അടൂര്‍: ലക്ഷങ്ങള്‍ മുടക്കി നഗരസഭ ബസ് സ്റ്റാന്റുകള്‍ നിര്‍മിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടേക്ക് ബസുകള്‍ കയറുന്നില്ല. പറക്കോടും അടൂരിലെ ബൈപ്പാസ് റോഡരികിലുമാണ് അനാഥമായി കിടക്കുന്ന സ്വകാര്യ ബസ്സ്റ്റാന്റുകള്.
നഗരസഭ മാറി മാറി ഭരിച്ച മുന്നണികളുടെ അനാസ്ഥയാണ് സ്റ്റാന്റ് ഉപയോഗപ്രദമായി തുറന്ന് കൊടുക്കാത്തതെന്ന് നാട്ടുകാര്‍ പറയുന്നു. 26 വര്‍ഷം മുന്‍പാണ് പറക്കോട് ജങ്ഷനു സമീപം കായംകുളം പുനലൂര്‍ റോഡരികില്‍ ശുചിമുറി, കാത്തിരിപ്പു കേന്ദ്രം എന്നിവ ഒരുക്കി ബസ്സ്റ്റാന്റ് ഉദ്ഘാടനം ചെയ്തത്. സ്റ്റാന്‍ഡില്‍ ഇപ്പോള്‍ ചരക്കു വാഹനങ്ങളും കെട്ടിടങ്ങളുടെയും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള സാധനങ്ങളുടെയും സംഭരണ കേന്ദ്രമായി മാറി. യാത്രക്കാര്‍ റോഡരുകിലാണ് ബസ് കാത്ത് നില്‍ക്കുന്നത്. ഇത് അപകടങ്ങള്‍ക്കും കാരണമാകുന്നു. അറിയപ്പെടുന്ന വിപണ കേന്ദ്രമായ പറക്കോട് അനന്തരാമപുരം ചന്തയും ബസ് സ്റ്റാന്‍ഡിനോട് അടുത്താണ്.
അടൂര്‍ ബൈപ്പാസ് റോഡരികിലും മറ്റൊരു സ്റ്റാന്‍ഡ് നിര്‍മിച്ചിട്ടുണ്ട്. നഗരം വിട്ട് നിര്‍മ്മിച്ച സ്റ്റാന്റില്‍ യാത്രക്കാരും ബസും എത്താറില്ല. കെഎസ്ആര്‍ടി സി ജങ്ഷനില്‍ നിന്നും നഗരം ചുറ്റി പുതിയ ബസ്സ്റ്റാന്റ് വഴി യാത്രാ ബസുകള്‍ തിരിച്ച് വിടാനുള്ള ശ്രമവും ആദ്യകാലത്തു തന്നെ പാളി. പേരിന് തറ കോണ്‍ക്രീറ്റ് ചെയ്ത് കാത്തിരിപ്പു കേന്ദ്രവും ശൗചാലയവും നിര്‍മ്മിച്ചു. ഇത് ഇപ്പോള്‍ തകര്‍ന്ന നിലയിലാണ്. ഇപ്പോള്‍ അന്യ സംസ്ഥാന ചരക്കു വാഹനങ്ങളുടെയും ടൂറിസ്റ്റ് വാഹനങ്ങളുടെയും പാര്‍ക്കിങ് കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. ഇതിനോടകം പല തവണ നഗരസഭ ഭരണ കര്‍ത്താക്കള്‍ സ്റ്റാന്റിന്റെ ഉദ്ഘാടനങ്ങളും നടത്തിയിരുന്നു. ഇവിടെ രാത്രികാലങ്ങളില്‍ കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
ഇടതു-വലതു മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും ബസ്സ്റ്റാന്റുകള് പ്രയോജനകരമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: