തിരുവനന്തപുരം : പാര്‍ട്ടിക്ക് അകത്തുള്ളവരാണെങ്കില്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരും. കെ. റെയില്‍ പദ്ധതി വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച വിഷയത്തില്‍ ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. വിഷയത്തില്‍ പാര്‍ട്ടിക്കകത്തുള്ളവര്‍ സുധാകരനോട് വിശദീകരണം തേടുമെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ള ആളുകള്‍ ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. കോണ്‍ഗ്രസിനകത്തും അത്തരത്തിലുള്ള ആളുകളുണ്ട്. പക്ഷേ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരും. കോണ്‍ഗ്രസിന്റെ വൃത്തത്തില്‍ ഒതുങ്ങാത്ത ലോകം കണ്ട മനുഷ്യനാണ് ശശി തരൂര്‍. അപ്പോള്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപാടുകള്‍ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ല.
പക്ഷേ ആത്യന്തികമായി പാര്‍ട്ടി നയത്തോടൊപ്പം ഒതുങ്ങി നില്‍ക്കാനും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാനും സാധിക്കണമെന്നാണ് അദ്ദേഹത്തിനോടുള്ള കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന. വിഷയത്തില്‍ ശശി തരൂരിന്റെ പ്രതികരണം കൂടി ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കൂ.
കെ റെയില്‍ വിഷയത്തില്‍ ആഴത്തില്‍ പഠിച്ചാണ് പാര്‍ട്ടി നിലപാട് എടുത്തത്. ആ തീരുമാനത്തില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് പാര്‍ട്ടിയും മുന്നണിയും വിശ്വസിക്കുന്നത്. അതിനെ മറികടക്കാനുള്ള വാദം ശശി തരൂരിനുണ്ടോ ഇല്ലയോ എന്നത് നമുക്ക് നോക്കാം. അങ്ങനെ ഉണ്ടെങ്കില്‍ തെറ്റ് തിരുത്തുന്നതിന് പ്രശ്നമില്ലല്ലോ. ഇരിക്കുന്നിടം കുഴിക്കുന്നത് ഞങ്ങള്‍ അനുവദിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കോണ്‍ഗ്രസിലെ മറ്റ് നേതക്കളെപ്പോലെ വികസനത്തിന്റെ കാര്യത്തില്‍ തരൂരിന് നിഷേധാത്മക സമീപനമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടത്. തരൂര്‍ പറഞ്ഞതാണ് കേരളത്തിന്റെ പൊതുവികാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം പാര്‍ട്ടിയില്‍ വിമര്‍ശനം നേരിടുമ്പോഴാണ് സിപിഎം തരൂരിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കെ റെയില്‍ പദ്ധതി ആദ്യം കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ അത് സിപിഎമ്മിന്റെ കാലത്ത് നടപ്പിലാക്കുന്നതിലാണ് കോണ്‍ഗ്രസിന് പ്രശ്നം. കേരളത്തില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് തിടുക്കമില്ല. ഘടകകക്ഷികളുമായി ഉള്‍പ്പെടെ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. പദ്ധതിയെ കുറിച്ച് സംശയങ്ങള്‍ ഉന്നയിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക