കംഗ്ര: ആര്‍എസ്എസ് സംഘചാലക് ഡോ. മോഹന്‍ ഭാഗവത് തിങ്കളാഴ്ച തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി. ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ചൈനയുടെ കയ്യടക്കലിന് മുന്‍പുള്ള തിബത്തിന്റെ സ്വതന്ത്രമായ പദവിയെക്കുറിച്ചു വരെ ഇരുകൂട്ടരും ചര്‍ച്ച ചെയ്തു.
കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. ഇതിന് പിന്നാലെ ഇന്ത്യയിലെ തിബത്തന്‍ സര്‍ക്കാരിന്റെ പ്രസിഡന്റ് പെന്‍പ സെറിങ്, തിബത്തന്‍ സര്‍ക്കാരിന്റെ സ്പീക്കര്‍ സോനം തെംഫെല് എന്നിവരും മോഹന്‍ ഭാഗവത്തുമായി കൂടിക്കാഴ്ച നടത്തി. ഡിസംബര്‍ 15 മുതല്‍ ദലൈലാമ പലരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും ധര്‍മ്മശാലയില്‍ എത്തിയ സ്ഥിതിക്ക് ദലൈലാമയെ കാണാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കിയാണ് ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭാഗവത് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നും പെന്‍പ സെറിങ് പറഞ്ഞു.
‘ഇന്ത്യയിലെ സര്‍ക്കാരും ജനങ്ങളും പിന്തുണ നല്കുന്നതില് നന്ദിയുണ്ട്. ഇരുകൂട്ടരും (ദലൈലാമയും മോഹന്‍ ഭാഗവതും) പ്രമുഖ നേതാക്കളാണ്. ഇരുകൂട്ടരും തീര്‍ച്ചയായും മനുഷ്യരാശിയുടെ വിശാലമായ താല്പര്യങ്ങളായിരിക്കും ചര്ച്ചാവിഷയമാക്കിയിരിക്കുക. ഞാനും തിബത്തന്‍ സര്‍ക്കാരിന്റെ സ്പീക്കറും അദ്ദേഹവുമായി (മോഹന്‍ ഭാഗവതുമായി) ഉപചാരപൂര്‍വ്വം കൂടിക്കാഴ്ച നടത്തി. ചൈനയുടെ കയ്യടക്കലിന് മുന്‍പുള്ള തിബത്തിന്റെ സ്വതന്ത്രമായ പദവിയെക്കുറിച്ചും ചര്‍ച്ചയുണ്ടായി. ഞങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നുള്ള സര്‍വ്വ പിന്തുണയും അദ്ദേഹം (ഭാഗവത്) വാഗ്ദാനം ചെയ്തിട്ടുണ്ട്,’ പെന്‍പ സെറിങ് പറഞ്ഞു.
കംഗ്ര മുതല്‍ ധര്‍മ്മശാല വരെയുള്ള പ്രദേശങ്ങളില്‍ അഞ്ചു ദിവസത്തെ സന്ദര്‍ശനപരിപാടിയിലാണ് മോഹന്‍ ഭാഗവത്. കഴിഞ്ഞ ദിവസം അദ്ദേഹം കംഗ്രയിലെ ഒരു സെമിനാറില്‍ പങ്കെടുത്തിരുന്നു. 60ഓളം ചിന്തകര്‍ ഈ സെമിനാറില്‍ പങ്കെടുത്തു. തിബത്തന്‍ പാര്‍ലമെന്റ് സ്പീക്കറും സിടിഎ പ്രസിഡന്റുമായ ഖെന്‍പോ സോനം ടെന്ഫെലും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: