വിളപ്പില്‍:വിളപ്പില്‍ശാലയില്‍ സ്ഥാപിക്കുന്ന ഡോ. എപിജെ അബ്ദുള്‍കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് ഭൂമി വിട്ടുനല്‍കി പണത്തിനായി കാത്തിരുന്ന സംരംഭക കടബാധ്യത താങ്ങാനാവാതെ ഒരു മുഴം കയറില്‍ ജീവനൊടുക്കി.
വിളപ്പില്‍ശാല നെടുങ്കുഴി ചെല്ലമംഗലത്ത് ശിവന്റെ ഭാര്യയും കല്ലുമല ഹോളോബ്രിക്സ് & ഇന്റര്‍ലോക് കമ്പനി ഉടമയുമായ രാജി (47) യെ ആണ് ഇന്നലെ പുലര്‍ച്ചെ 5.30ന് കമ്പനി വളപ്പിലെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പനി നടത്തിപ്പിനായി രാജി കേരള ഫിനാന്‍സ് കോര്പ്പറേഷന് വെള്ളയമ്പലം ശാഖയില്‍ നിന്ന് 58 ലക്ഷം വായ്പ എടുത്തിരുന്നു.
പലപ്പോഴായി 25 ലക്ഷം തിരിച്ചടച്ചെങ്കിലും കൊവിഡ് കാലത്തെ അടച്ചിടലിനെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി. വായ്പ കുടിശിക ഭീമമായതോടെ സ്വന്തമായുള്ള 74 സെന്റ് ഭൂമി വിറ്റ് കടക്കെണിയില്‍ നിന്ന് രക്ഷപെടാന്‍ രാജിയും ഭര്‍ത്താവും തീരുമാനിച്ചു. അപ്പോഴാണ് സാങ്കേതിക സര്‍വകലാശാലയ്ക്ക് നൂറ് ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ മുന്നോട്ടു വരുന്നത്.
ഒരു വര്‍ഷം മുമ്പ് സാങ്കേതിക സര്‍വകലാശാലയ്ക്ക് ആസ്ഥാനവും ക്യാമ്പസും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നൂറേക്കര്‍ ഏറ്റെടുത്തപ്പോള്‍ രാജിയുടെ 24 സെന്റും ഇതില്‍ ഉള്‍പ്പെട്ടു. സെന്റിന് 4.75 ലക്ഷം വിലയിട്ടാണ് രാജിയുടെ 24 സെന്റ് ഏറ്റെടുത്തത്. 2020ല്‍ ഭൂമിയുടെ പ്രമാണവും അനുബന്ധ രേഖകളും സര്‍ക്കാരിന് കൈമാറി. ഒറ്റത്തവണയായി 30 ലക്ഷം നല്കിയാല് വായ്പ അടച്ചു തീര്‍ക്കാമെന്ന് ബാങ്ക് അധികൃതര്‍ രാജിയെ അറിയിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ പണം ഉടന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ നാലുമാസം മുമ്പ് രാജി ബാങ്കധികൃതരുമായി കരാറിലേര്‍പ്പെട്ടു. കരാര്‍ കാലാവധി ഈ മാസം 31 ന് അവസാനിക്കും.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെന്ന ന്യായം നിരത്തി 50 ഏക്കര്‍ ഭൂമി മാത്രം ഏറ്റെടുക്കാന്‍ മൂന്നു മാസം മുമ്പ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ആദ്യം ഏറ്റെടുത്തതില്‍ ഉള്‍പ്പെട്ട രാജിയുടെ ഭൂമി പട്ടികയില്‍ നിന്ന് പുറത്തായി. ആധാരമുള്‍പ്പടെ സകല രേഖകളും സര്‍ക്കാരിന്റെ പക്കലായതിനാല്‍ ബാങ്ക് ലോണെടുക്കാനോ, ഭൂമി മറ്റാര്‍ക്കെങ്കിലും വില്‍ക്കാനോ കഴിയാത്ത സ്ഥിതിയിലായതോടെ രാജി മാനസികമായി തകര്‍ന്നു. കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ സ്ഥാപനവും കിടപ്പാടവും ബാങ്കുകാര് ദിവസങ്ങള്‍ക്കുള്ളില്‍ ജപ്തി ചെയ്യുമെന്ന ഭയത്തിലാണ് രാജി ആത്മഹത്യയെ അഭയം പ്രാപിച്ചത്.
സാങ്കേതിക സര്‍വകലാശാലയ്ക്ക് ഭൂമി വിട്ടു നല്കിയ 126 കുടുംബങ്ങളുണ്ട് വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ വാര്‍ഡില്‍. ഇവരില്‍ പലരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ‘ജന്മഭൂമി’ ഇവരുടെ ദുരവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ഡ് മെമ്പര്‍ ഉള്‍പ്പടെയുള്ളവര്‍ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ മൗനം പാലിച്ചു. വിളപ്പില്‍ശാല പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
രാജി ജീവനൊടുക്കിയതറിഞ്ഞ് ഭൂമി വിട്ടു നല്കിയവര് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജിയുടെ ഏകമകന് ശ്രീശരണ്‍ പേയാട് കണ്ണശ മിഷന് ഹൈസ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: