ന്യൂദല്‍ഹി: കൊവിഡ് ബാധിച്ചു മരിച്ച നാല്‍പ്പതിനായിരത്തോളം പേര്‍ക്ക് നഷ്ട പരിഹാരം വിതരണം ചെയ്യാത്ത കേരള സര്‍ക്കാര്‍ നടപടിക്കെതിരേ നിശിത വിമര്‍ശനവുമായി സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അമ്പതിനായിരം രൂപയുടെ നഷ്ടപരിഹാരം സംസ്ഥാനത്ത് ഇതുവരെ വെറും 548 പേര്‍ക്ക് മാത്രമാണ് വിതരണം ചെയ്തതെന്ന കണക്കുകള്‍ പുറത്തുവന്നതാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വഴിവച്ചത്.
നഷ്ട പരിഹാര വിതരണത്തില്‍ ഗുജറാത്തിനെ മാതൃകയാക്കാനും സുപ്രീംകോടതി കേരളത്തോട് ആവശ്യപ്പെട്ടു. നഷ്ട പരിഹാരത്തിന് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ഒരാഴ്ചയ്ക്കകം ധനസഹായം നല്‍കണമെന്ന് ജസ്റ്റിസ് എം.ആര്. ഷാ, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഇതുവരെ 40,855 കൊവിഡ് മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് കേരള സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതില്‍ 10,777 പേരുടെ ബന്ധുക്കളാണ് നഷ്ട പരിഹാരത്തിന് അപേക്ഷിച്ചത്. അര്‍ഹതയുള്ളതായി കണ്ടെത്തിയത് 1948 പേര്‍ക്കാണ്. ബാക്കി അപേക്ഷകള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചു വരുന്നതേയുള്ളൂ. അര്‍ഹരായവരില്‍ 548 പേര്‍ക്ക് തുക കൈമാറിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം കേട്ടതോടെ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഒരാഴ്ചയ്ക്കകം അര്‍ഹരായ എല്ലാവര്ക്കും തുക കൈമാറാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.
നഷ്ട പരിഹാരം വിതരണം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. ഗുജറാത്ത് സര്‍ക്കാര്‍ ചെയ്ത മാതൃകയില്‍ നഷ്ടപരിഹാരം സംബന്ധിച്ച പരസ്യം മാധ്യമങ്ങളിലൂടെ നല്‍കണം. അടുത്ത തവണ കേസ് പരിഗണിക്കുന്നതിന് മുമ്പായി നഷ്ടപരിഹാരം സംബന്ധിച്ച പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരേ കേന്ദ്ര സര്‍ക്കാരും കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള കേരളം നഷ്ടപരിഹാരം സംബന്ധിച്ച് ഫയല്‍ ചെയ്ത സത്യവാങ്മൂലം അവ്യക്തമാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ചൂണ്ടിക്കാട്ടി. അര്‍ഹരായവരെ കണ്ടെത്തുന്നതിനായി കേരളത്തില്‍ ജില്ല, സംസ്ഥാന തലങ്ങളില്‍ രണ്ട് സമിതികളുണ്ടെന്ന് ഹര്‍ജിക്കാരനായ ഗൗരവ് ബന്‍സാല്‍ കോടതിയെ അറിയിച്ചു. അര്‍ഹരായവരെ ജില്ലാതല സമിതി കണ്ടെത്തുമ്പോള്‍ സംസ്ഥാന സമിതി അതെല്ലാം തള്ളിക്കളയുകയാണെന്നും ഹര്ജിക്കാരന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: