ഗുരുവായൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ ലേലം പിടിച്ച അമല്‍ മുഹമ്മദിന് തന്നെ കൊടുക്കാന്‍ ഭരണസമിതി തീരുമാനിച്ചു. കൊച്ചി ഇടപ്പള്ളി സ്വദേശിയായ അമല്‍ മുഹമ്മദ് അലി 15.10 ലക്ഷം രൂപയ്ക്കാണ് വാഹനം ലേലം പിടിച്ചത്. എന്നാല്‍, 21 ലക്ഷം രൂപ വാഹനത്തിന് നല്കാമോയെന്നും ഭരണസമിതി അമലിനോട് ചോദിച്ചിരുന്നു. 13 ലക്ഷം വിലയുള്ള വാഹനമാണ് 15.10 ലക്ഷത്തിന് വാങ്ങിയതെന്നും ജിഎസ്ടി കൂടി ചേരുന്നതോടെ 18 ലക്ഷം രൂപ മുടക്കേണ്ടി വരുമെന്നും അമല്‍ അറിയിച്ചു. തുടര്‍ന്നാണ് ലേലം വിളിച്ച തുകയ്ക്ക് തന്നെ താക്കോല്‍ കൈമാറാന്‍ തീരുമാനിച്ചത്.
വിദേശത്തുള്ള അമലിന് പകരമായി സുഹൃത്ത് സുഭാഷ് പണിക്കരായിരുന്നു ലേലം വിളിക്കാനെത്തിയത്. എന്നാല്‍, ഭരണസമിതി യോഗത്തില്‍ കൂടിയാലോചിച്ച ശേഷം മാത്രമേ ലേലം അംഗീകരിക്കാനാകൂവെന്നാണ് ദേവസ്വം ചെയര്മാന് അറിയിച്ചത്.
25 ലക്ഷം രൂപ വരെ ലേലം വിളിക്കാന്‍ അമല്‍ ഒരുക്കമായിരുന്നുവെന്ന് സുഭാഷ് പണിക്കര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് പിന്നീട് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ന് ചേര്‍ന്ന ഭരണസമിതിയാണ് ലേലം വിളിച്ചയാള്‍ക്ക് തന്നെ വാഹനം കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ചത്. ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന് എസ് യുവി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന് ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വാഹനം.
2020 ഒക്ടോബറിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ് യുവി വിപണിയില്‍ അവതരിപ്പിച്ചത്. പുറത്തിറക്കി ഒരു വര്‍ഷത്തിനിടയില്‍ തന്നെ വാഹനം വിപണിയില്‍ വിജയകുതിപ്പുണ്ടാക്കിയിരുന്നു. നിരത്തിലെത്തിയതിന് ശേഷം വാഹനത്തിന് 19ലധികം അവാര്‍ഡുകള്‍ ലഭിച്ചു. കൂടാതെ ഗ്ലോബല്‍ എന്‍ക്യാപ് നടത്തുന്ന ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങും വാഹനം കരസ്ഥമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: