി. തുടര്‍ന്ന് ബില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്ക് വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: