നാഗ്പുര്‍: മഹാരാഷ്ട്രയില്‍ ബീഡ് ജില്ലയിലെ മജല്‍ഗാവില്‍ 250 ഓളം നായ്ക്കുട്ടികളെ എറിഞ്ഞുകൊന്ന കുരങ്ങ് സംഘത്തിലെ പ്രധാനികളായ രണ്ടെണ്ണത്തെ നാഗ്പൂര്‍ വനംവകുപ്പ് പിടികൂടിയതായി അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പിടികൂടിയ കുരങ്ങന്മാരെ മറ്റൊരു കാട്ടില്‍ തുറന്നുവിട്ടു.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ലാവൂള്‍ എന്ന ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ രണ്ട് മാസമായി പ്രദേശത്ത് കുരങ്ങന്മാര് നായ്ക്കുട്ടികളെ കൊല്ലുന്ന സംഭവം പതിവാണെന്ന് ഗ്രാമീണര്‍ പറയുന്നു. നായ്ക്കുട്ടികളെ എടുത്തുകൊണ്ടുപോയി മരത്തില്‍ നിന്നും കെട്ടിടത്തില്‍ നിന്നും താഴേക്കെറിഞ്ഞ് കൊല്ലുന്നതാണ് കുരങ്ങന്മാരുടെ രീതി. മുമ്പ് ഒരു കുട്ടിക്കുരങ്ങനെ നായ്ക്കള്‍ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് കുരങ്ങുകള്‍ പിന്നീട് നായ്ക്കളെ കൊല്ലാന്‍ തുടങ്ങിയത്.
നായ്ക്കുട്ടികളെ ആക്രമിച്ചതിന് പിന്നാലെ സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് നേരെയും കുരങ്ങന്മാര് ആക്രമണം തുടങ്ങിയതോടെയാണ് ഗ്രാമീണര്‍ അധികൃതരെ വിവരമറിയിച്ചത്. ഗ്രാമീണര്‍ കുരങ്ങന്മാരുടെ ആക്രമണത്തില്‍ നിന്ന് നായകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കുരങ്ങന്മാരെ കൊണ്ട് പൊറുതിമുട്ടിയ ഗ്രാമവാസികള്‍ പ്രതിഷേധം കടുപ്പിച്ചതോടെയാണ് വനംവകുപ്പ് കുരങ്ങുകളെ പിടികൂടിയത്. നായ്ക്കളുടെയും കുരങ്ങന്മാരുടെയും പ്രതികാര സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: