തേഞ്ഞിപ്പലം (മലപ്പുറം): സര്‍വകലാശാല യൂണിയന് എസ്എഫ്ഐക്ക് തീറെഴുതാന്‍ സിന്‍ഡിക്കേറ്റ് നീക്കം ആരംഭിച്ചതായി പരാതി. യുയുസിയുടെ (യുണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍) എണ്ണം കുറച്ച് ഫെബ്രുവരി അവസാനവാരം തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. നിലവില്‍ 500ല്‍ കുറവ് വിദ്യാര്‍ഥികളുള്ള കോളേജുകളില്‍ നിന്ന് ഒരു യുയുസിയും അതിലധികം വിദ്യാര്‍ഥികളുള്ള കോളേജുകളില്‍ നിന്ന് രണ്ട് യുയുസിമാരെയുമാണ് തെരഞ്ഞെടുക്കുക.
പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളിലെ കോളേജുകളില്‍ നിന്ന് ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അധികാരമുള്ളത്. എന്നാല്‍ 500ല്‍ താഴെ വിദ്യാര്‍ഥികളുള്ള കോളേജുകളില്‍ നിന്ന് യുയുസിമാര്‍ വേണ്ടെന്ന നിലപാടിലാണ് സിന്‍ഡിക്കേറ്റ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. തന്ത്രം വിജയിച്ചാല്‍ അണ്‍എയ്ഡഡ് കോളേജുകളിലെ നാലിലൊന്ന് യുയുസിമാര്‍ ഇല്ലാതാകും. ഇത് എസ്എഫ്ഐ അടക്കമുള്ള ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ഗുണമാക്കും.
യൂണിയന് പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയോളമാണ് സര്‍വകലാശാല നീക്കിവയ്ക്കാറുള്ളത്. ഇത് മുഴുവന്‍ എസ്എഫ്ഐയുടെ കൈകളിലേക്കെത്തിക്കുകയാണ്, ഇടത് സഹയാത്രികര്‍ നേതൃത്വം നല്കുന്ന സിന്‍ഡിക്കേറ്റിന്റെ ലക്ഷ്യം. സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തിനെതിരെ സര്‍വകലാശാല ആസ്ഥാനത്തും അഫിലിയേറ്റഡ് കോളേജുകളിലും പ്രതിഷേധം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: