മണ്ഡലപൂജയ്ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ദിവസവേതനക്കാരുടെ കുറവ് പ്രസാദവിതരണം ഉള്‍പ്പടെ പ്രതിസന്ധിയിലാക്കുന്നു. കുറഞ്ഞത് 600 ജീവനക്കാരെങ്കിലുമുണ്ടെങ്കിലേ നിലവില്‍ സന്നിധാനത്തെ പ്രവര്‍ത്തനങ്ങള്‍ പരാതി രഹിതമായി നടത്തിക്കൊണ്ടു പോകാനാകൂ. 400 ല്‍ താഴെ താത്ക്കാലിക ജീവനക്കാരാണ് വിവിധ ജോലികള്‍ക്കായി ഇപ്പോള്‍ സന്നിധാനത്തുള്ളത്.
മഹാമാരിക്കു മുമ്പ് 2019 ല്‍ മണ്ഡലകാലത്ത് 1000 മുതല്‍ 1200 ജീവനക്കാര്‍ വരെ സന്നിധാനത്തുണ്ടായിരുന്നു. തീര്‍ത്ഥാടന നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ 600 ജീവനക്കാരെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡ് ഇക്കുറി ബന്ധപ്പെട്ട വകുപ്പിനോട് നിര്‍ദേശിച്ചെങ്കിലും 250 ല്‍ താഴെ ജീവനക്കാരെ മാത്രമാണ് നിയമിച്ചത്. പ്രസാദവിതരണത്തിലടക്കം ജീവനക്കാരുടെ കുറവ് വന്നതോടെ ബോര്‍ഡ് മൂന്നു തവണ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചെങ്കിലും അപേക്ഷകര്‍ കുറവായിരുന്നു.
200 ഓളം ജീവനക്കാര്‍കൂടി ഉണ്ടെങ്കില്‍ മാത്രമേ വരും ദിവസങ്ങളില്‍ പ്രസാദവിതരണം ഉള്‍പ്പെടെ സുഗമമായി നടത്തുവാന്‍ ബോര്‍ഡിന് സാധിക്കൂകയുള്ളൂ. വരും ദിവസങ്ങളില്‍ തീര്‍ത്ഥാടനത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതോടെ പ്രസാദ വിതരണം ഉള്‍പ്പെടെ കാര്യക്ഷമമാക്കുകയെന്നത് ബോര്‍ഡിന് വെല്ലുവിളിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: