കവരത്തി: ലക്ഷദ്വീപില്‍ വീണ്ടും ഭരണ പരിഷ്ക്കാരവുമായി ഭരണകൂടം. വെള്ളിയാഴ്ചകളില്‍ ലക്ഷദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്കിവന്നിരുന്ന അവധി ഇനി മുതല്‍ ഉണ്ടാകില്ല. വെള്ളിയാഴ്ചത്തെ സ്കൂള്‍ അവധി ഞായറാഴ്ചയിലേക്ക് മാറ്റി. മറ്റെല്ലാ പ്രദേശങ്ങളിലും വാരാന്ത്യ അവധി ഞായറാഴ്ചയാണ്. ഇത് സംബന്ധിച്ച് ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് ഇറക്കിയത്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്കാരത്തിന് ദ്വീപില്‍ നിന്ന് വലിയ പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍, പുതിയ ഉത്തരവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും പ്രതിഷേധിക്കാനുമാണ് ചില തീവ്ര നിലപാടുള്ള സംഘടനകളുടെ നീക്കം.
ദ്വീപില്‍ ബീഫ് നിരോധിച്ചെന്നും മദ്യം ഒഴുക്കുന്നു എന്നതടക്കം വ്യാജപ്രചാരണങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍, ഇവയെല്ലാം വ്യാജമെന്ന് തെളിഞ്ഞിരുന്നു. മാംസം നിരോധിക്കാന്‍ ഒരു തീരുമാനവും അഡ്മിനിസ്ട്രേഷന് എടുത്തിട്ടില്ല. അറവുശാലകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലെ നിര്‍ബന്ധമാക്കുകയായിരുന്നു. കൂടാതെ, സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തിയത് പിന്‍വലിച്ചു. മാംസാഹാരം സ്കൂളുകളില്‍ വിതരണം ചെയ്യേണ്ട എന്നത് വിദ്യാഭ്യാസ വിദഗ്ധരുടെ നിര്‍ദ്ദേശമാണ്. മുട്ടയോ മീനോ ആവാം. ഉച്ചഭക്ഷണത്തില്‍ മാംസം ഉള്‍പ്പെടുത്തിയത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ്. കുട്ടികള്‍ ഉച്ചയ്ക്ക് ഉറങ്ങിപ്പോകുന്നു എന്ന അധ്യാപകരുടെ പരാതി ചൂണ്ടിക്കാട്ടി പരിഷ്കാരം റദ്ദാക്കുകയായിരുന്നു.
മദ്യ വിതരണം ആരംഭിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നു. വിനോദ സഞ്ചാര വികസനത്തിനായി ബങ്കാരത്തിലെ റിസോര്‍ട്ടുകളില്‍ മാത്രമായിരുന്നു അനുമതി. അഗത്തിയിലും മിനിക്കോയിയിലും റിസോര്‍ട്ടുകളില്‍ മദ്യം നല്‍കാനാണ് ഇപ്പോള്‍ അനുമതി. പൊതു മദ്യശാലകള്‍ക്ക് ഒരു അനുമതിയലും ഇപ്പോഴും നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: