പത്തനംതിട്ട: ക്രിസ്തുമസിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ ആഘോഷങ്ങള്‍ക്കും കരോള്‍ സംഘങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായിരുന്നു. ഇപ്പോഴും കൊവിഡും പ്രളയവുമെല്ലാം കാരണം വ്യാപാര മേഖല ഏതാണ്ട് തകര്‍ന്ന നിലയിലാണ്. ക്രിസ്തുമസിന് നേരിയ ഉണര്‍വ് വ്യാപാര മേഖലയില്‍ കണ്ടുവരുന്നതിനിടെയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നീക്കം. കരോള്‍ സംഘങ്ങള്‍ക്കാണ് നിയന്ത്രണമെങ്കിലും ഇതു വ്യാപാര മേഖലയെ സാരമായി ബാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
കെഎസ്ആര്‍ടിസി ബസുകളിലടക്കം യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുമ്പോഴും സര്‍ക്കാരിനു വരുമാനമുള്ള മേഖലകളിലേക്ക് പരമാവധി ആളുകളെ എത്തിക്കാന്‍ ശ്രമിക്കുമ്പോഴും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം ദുരൂഹമാണെന്ന് വിവിധ ക്രൈസ്തവ സംഘടനാ നേതാക്കള്‍ പറഞ്ഞു. വിവേചനപരമായ തീരുമാനങ്ങള്‍ ജില്ലാ ഭരണകൂടം കൈക്കൊള്ളരുതെന്നും അവര്‍ ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെയാണ് ദേവാലയങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്കിവരുന്ന കാലഘട്ടത്തില്‍ പത്തനംതിട്ടയില്‍ ക്രിസ്തുമസ് ആഘോഷ പരിപാടികളെ നിയന്ത്രിക്കുന്നതിനോടുള്ള വിയോജിപ്പാണ് പ്രകടമാകുന്നത്. ജില്ലാ കളക്ടറുടെ ഉത്തരവിനേ തുടര്‍ന്ന് പ്രാദേശിക പോലീസ് സ്റ്റേഷനുകളില്‍ നിന്നു കരോള്‍ സംഘങ്ങള്‍ അനുമതി വാങ്ങണമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം അനുമതി നല്കാന്‍ പോലീസ് തയ്യാറാകാനുമിടയില്ല. ഇത്തരത്തില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്ന സമീപനങ്ങളില്‍ നിന്നു പിന്തിരിയണമെന്ന ആവശ്യമാണ് ഉയരുന്നത്. കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി പൂര്‍ണമായി ഒഴിവാക്കിയിരുന്നു. എന്നാല്‍ ചെറിയ ഇളവുകള്‍ ലഭിച്ചപ്പോള്‍ വീണ്ടും നിയന്ത്രണങ്ങളിലേക്കു തള്ളിയിടാനുള്ള നീക്കം വ്യാപാര മേഖലയ്‌ക്കു ദോഷമുണ്ടാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്ര പറഞ്ഞു.
വൈദിക ജില്ലാ സമിതി പ്രതിഷേധിച്ചു
പത്തനംതിട്ട: ക്രിസ്തുമസ് കരോളിന്ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മലങ്കര കാത്തലിക് അസോസിയേഷന്‍ റാന്നി-പെരുനാട് വൈദിക ജില്ലാ സമിതി പ്രതിഷേധിച്ചു.
പരമാവധി 20 പേരടങ്ങുന്ന സംഘത്തിനു മാത്രമാണ് അനുമതി എന്നും വീടുകളില്‍ ഭക്ഷണം ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും പറഞ്ഞ് കളക്ടര്‍ ഇറക്കിയ ഉത്തരവ് വിവേചനപരമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് എം.എസ്. സാമുവല്‍ അധ്യക്ഷത വഹിച്ചു. ആത്മീയ ഉപദേഷ്ടാവ് ഫാ. ജോണ്‍സണ്‍ പാറയ്‌ക്കല്‍, സെക്രട്ടറി പി.ടി. ജെയിംസ്, ജോര്‍ജ് യോഹന്നാന്‍, തോമസ് ചാക്കോ, സജി ജോര്‍ജ് മണക്കാട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: