കാശിക്കു സമാനമായൊരു വാക്കും വികാരവും മറ്റൊരു സ്ഥലത്തിനും സൃഷ്ടിക്കാനായിട്ടില്ല. ഭാരതത്തില്‍ ജനിച്ച ആര്‍ക്കും അക്കാര്യത്തില്‍ സംശയമുണ്ടാവില്ല, അയാള്‍ ഏതുമത വിശ്വാസിയാണെങ്കിലും. പാശ്ചാത്യ ദേശങ്ങളില്‍ നിത്യനഗരമെന്നു പേരുള്ളത് റോമാ നഗരത്തിനാണ്. എന്നാല്‍ യഥാര്‍ത്ഥ നിത്യനഗരം കാശിയാണെന്നു പാശ്ചാത്യരും സമ്മതിക്കും. കാശി യാത്ര ഏതു ഭാരതീയന്റെയും പരമാഭിലാഷമാണ്. ഇക്കാലത്തേതുപോലെ വാഹനസൗകര്യങ്ങള്‍ വികസിച്ചിട്ടില്ലാതിരുന്ന കാലത്ത് കാല്‍നട മാത്രം ഗതിയായിരുന്നപ്പോഴും ആളുകള്‍ കാശിക്ക് പോയിരുന്നു. കാശിക്ക് പോയി തിരിച്ചുവരാതിരുന്ന ഒരു പൂര്വികനെങ്കിലും ഓരോ വീട്ടിലും ഉണ്ടായിരിക്കും, ഇന്നത്തെ തലമുറയ്ക്കഭിമാനമായി. ഞങ്ങളുടെ, അതായത് എന്റെയും പത്നിയുടെയും കുടുംബങ്ങളില്‍ അങ്ങനെ ഓരോ ആളുണ്ടായിരുന്നു. അദ്ദേഹം കൊണ്ടുവന്ന ഗംഗാജലം വിശേഷപ്പെട്ട പാത്രങ്ങളിലാക്കി അറപ്പുരയില്‍ സൂക്ഷിച്ചതോര്ക്കുന്നു. ഗംഗാ കലശവുമായി വിശ്വഹിന്ദുപരിഷത്ത് ഭാരതപരിക്രമ നടത്തിയപ്പോള്‍ ഗംഗാജലം കുപ്പികളിലാക്കി രാജ്യമെങ്ങും ലഭ്യമാക്കിയത് ഒരു വന്‍ സംഭവമായിരുന്നു. വന്‍ ലോറികളില്‍ എത്തിക്കപ്പെട്ട അവ എറണാകുളത്തു കലൂരിലെ പാവക്കുളം ക്ഷേത്ര പരിസരത്തും എളമക്കരയിലെ കാര്യാലയ വളപ്പിലും നിരന്നു കിടക്കുന്നത് കണ്ട് വിസ്മയഭരിതരായ ആളുകള്‍ നോക്കിനിന്നിരുന്നു.
കാശി എന്നാരംഭിച്ചുവെന്നു ആര്‍ക്കുമറിയില്ല. ദ്വാദശ ജോതിര്ലിംഗങ്ങളിലൊന്ന് അവിടെയാണല്ലോ. ”വാരാണസ്യാഞ്ച വിശ്വേശ”മെന്നാണ് അതിന്റെ ശ്ലോകപരാമര്ശം. ശ്രീരാമന്റെ മാതാവ് കൗസല്യ കാശി രാജാവിന്റെ പുത്രിയായിരുന്നു. രാമായണത്തിലെ യുദ്ധകാണ്ഡത്തില്‍ ശ്രീരാമനും വാനരപ്പടയും ലങ്കയിലേക്കു പോകാനുള്ള സേതുബന്ധനം കഴിഞ്ഞ് ആ സ്ഥലത്തിനു രാമേശ്വരമെന്ന നാമധേയം അരുളിച്ചെയ്ത കാര്യം എഴുത്തച്ഛന് അധ്യാത്മ രാമായണത്തില്‍ പറയുന്നതിങ്ങനെയാണ്.
”സേതുബന്ധത്തിങ്കല്‍ മജ്ജനവും ചെയ്ത്
ഭൂതേശനാകിയ രാമേശ്വരനെയും
കണ്ടുവണങ്ങിപ്പുറപ്പെട്ടു ശുദ്ധനായ്
കുണ്ഠത കൈവിട്ടു വാരാണസിപുക്ക്
ഗംഗയില്‍ സ്നാനവും ചെയ്തു ജിതശ്രമം
ഗംഗാസലിലവും കൊണ്ടുവന്നാദരാല്
രാമേശ്വരന്നഭിഷേകവും ചെയ്തഥ
ശ്രീമല്‍ സമുദ്രേ കളഞ്ഞു തല്‍ഭാരവും
മജ്ജനം ചെയ്യുന്ന മര്ത്യനെന്നോട്
സായുജ്യം വരുമതിനില്ലൊരു സംശയം.”
നമ്മുടെ ഐതിഹ്യങ്ങളും കഥകളുമൊക്കെ കാശീവിവരണങ്ങള് നിറഞ്ഞതാണല്ലൊ. സ്കൂളില്‍ എന്റെ സഹപാഠിയായിരുന്ന രവീന്ദ്രനാഥന്‍ നായര്‍ കുടുംബസഹിതം കാശിയില്‍ പോയി വന്നശേഷം അവിടത്തെ വിശേഷങ്ങള്‍ പറഞ്ഞത് ഞങ്ങള്‍ കുട്ടികള്‍ മിഴിച്ചിരുന്നു കേള്‍ക്കുമായിരുന്നു. അയാളുടെ ജ്യേഷ്ഠന് അവിടത്തെ ഹിന്ദു സര്‍വകലാശാലയില്‍ പഠിക്കുകയായിരുന്നു. ആ ജ്യേഷ്ഠന് എസ്. സി. ശേഖര്‍ പില്ക്കാലത്ത്, ഞാന്‍ പ്രചാരകനായ വിവരം അറിഞ്ഞപ്പോള്‍ തന്റെ പഠനകാലത്തെ സുഹൃത്തുക്കളും സഹപാഠികളുമായിരുന്ന ഒട്ടേറെ സ്വയംസേവകരെപ്പറ്റി പറയുമായിരുന്നു. അക്കൂട്ടത്തില്‍ പിന്നീട് കേരളത്തിലെ സംഘപ്രവര്‍ത്തനത്തിലെ അഗ്രഗാമികളില്പ്പെട്ട ടി.എന്‍. ഭരതനേട്ടനും, കേരളത്തിലെ ആയുര്‍വേദ വകുപ്പിന്റെ തലവനായിരുന്ന ഡോ. കേശവന് നായരും പെട്ടിരുന്നു. കൂടുതല്‍ പരാമര്ശമാവശ്യമില്ലാത്തവിധം പ്രശസ്തനായിരുന്നല്ലോ ഭരതേട്ടന്. കേശവന് നായരാകട്ടെ ആദ്യമായി നാഗ്പൂരില്‍നിന്ന് പ്രചാരകനായി വന്നെത്തിയ ആള്‍ക്ക് ചിലരെ പരിചയപ്പെടുത്തിയെന്നതില് ഏറെ ഉപകാരമൊന്നും ചെയ്തില്ല. ദിവാന് സി.പി. രാമസ്വാമി അയ്യരെ മുഷിപ്പിക്കേണ്ട എന്നദ്ദേഹം തീരുമാനിച്ചിരിക്കും. വര്‍ഷങ്ങള്‍ക്കുശേഷം 1970 ല്‍ ചെറുതുരുത്തിയിലെ ആയുര്‍വേദ ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കാന്‍ മുതിര്‍ന്ന പ്രചാരകനും മഹാരാഷ്ട്രയിലെ ജനസംഘ സംഘടനാ കാര്യദര്‍ശിയുമായിരുന്ന രാംഭാവു ഗോഡ്ബോലേയുമൊത്ത് പോയപ്പോള്‍ ഡോ. കേശവന് നായരെ കാണുകയുണ്ടായി. ഗോഡ്ബോലെജിയുമായി കാശിയിലെ സംഘപരിചയം അദ്ദേഹം പങ്കുവച്ചു.
കാശിയെ പരാമര്‍ശിക്കാതെ നമുക്ക് ജീവിക്കാന്‍ സാധ്യമല്ല. നമ്മുടെ ജീവിതത്തെ അതത്രകണ്ട് സ്വാധീനിച്ചിരിക്കുന്നു. ഐതിഹ്യങ്ങളില്‍ എത്രയെണ്ണമാണു കാശിയുമായി ബന്ധപ്പെട്ടത്? പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാര്‍, തന്റെ പുരയില്‍ ഉണ്ടായ കയ്പ്പന് ചുരയ്ക്ക, തീര്‍ത്ഥാടനത്തിനു പോയ അഗ്നിഹോത്രിയുടെ കൈവശം ഗംഗയില്‍ മുക്കിക്കൊണ്ടു വരാന്‍ കൊടുത്തയച്ച കഥ പ്രസിദ്ധമല്ലേ? ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ കാലിച്ചെക്കന് മംഗലത്തു ശങ്കരന് പശുവിനെ മര്മ്മത്തിലിടിച്ചുകൊന്ന കഥയും ശ്രദ്ധേയമാണ്. കാശി സ്നാനമല്ലാതെ ഗോഹത്യാപാപത്തിനു പരിഹാരമില്ല എന്നു തമ്പ്രാക്കള്‍ പറഞ്ഞപ്പോള്‍ ശങ്കരന് പുറപ്പെട്ടു. എത്രയോ മാസങ്ങള്‍കൊണ്ടു കാശിയിലെ സ്നാനഘട്ടത്തിലെത്തി. കാശിസ്നാനംകൊണ്ടു പാപം തീര്ന്നാണോ ഇവര്‍ പോകുന്നതെന്ന് പാര്‍വതിക്കുണ്ടായ സംശയം പരമേശ്വരന് പരിഹരിക്കാന്‍ തീരുമാനിച്ചു. സ്നാനഘട്ടത്തില്‍ തീര്‍ത്ഥാടകരുടെ തിരക്കിനിടയില്‍ വൃദ്ധന്റെയും പത്നിയുടെയും രൂപത്തില്‍ ശിവപാര്‍വതിമാര്‍ കുളിക്കാനിറങ്ങി. വൃദ്ധന് മുങ്ങിയപ്പോള്‍ ആണ്ടുപോകുകയും വൃദ്ധ തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ മുറവിളി കൂട്ടുകയും ചെയ്തു. മംഗലത്തു ശങ്കരന് കുളിക്കാനിറങ്ങിയ സമയമായിരുന്നു അത്. പലരും വൃദ്ധനെ രക്ഷിക്കാന്‍ തുനിഞ്ഞപ്പോള്‍ പാപം തീര്ന്നവരേ അദ്ദേഹത്തെ തൊടാവൂ, അല്ലാത്തവരുടെ തലപൊട്ടിത്തെറിക്കുമെന്നു പത്നി വിളിച്ചുപറഞ്ഞു. എല്ലാവരും പിന്മാറി. ശങ്കരന് മൂന്നുമുങ്ങി പാപം തീര്ന്നുവെന്നുറപ്പു വരുത്തി ആളെ പിടിച്ചുകയറ്റി. എല്ലാവരും അവനെ പ്രശംസിച്ചു.
ഇങ്ങനെത്തെ കഥകള്‍ ഏറെയുണ്ടാകും. ശ്രീഗുരുജി ബിഎച്ച്യുവില് വിദ്യാര്‍ത്ഥിയായും അധ്യാപകനായും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. ഗംഗാനദി നീന്തിക്കടക്കുന്നതില് അദ്ദേഹം താല്പര്യമെടുത്തിരുന്നത്രേ. ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ഗംഗ നീന്തിക്കടക്കല്‍ നിത്യശീലമാക്കിയിരുന്നു.
നമ്മുടെ പതിനെട്ടു പുരാണങ്ങളിലും കാശി മാഹാത്മ്യം കാണാം. കാശിയുടെ മാത്രമല്ല മിക്ക തീര്‍ത്ഥ സ്ഥാനങ്ങളുടെയും വിവരങ്ങളുണ്ട്. ആധ്യാത്മികതയുടെ ഏറ്റവും വലിയ കേന്ദ്രമാണല്ലോ സഹസ്രാബ്ദങ്ങളായി ആ പുണ്യ നഗരി. ഭാരതത്തിലെങ്ങും കാശിയുടെ മാഹാത്മ്യമുള്ക്കൊള്ളുന്നുവെന്നും ഭക്തജനങ്ങള്‍ വിശ്വസിക്കുന്ന എണ്ണമറ്റ ക്ഷേത്രങ്ങളുണ്ട്. തമിഴ്നാട്ടിലെ തെങ്കാശി അതിന്റെ ഒന്നാന്തരം ഉദാഹരണമാകുന്നു. വൈക്കം ക്ഷേത്രത്തിനും ദക്ഷിണകാശി എന്നുവിളിപ്പേരുണ്ട്. കേരളത്തില്‍ തന്നെ എത്രയോ ക്ഷേത്രങ്ങള്‍ അത്തരത്തിലുണ്ട്. അതുപോലെ എല്ലാ ശിവക്ഷേത്രങ്ങളും കാശീധാമങ്ങള് തന്നെയാണ്.
കാശിയുടെ ഈ മഹിമ മനുഷ്യവാസമുള്ള സ്ഥലങ്ങളിലൊക്കെ ആയിരത്താണ്ടുമുമ്പെത്തിയിരുന്നു. അവിടങ്ങളിലും ശിവക്ഷേത്രങ്ങള്‍ ഉയര്ന്നുവന്നിരുന്നുവത്രേ. മെക്ക തന്നെ ശിവക്ഷേത്രമായിരുന്നുവെന്നും അവിടുത്തെ കാഅബ എന്ന പവിത്ര സ്ഥാനം മഹേശ്വരം എന്നറിയപ്പെട്ടിരുന്ന ശിവലിംഗമാണെന്നും ശക്തമായ വിശ്വാസം നിലനിന്നിരുന്നു. കാ അബയെ ആവരണം ചെയ്യുന്ന അങ്കി വാരാണസിയിലെ നെയ്ത്തുകാര്‍ നിര്മിച്ചതാവണമെന്ന നിഷ്ഠ ഇന്നും നിലനില്ക്കുന്നു. കാശി രാജാവായിരുന്നുവത്രെ അതു നെയ്യിച്ചയച്ചിരുന്നത്.
ഭാരതത്തെ ആക്രമിച്ച ആദ്യകാല ഇസ്ലാമിക യോദ്ധാക്കള്‍ ഇവിടത്തെ ക്ഷേത്രങ്ങളെ തകര്‍ക്കുക എന്നതവരുടെ മുഖ്യോദ്ദേശ്യമാക്കിയിരുന്നതായാണല്ലോ ചരിത്രം പറയുന്നത്. അതു മുഹമ്മദ് ഗസ്നിയായാലും മുഹമ്മദ് ഗോറിയായാലും മറ്റു നൂറുകണക്കിനാക്രമണകാരികളായാലും മാറ്റമില്ല. സിന്ധും പഞ്ചാബും കശ്മീരും മുതല്‍ കിഴക്കു ബംഗാള്‍ വരെയും തെക്ക് കന്യാകുമാരിക്കു അടുത്ത് പൂവാര്വരെയും അത് സത്യമായിരുന്നു.
ദല്‍ഹി കൈയടക്കി വാണ ഇസ്ലാമിക ഭരണാധികാരിമാരുടെ ധ്വംസനങ്ങളുടെ ദൃശ്യങ്ങള്‍ ഇന്നു സമൃദ്ധമായി കാണാന്‍ കഴിയുന്നു ഗസ്നിയോ ഗോറിയോ തുഗ്ലക്കോ മുഗളന്മാരോ ആരുമാകട്ടെ ധ്വംസിച്ച് ഇടിച്ചു നിരത്തിയ ആരാധനാലയങ്ങളുടെയും വിദ്യാപീഠങ്ങളുടെയും ശകലിതാവശിഷ്ടങ്ങള് ഭാരതം മുഴുവന്‍ ചിതറിക്കിടക്കുന്നതിന്നും കാണാം.
മുഗളന്മാര്‍ക്കുശേഷം പാശ്ചാത്യര്‍ വന്നു കൈവശപ്പെടുത്തിയ അധികാരവും സമ്പത്തും ലക്ഷക്കണക്കിന് സംസ്കാര കേന്ദ്രങ്ങളുടെ ധ്വംസനത്തിലൂടെയായിരുന്നല്ലൊ. ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യസമരം അവസാനിച്ചപ്പോള്‍, അവര്‍ക്ക് മുന്‍പത്തെ ആക്രമണകാരികള്‍ക്ക് രാജ്യത്തിന്റെ മൂന്നിലൊന്നും അനുഭവിക്കാന്‍ വിട്ടുകൊടുത്തവരായിരുന്നു നമ്മുടെ നേതാക്കള്‍. ഓര്‍മയ്ക്കപ്പുറമുള്ള കാലത്തേ, ഭക്തി ശ്രദ്ധാ കേന്ദ്രങ്ങള്‍ ധ്വസ്തമായ നിലയില്‍ തന്നെയാണ് സ്വതന്ത്രഭാരതമേറ്റെടുത്തത്. അവയെ പൂര്‍വകാല വൈഭവത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ പിന്നെ അധികാരമാളിയവര്ക്ക് നട്ടെല്ലുറപ്പുണ്ടായില്ല. ഭാരതീയ ജനതയുടെ ഭക്തിശ്രദ്ധാ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍ത്തന്നെ തുടരുന്നു. ജോതിര്ലിംഗങ്ങളിലൊന്നാമത്തെതായ സൗരാഷ്ട്രത്തിലെ സോമനാഥം സര്‍ദാര്‍ പട്ടേലിന്റെ ഉത്സാഹത്തില്‍ മതേതരന്മാരുടെ അനിഷ്ടത്തെ മറികടന്ന് ജീര്‍ണോദ്ധാരണം ചെയ്തു. ഇസ്ലാം വാഴ്ചക്കാലത്ത് അലഹബാദാക്കപ്പെട്ട പ്രയാഗപോലും അന്യവല്കൃതമായിത്തുടര്ന്നു. കാശിയാകട്ടെ പതിനേഴാം നൂറ്റാണ്ടില്‍ ഔറംഗസേബിന്റെ ആജ്ഞപ്രകാരം തകര്‍ക്കപ്പെട്ട വിശ്വനാഥക്ഷേത്രത്തിന്റെ കല്ലുകള്‍ തന്നെ ഉപയോഗിച്ച് തീര്‍ത്ഥക്കുളമായ ജ്ഞാനവിപിയില് മസ്ജിദ് നിര്‍മിച്ചു. കൃഷ്ണ ജന്മസ്ഥാനമായ മഥുരയില്‍ അവിടത്തെ ക്ഷേത്രം തകര്‍ത്ത് ഷാഹി മസ്ജിദ് കെട്ടിയുയര്‍ത്തി. കാശി, രാമജന്മസ്ഥാനം, കൃഷ്ണ ജന്മസ്ഥാനം എന്നീയിടങ്ങള്പോലും ഹിന്ദുക്കള്‍ക്കു സ്വതന്ത്രമായി ഉപയോഗിക്കാന്‍ അവസരം ലഭ്യമല്ലാതെയാണ് സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ടുകള്‍ കഴിഞ്ഞുപോയത്.
അപഥ ചാരണത്തിലായിരുന്ന സ്വതന്ത്രഭാരതത്തിന്റെ തിരുത്തലായി 2014 ല്‍ സ്വാതന്ത്ര്യാഭിമാനികളുടെ ഭരണമാരംഭിച്ചു. അതോടെ തുടക്കമായ തിരുത്തപ്പെട്ട രാഷ്ട്ര പ്രയാണം ശരിയായ ദിശയിലാണെന്ന് 2019 ല്‍ ഉറപ്പായതോടെ നേര്‍വഴി കണ്ടു തുടങ്ങി. 1948 ല്‍ നെഹ്റു സര്‍ക്കാരിനു പിണഞ്ഞ ആദ്യത്തെ പിഴവായ 370-ാം വകുപ്പു കൈക്കില കൂടാതെ തന്നെ, പാര്‍ലമെന്റിന്റെ ഇരുസഭകളും ചേര്‍ന്ന് ഭരണഘടനയില്‍ നിന്ന് എടുത്തുമാറ്റി. വിഭജനകാലത്ത്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പെട്ടുപോയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി പൗരന്മാര്ക്കു ഭാരതപൗരത്വം നല്‍കാനും നിയമം പാസ്സാക്കി.
2019 ലും നരേന്ദ്രമോദി തന്റെ നിയോജകമണ്ഡലമായി വാരാണസിയെ സ്വീകരിച്ചപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും പുരാതനവും അനശ്വരവുമായ കാശിയുടെ വികാസം തീര്‍ച്ചയായിരുന്നു. അതു സാക്ഷാല്കരിക്കപ്പെട്ടതാണ് ഗീതാ ജയന്തികൂടിയായ ഈ മാസത്തെ ഏറ്റവും പ്രധാന സംഭവം. അയോധ്യയും കാശിയും പ്രകാശമാനമായാല് മഥുരയുടെ കാര്യം വൈകുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: